ശനിയാഴ്‌ച, ഒക്‌ടോബർ 31, 2009

കൊക്കിന്റെ ബിരിയാണി

കൊക്ക്‌ പറക്കുംവഴിയേ....എപ്പിസോഡ്‌-1


കൊക്ക്‌ നടക്കുന്നത്‌ കാണാനാണ്‌ ചന്തം....

നീണ്ടകഴുത്ത്‌ മുന്നോട്ടാഞ്ഞ്‌... കനം കുറഞ്ഞ ശരീരത്തെ ഒരു താളത്തില്‍ മുന്നോട്ട്‌ വലിച്ച്‌...പിന്നെ,വലതുകാല്‍പിന്നോട്ടെടുത്തുള്ള..ആ നടത്തം!!!

പക്ഷെ, കൊക്ക്‌ സാവധാനം നടക്കുന്നത്‌ വളരേ വിരളമാണ്‌..കാരണം കൊക്കിനു എപ്പോഴും തിരക്കായിരുന്നല്ലോ....

ക്ഷമിയ്ക്കണം, വായനക്കാര്‍ക്ക്‌ കൊക്കിനെ ശരിയ്ക്കും മനസ്സിലായില്ല അല്ലേ?.....

പാടശേഖരങ്ങളിലും...കുളങ്ങളിലും...ചെറുമീനുകളേ പിടിച്ചു നടക്കുന്ന വെളുവെളുപ്പന്‍ സുന്ദരന്‍ കൊക്കല്ല..ഈ കൊക്ക്‌...

ഇത്‌ സക്ഷാല്‍ കൊക്ക്‌!!!....

'കൊക്ക്‌മൊയ്തീന്‍'

'മൊയ്തീന്‍ക്കാ'യെ നാട്ടുക്കാര്‍ ഈ ഓമനപേരില്‍ വിളിയ്ക്കാനുള്ള കാരണം പ്രധാനമായും 'മൊയ്തീന്‍ക്കാ'യുടെ ആകാരസൗഷ്ഠവവും, കൊക്കിനോടൊക്കുന്ന നടനചാരുതയും തന്നെയായിരുന്നു...

പിന്നെ അവശ്യഘട്ടങ്ങളില്‍ രക്ഷപ്പെടാനായി 'മൊയ്തീന്‍ക്കാ' ഉപയോഗിക്കാറുള്ള 'മീന്‍പിടുത്തക്കാരന്‍ കൊക്കിന്റെ കൗശലവും....

ഈ 'വെള്ളിലാംകുന്ന്‌' ഗ്രാമത്തില്‍ 'കൊക്കിനെ' അറിയാത്തവരായി ആരുമുണ്ടാവില്ല... കാരണം ഏതെങ്കിലും കാര്യത്തിനായി എപ്പോഴെങ്കിലും, 'കൊക്കി'നെ സമീപിയ്ക്കാത്തവരായി ജീവിയ്ക്കാന്‍ കഴിയില്ല എന്നുള്ളതാണ്‌ സത്യം!!!

'കൊക്കിനെ'പ്പറ്റി ഒന്നുകൂടി വിശദീകരിച്ചു പറയുകയാണെങ്കില്‍.. നമ്മുടെ പഴയ 'മാമുക്കോയയുടെ'ഒരു രൂപസാദൃശ്യമില്ലേ എന്നൊരു സംശയം തോന്നാം..'ഇരുപതാം നൂറ്റാണ്ടിലേയും,'റാംജീ റാവ്‌ സ്പീക്കിങ്ങിലേയും' ആ പഴയ 'മാമുക്കോയ!!"...

ഈ രൂപസാദൃശ്യം 'കൊക്ക്‌ മൊയ്തീന്‍' പരമാവധി ഉപയോഗിക്കാനും ശ്രമിയ്കാറുണ്ട്‌..

'കൊക്ക്‌ മൊയ്തീന്‍' 'മാമുക്കോയയുടെ' ഒരു മുടിഞ്ഞ 'ഫാനു'മാണ്‌..അതുക്കൊണ്ടുതന്നെ ഒളിഞ്ഞും, തെളിഞ്ഞും 'മാമുക്കോയയുടെ' സംസാരശൈലികളും, ചേഷ്ടകളും. 'മൊയ്തീനില്‍' പ്രത്യക്ഷപ്പെടുന്നതില്‍ കുറ്റംപറയാനും ഇല്ല...

എന്നാലും 'മാമുക്കോയ' എത്രയോ സുന്ദരനാണ്‌ 'കൊക്ക്‌മൊയ്തീനു'മായി 'കമ്പയര്‍'ചെയ്യുമ്പോള്‍!!!

നാലാം തരം പാസ്സായ 'മൊയ്തീന്‍' പഠനം നിര്‍ത്താന്‍ കാരണങ്ങള്‍ പലതായിരുന്നു..

ബാപ്പയുടെ ആകസ്മിക വേര്‍പാട്‌..

സ്ഥലം'ചട്ടയായ' മൂത്ത ജേഷ്ഠന്‍...'ബീരാന്‍ കുട്ടിയുടെ' ചുമതലയിലായ്മ...

ഉമ്മയുടെ തലയിലായ കുടുംബ പ്രരാബ്ധങ്ങള്‍....

തനിക്കു താഴേയുള്ള രണ്ടു കുഞ്ഞനുജത്തിമാരോടുള്ള അതിരുകവിഞ്ഞ വാത്സല്യം!!!!!...

ജീവിയ്ക്കാന്‍ വേണ്ടി 'കൊക്ക്‌മൊയ്തീന്‍' കെട്ടാത്ത വേഷങ്ങളില്ല...


നാലാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയപ്പോള്‍ ഉമ്മയുണ്ടാക്കികൊടുക്കുന്ന 'വെള്ളേപ്പം'വില്‍പ്പനയില്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ആ കര്‍മ്മനിരത "ബ്രോക്കര്‍' പണിയിലും പാചകലയിലുമായി എത്തിനില്‍ക്കുന്നു...

രണ്ടു പെങ്ങന്മാരെ കെട്ടിച്ചയയ്ക്കലും,ഉമ്മയുടെ അസുഖങ്ങളും..കുടുംബപ്രാരാബ്ധങ്ങളും...ഒക്കെയായി ഒരു കുടുംബജീവിതം തുടങ്ങാന്‍ മാത്രം 'കൊക്ക്‌മൊയ്തീന്‍ക്കാ'യ്ക്ക്‌ സമയം കിട്ടിയതുമില്ല..

എന്നുവച്ച്‌ ഒരു നിത്യബ്രഹ്മചാരിയായി തുടരാനാണോ ഭാവം എന്നു ചോദിച്ചാല്‍..

"ന്‌ക്ക്‌ അങ്ങന്യോന്നും ഇല്ല്യാ.."

"പിന്നെ എല്ലാത്തിനും ഒരു സംയോം..കാലോം..ക്കെ ഇണ്ടല്ലോ?..."

എന്നായിരിക്കും 'കൊക്കിന്റെ' ഭവ്യതയോടെ ഉള്ള മറുപടി...


വളരെ സഹൃദയനായ 'മൊയ്തീന്‍ക്കാ'യ്ക്ക്‌ അതുകൊണ്ടുതന്നെ ലോകത്തുള്ള എല്ലാ വിവാഹിതരോടും ഒരു പക മനസ്സില്‍ ഇല്ലേ എന്ന്‌ എനിക്ക്‌ പലപ്പോഴും തോന്നാറുമുണ്ട്‌..

'മൊയ്തീന്‍ക്കാ' യുടെ വാക്കുകളില്‍ അറിയാതെ അതു പതഞ്ഞു പൊന്താറുമുണ്ടായിരുന്നു..

ബീഡിവലി...'മൊഞ്ചുള്ള' പെണ്ണുങ്ങളെ കണ്ടാല്‍ നിര്‍ദോഷമായ വായില്‍നോട്ടം..സങ്കടവും..സന്തോഷവും കൂടുതലായാല്‍.. ചാലക്കുടി'ഷാപ്പില്‍' പോകുക......പിന്നെ....'മാമുക്കോയയുടെ' പടം വന്നാല്‍ പറ്റാവുന്ന സ്പീഡില്‍ പോയി കാണുക..ഇത്രയൊക്കയേ ഉള്ളു 'മൊയ്തീന്‍ക്കായുടെ' ദൗര്‍ബ്ബല്യങ്ങള്‍ എന്നു പറയാനായിട്ട്‌!!!..


'കൊക്കിന്റെ' ബിരിയാണി!!!

അതിന്റെ 'ടെയിസ്റ്റ്‌' ഒന്നു വേറെതന്നെയാണ്‌!!!

 പാചകം ഒരു കലയാണ്‌ എന്ന്‌ എനിയ്ക്ക്‌ ശരിയ്ക്കും ബോധ്യമായത്‌ 'കൊക്കിന്റെ' ബിരിയാണി ഉണ്ടാക്കല്‍ കാണുമ്പോഴാണ്‌!!!

മസാലക്കൂട്ടുകളും, ഇറച്ചികഷണങ്ങളും, 'ബസുമതി' അരിയും എല്ലാം വെവ്വേറെ തയ്യാറാക്കി പാചകത്തിനായി ഒരുക്കിയ ബിരിയാണിച്ചെമ്പിലേയ്ക്ക്‌ ഒന്നൊന്നായി എടുത്തെറിയുകായാണ്‌ കൊക്കിന്റെ രീതി..

അതിനോടൊപ്പം ഒരോ 'കമെന്റും......"

"തിന്നട്ടെ നായിന്റെ മൊക്കള്‌....."

"എന്റമ്മച്ചിയേ..."

ആദ്യമായി കേട്ടപ്പോള്‍ എനിക്ക്‌ ഒരു വല്ലായ്മ തോന്നതിരുന്നില്ല.. കാരണം ഈ ബിരിയാണി ഞാനും കഴിയ്ക്കാന്‍ പോകുന്നതാണല്ലോ....

അപ്പോ "ഈ നായിന്റെ മൊക്കളില്‍..." ഞാനും പെടുമല്ലോ....എന്നൊരു വൈക്ലബ്യം എന്റെ മനസ്സിലും തേട്ടിവന്നു...

പിന്നെ പിന്നെ...അതു 'കൊക്കിന്റെ' ഒരു 'ശൈലി'മാത്രമാണെന്നും..മറ്റൊന്നും അതില്‍ ചിന്തിക്കേണ്ടതില്ലെന്നും ഞാന്‍ മനസ്സിനെ സമ്മതിപ്പിക്കുകയായിരുന്നു....

കാരണം, 'കൊക്കിന്റെ' അടിപൊളി ബിരിയാണി ഈയൊരു നിസ്സാര വിവാദപരാമര്‍ശത്താല്‍ ഉപേക്ഷിക്കേണ്ടതില്ലെന്നും.. .. ഞാന്‍ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി....

'കൊക്കിന്റെ' ചരിത്രത്തില്‍ ഏറ്റവും വേറിട്ടുനില്‍ക്കുന്ന 'ബിരിയാണി പ്രിപ്പറേഷന്‍" നടന്നത്‌ 'പരിശുദ്ധന്‍ കുരിയാക്കോസേട്ടന്റെ' താഴെയുള്ള മകള്‍ 'റീന'യുടെ കല്യാണത്തിനായിരുന്നു....

അന്നൊക്കെ,...ഏതു കല്യാണത്തിന്റേയും തലേ ദിവസം രാത്രിയാണ്‌ ഏറ്റവും രസകരം...

നാട്ടുകാരും..വീട്ടുകാരും ഒക്കെയായി ഒരു ഒത്തുചേരലായിരുന്നു..

ജീവിതത്തില്‍ വിരളമായി ലഭിയ്ക്കുന്ന ചില നല്ലമുഹൂര്‍ത്തങ്ങള്‍!!!

ഇന്നത്തെ 'റെഡി മെയിഡ്‌'കല്യാണങ്ങളുടേയും..ഭിക്ഷക്കാര്‍ക്കു ഭക്ഷണം കൊടുക്കുന്നതുപോലെയുള്ള..'ബുഫേ' കല്യാണങ്ങളുടേയും രീതിയില്‍നിന്നും..തികച്ചും വ്യത്യസ്തമായ... ഹൃദയങ്ങള്‍ തമ്മില്‍തമ്മില്‍ കുശലം പറയുന്ന ആ നല്ല ഒത്തുചേരലുകള്‍!!!

ഞാനും...ബഷീറും..ഉണ്ണിയും...ജോണിയും...വിന്‍സെന്റും....എല്ലാംകൂടി 'കൊക്കിനെ സഹായിക്കാനായി കൂടി..

സവാള അരിയലായിരുന്നു ഞങ്ങളുടെ ദൗത്യം...

അങ്ങോട്ടുമിങ്ങോട്ടും 'തോട്ടിയിടലും..'കാലുവാരലും..ഒക്കെയായി.. രസകരമായി സവാള അരിയല്‍ പുരോഗമിയ്ക്കുമ്പോഴായിരുന്നു 'പരിശുദ്ധന്‍ കുരിയാക്കോസേട്ടന്റെ'പെങ്ങളുടെ കുടുംബം കാറില്‍ വന്നിറങ്ങിയത്‌..

സ്വാഭാവികമായും എല്ലാവരുടേയും ശ്രദ്ധ അവരിലേയ്ക്കായി..

പക്ഷേ അസ്വാഭാവികമായ കാഴ്ച്ച 'കുര്യാക്കോസേട്ടന്റെ പെങ്ങളുടെ മൂത്ത മകള്‍ 'ഡെല്‍ഫി'യായിരുന്നു!!!!.

കാറില്‍നിന്നും ഇറങ്ങിയ ഉടനെതന്നെ..മുറ്റത്തെ പന്തലിലിരിയ്ക്കുന്ന ഒരാളുപോലും തന്നെ കാണാതെയിരിക്കരുത്‌ എന്നു കരുതിക്കൂട്ടിതന്നെയാണ്‌'ഡെല്‍ഫി'യുടെ പുറപ്പാട്‌!!!

നിറഞ്ഞ ശരീരത്തിന്റെ 'എബിസിഡി' പറ്റാവുന്നത്ര വെളിവാക്കി സാരിയുടുത്തുള്ള അവളുടെ പ്രകടനം!!!

ഞാന്‍ നോക്കുമ്പോള്‍ എലി പുന്നെല്ലുകണ്ടപോലെ 'കൊക്കിന്റെ' കണ്ണുകള്‍ അവളില്‍ തന്നെ!!!!.....

ഏതാണ്ട്‌ അരമണിക്കൂറുനേരത്തെ 'അത്യുജ്ജല പ്രകടന'ത്തിനുശേഷം വിജയശ്രീലാളിതയായി 'ഡെല്‍ഫി'വീടിന്റെ' മെയിന്‍ വാതിലിലൂടെ അകത്തേയ്ക്കു കയറിപോയി....

ഏറെനേരം ഓടിപ്പിച്ചു പിടിയ്ക്കാറായ പൂച്ച, തെങ്ങില്‍ ഓടിക്കേറിപോയപ്പോള്‍..താഴെ നിന്നു കിതച്ചുമുരളുന്ന നായയുടെ അവസ്ഥയായിരുന്നു അപ്പോള്‍ 'കൊക്കിന്റേത്‌'...

"തിന്നട്ടെ നായിന്റെ മൊക്കള്‌"

ഒരു ഇറച്ചിക്കഷണം കൂടി ബിരിയാണിച്ചെമ്പിലേയ്ക്കെറിഞ്ഞ്‌`'കൊക്ക്‌' തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തു..

ജോണി പുറകില്‍ ഇരുന്നു എന്തോ 'കമന്റും' പാസ്സാക്കി...

'കൊക്ക്‌' എന്തോ അതൊന്നും കേട്ടതായി നടിച്ചില്ല...

ഞങ്ങള്‍ 'സവാള അരിയല്‍ ദൗത്യം' പൂര്‍ത്തിയാക്കി, പുതുമണവാളനും, മണവാട്ടിയ്ക്കും ഇരിയ്ക്കാനുള്ള 'മണ്ഡപത്തിന്റെ' അലങ്കാരപ്പണിയില്‍ മുഴുകിയിരിയ്ക്കുന്നതിനിടയിലാണ്‌..മൂത്രശങ്കതീര്‍ക്കാന്‍ പുറത്തേയ്ക്കിറങ്ങിയ 'ഉണ്ണി'യുടെ നിലവിളി കേട്ടത്‌..

"അയ്യോ....'കൊക്ക്‌' കിണറ്റില്‍ വീണേ!!!!..

"ഓടിവായോ.........."

"കൊക്ക്‌ കിണറ്റില്‍ വീണേ!!!!!!!!!"

കേട്ടവര്‍ കേട്ടവര്‍ ഇറങ്ങിയോടി..

അഞ്ചു നിമിഷത്തിനുള്ളില്‍ 'കുരിയാക്കോസേട്ടന്റെ'വീടിന്റെ പടിഞ്ഞാറുവശത്തുള്ള പൊട്ടക്കിണറിനു ചുറ്റും ജനസമുദ്രമായി!!!..

പന്തലിനുള്ളിലെ നാലു 'പെട്രോള്‍ മാക്സ്‌ വിളക്കുകളും,പൊട്ടക്കിണറിനു ചുറ്റും നിരന്നു...

ഒരുകണക്കിനു തിക്കിത്തിരക്കി 'പൊട്രോള്‍ മാക്സിന്റെ' വെളിച്ചം അരിച്ചിറങ്ങുന്ന കിണറ്റിലേയ്ക്കുനോക്കി..

"എന്റമ്മച്ചിയേ..."

കഴുത്തൊപ്പം വെള്ളത്തില്‍ നനഞ്ഞുകുളിച്ച്‌ 'കൊക്ക്‌മൊയ്തീന്‍ക്കാ'!!!!!

"ങ്‌ളിബ്‌ടെ നിക്കാണ്ട്‌...പോയീന്‍...ബിരിയാണീന്റെ കാര്യം നോക്കീന്‍!!!.....

'ന്റെ..കാര്യം ഞമ്മള്‌..നോക്കീക്കോളാന്ന്‌!!!!...

'പോയീന്‍..പോയീ ബിരിയാണീന്റെ കാര്യം നോക്കീന്‍!!...

കിണറ്റിനുള്ളില്‍ 'കൊക്കിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു!!!!...."


ഒരുകണക്കിനു മുളയേണിയും... കയറും..ഒക്കെയായി 'നനഞ്ഞ 'കൊക്കിനെ' വലിച്ചു കിണറ്റില്‍കരയിട്ടു!!!...

അപ്പോഴും 'കൊക്ക്‌ ഒരേ പല്ലവിതന്നെ....

"ങ്‌ളിബ്‌ടെ നിക്കാണ്ട്‌...പോയീന്‍...ബിരിയാണീന്റെ കാര്യം നോക്കീന്‍!!!.....

'ന്റെ..കാര്യം ഞമ്മള്‌..നോക്കീക്കോളാന്ന്‌!!!!...

'പോയീന്‍..പോയീ ബിരിയാണീന്റെ കാര്യം നോക്കീന്‍!!...

എനിക്കെന്തോ 'കൊക്കിന്റെ' ഈ പറച്ചലില്‍ ഒരു പന്തികേടു തോന്നാതിരുന്നില്ല...

തിരക്കിനിടയില്‍ വേവുന്ന ബിരിയാണിച്ചെമ്പിനടുത്തെത്തിയപ്പോള്‍...

പാവം...'പരിശുദ്ധനായ കുരിയാക്കോസേട്ടന്‍ വെള്ളംകൂടി...പായസമായിമാറിയ..ബിരിയണിചെമ്പിനുമുന്നില്‍ ഇരുകൈകളും വിരിച്ചുപിടിച്ച്‌ പ്രാര്‍ത്ഥിയ്ക്കുകയാണ്‌..

"കാനായിലെ..കല്യാണവിരുന്നില്‍...

വെള്ളംവീഞ്ഞാക്കി മാറ്റിയ കര്‍ത്താവേ...

ഞങ്ങളുടെ..ഈ കല്യാണവിരുന്നിലും.... "

".............................."

എനിക്കെല്ലാം മനസ്സിലായി...

"കൊക്ക്‌ കൗശലക്കാരന്‍തന്നെ!!!!


ലേബലുകള്‍:

ചൊവ്വാഴ്ച, ഒക്‌ടോബർ 20, 2009

ഇലഞ്ഞിപ്പൂമണം പോലൊരു... പ്രണയകാലവും കഴിഞ്ഞ്‌!!!

'ക്ലാസ്സ്‌മേറ്റ്‌സ്‌' എന്ന ഹിറ്റ്‌ സിനിമയ്ക്കുശേഷം

പല കലാലയങ്ങളിലും,പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമങ്ങളും,

പഴയകാലസുഹൃത്തുക്കളെ തേടിപ്പിടിയ്ക്കലുമൊക്കെ വാര്‍ത്തകളായി

പത്രങ്ങളിലും,ടി.വി.ചാനലുകളിലുമൊക്കെ നിറഞ്ഞുനിന്നപ്പോള്‍ ഞാന്‍ നിരന്തരം ഓര്‍മ്മിയ്ക്കാറുള്ള സുഹൃത്തായിരുന്നു....

'മോഹന്‍ ചെമ്പകത്തറ'..

ഇതെന്താ പ്രശസ്തരായ എഴുത്തുക്കാരെപ്പോലെ ഒരു പേര്‌?... എന്നു സംശയം തോന്നുമായിരിക്കാം വായിയ്ക്കുന്നവര്‍ക്ക്‌...

ശരിയാണ്‌...

ആദ്യം പരിചയപ്പെട്ടപ്പോള്‍ ഞാനും ഈ സംശയം മോഹനോടു ചോദിച്ചിരുന്നു....

"എന്താ ആശാനെ..ആകെപേടിപ്പിച്ചു കളയുന്ന ഒരു പേര്‌?"

മോഹന്റെ മറുപടി പെട്ടെന്നായിരുന്നു..

"പേടിപ്പിക്കാനൊന്നും അല്ല മാഷെ... പ്രശസ്തനാവണമെന്ന ആഗ്രഹം മനസ്സില്‍ ഇല്ലാതില്ല.."

"കുറച്ചൊക്കെ കുത്തിക്കുറിക്കും..അവിടേയും ഇവിടേയുമായി,ചില്ലറ പ്രസിദ്ധീകരണങ്ങളില്‍ ചിലപ്പോഴൊക്കെ വെളിച്ചം കാണാറുമുണ്ട്‌..."

"ഇനി എന്നെങ്കിലും പ്രശസ്തനായാല്‍,പേരൊരു കുറവായി നിന്നുകൂടല്ലോ!!"

പിന്നെ..കണ്ണിറുക്കിയുള്ള ആ കുസൃതിച്ചിരി!!

സാഹിത്യത്തോടുള്ള താല്‍പര്യമാണ്‌ ഞങ്ങളെ രണ്ടുപേരേയും,സയന്‍സില്‍നിന്നും, ആംഗലേയസാഹിത്യശാഖയിലേയ്ക്ക്‌ വഴിത്തിരിച്ചുവിട്ടത്‌..

ജീവിതത്തിന്റെ വഴിത്തിരിവുകള്‍ എവിടെയൊക്കെയായിരിക്കും എന്ന്‌ ആലോചിയ്ക്കാന്‍പോലും കഴിയാത്ത ആ കാലഘട്ടത്തിന്റെ വ്യര്‍ത്ഥതയോര്‍ത്ത്‌ ഇന്നും മനസ്സില്‍ ഊറിച്ചിരിക്കാറുണ്ട്‌...

മോഹന്‍ തികച്ചും ഒരു 'ഇന്റ്രോവെര്‍ട്ട്‌ ക്യാരക്റ്റര്‍' ആയിരുന്നു..

ആരോടും അധികമിടപഴകാത്ത പ്രകൃതം..

താടിയും മുടിയും അല്‍പ്പം നീട്ടിവളര്‍ത്തി.. എണ്‍പതു തൊണ്ണൂറുകളിലെ 'കാമ്പസ്സ്‌ ഫാഷന്‍' ആയിരുന്ന 'ബുദ്ധിജീവി ലുക്ക്‌!!!'

പക്ഷെ, ഞാനുമായി ഒരു പ്രത്യേക അടുപ്പം തന്നെയുണ്ടായിരുന്നു മോഹന്‌...

ഒരു തരത്തില്‍ പറഞ്ഞാല്‍..ഞാനറിയാത്ത രഹസ്യങ്ങള്‍ മോഹനുണ്ടായിരുന്നില്ല എന്നു വേണം കരുതാന്‍...

അവസരത്തിലും, അനവസരത്തിലും, ദേശമംഗലം രാമകൃഷ്ണന്റേയും,കടമ്മനിട്ടയുടേയും കവിതാശകലങ്ങള്‍ അയവിറക്കുന്നവന്‍..

'നീഷെ'യുടേയും, ന്യൂട്ടന്റേയും,മാക്സിന്റേയും സിദ്ധാന്തങ്ങളേയും;ബൈബിള്‍ച്ചിന്തകളേയും....ഉപനിഷത്ത്‌ സൂക്തങ്ങളേയും. ഒരുപോലെ സ്നേഹിക്കുന്നവന്‍!!!

ഒരുതരത്തില്‍ പറഞ്ഞാല്‍ ഒരു ചെറിയ 'ബുദ്ധിജീവി' തന്നെ!!!

എന്നെങ്കിലും ഒരു ദിവസം അവനും പ്രശസ്തനാവുമെന്നും ഞാന്‍ എപ്പോഴും ചിന്തിക്കാറുണ്ട്‌...

തൃശ്ശൂര്‍ പബ്ലിക്‍ലൈബ്രറി...സാഹിത്യ അക്കാദമി വായനശാല..പൂരപ്പറമ്പിലെ, മാവിന്‍ച്ചോടും..മൃഗശാലയുടെ വിജനമായ കോണുകളും.. എല്ലാം... ഞങ്ങളുടെ സൗഹൃദം വളര്‍ന്ന വേദികളായിരുന്നു..

മനസ്സിലെഴുതിയതെല്ലാം തുറന്നുപറയുന്നതുവരെ എത്തി ഞങ്ങളുടെ സൗഹൃദം!!!

ശരത്ക്കാലത്തെ,അനുഭൂതിദായകമായ ഒരു വെള്ളിയാഴ്ച്ചയുടെ അന്തിമിനുക്കത്തിലിരുന്നാണ്‌ മോഹന്‍ തന്റെ, അസ്ഥിയില്‍പിടിച്ച പ്രണയം എനിക്കുമുന്നില്‍ അവതരിപ്പിക്കുന്നത്‌......

'മഞ്ജുവാര്യരുടെ' മുഖച്ഛായയുള്ള 'വര്‍ഷാമേനോന്‍!!!'

തൃശ്ശൂര്‍ 'സെന്റ്‌മേരീസ്‌ കോളേജില്‍ ഒന്നാം വര്‍ഷം 'മാത്‌സ്‌' വിദ്യാര്‍ത്ഥിനി....

മോഹന്റെ മുറപ്പെണ്ണ്‌!!!...

സുമതിടീച്ചറുടേയും, 'വില്ലേജ്‌ എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍' മാധവമേനോന്റേയും, ഏകമകള്‍!!!...

പഠിയ്ക്കാന്‍ മിടുമിടുക്കി!!!..പൂര്‍ണ്ണേന്ദുവിനേപോലെ പുഞ്ചിരിക്കുന്നവള്‍...

ഒറ്റനോട്ടത്തില്‍, ആരേയും ആകര്‍ഷിക്കുന്ന ഒരു സുന്ദരിക്കുട്ടി!!!

ആദ്യമായി 'വര്‍ഷ'യുടെ ഒരു 'ഫുള്‍സൈസ്‌ ഫോട്ടൊ' കാണിച്ചുത്തന്നീട്ട്‌ തെല്ലൊരഹങ്കാരത്തോടെയാണ്‌ മോഹന്‍ ചോദിച്ചത്‌...

"എങ്ങനെയുണ്ട്‌ നമ്മുടെ ലൈന്‍?..."

സത്യം പറഞ്ഞാല്‍ ഞാന്‍ ശരിയ്ക്കും 'വണ്ടറടിച്ചു ' നില്‍ക്കുകയായിരുന്നു!!!!

"നീ ഭാഗ്യവാന്‍ തന്നടോ മോഹന്‍!!!!!"

'ലൈന്‍' പോയിട്ട്‌.. അഞ്ചു മിനിട്ടു ഒരുമിച്ചിരുന്ന്‌ സംസാരിയ്ക്കാന്‍ ഒരു നല്ല പെണ്‍സുഹൃത്തിനെപ്പോലും ഒപ്പിച്ചെടുക്കാന്‍ കഴിയാത്ത ഞാന്‍ മോഹനെ തികച്ചും ആരാധനയോടെയാണ്‌പിന്നെ കാണാറുള്ളത്‌...

മിടുക്കന്‍ തന്നെ!!!!...ചെറിയ പ്രായത്തില്‍ തന്നെ എല്ലാം നേടിയിരിക്കുന്നു!!!..

ഇനി, പ്രശസ്തനാവാനുള്ള അവന്റെ മോഹങ്ങള്‍ക്കൂടി സഫലമായാല്‍..ജീവിതവിജയം പൂര്‍ണ്ണമായി!!

മോഹന്‍ അതു നേടുകത്തന്നെചെയ്യും!!!..

നല്ല നിശ്ചയദാര്‍ഡ്യമുണ്ട്‌ അവന്‌!!!!

മനസ്സിലുറപ്പിച്ചാല്‍പിന്നെ അതു നേടിയിരിക്കും!!!

'ഷേക്‍സ്പിയറും', എമേഴ്‌സണും, കീറ്റ്‌സും, റോബെര്‍ട്ട്‌ ഫ്രോസ്റ്റും...നിറഞ്ഞു നില്‍ക്കുന്ന ഞങ്ങളുടെ സായാഹ്നങ്ങളില്‍.. ഒരു 'കമേഴ്സിയല്‍ ബ്രേക്ക്‌' പോലെയായിരിക്കും വര്‍ഷാമേനോന്റെ വിശേഷങ്ങളിലേയ്ക്ക്‌ മോഹന്‍ ഊളിയിടുന്നത്‌...

മനോഹരമായ ഒരു പരസ്യച്ചിത്രത്തിന്റെ വര്‍ണ്ണപൊലിമയും, ആവര്‍ത്തനത്തിലും,മനസ്സിനെ പിടിച്ചെടുക്കാനുള്ള സവിശേഷചാരുതയും,മോഹന്റെ ആ വിവരണങ്ങള്‍ക്കുണ്ടായിരുന്നു!!!!

അങ്ങനെയായിരുന്നു അവരുടെ പ്രണയത്തിന്റെ ആഴവും പരപ്പും ഞാനറിഞ്ഞിരുന്നത്‌...

പുറത്തുക്കാണിച്ചില്ലെങ്കിലും, ഒരു പ്രണയത്തിന്റെ സുഖമൊന്നും അനുഭവിയ്ക്കാന്‍ യോഗമില്ലാതെപോയ എനിയ്ക്ക്‌ അതുകേള്‍ക്കാന്‍ അല്‍പം താല്‍പര്യവും ഉണ്ടായിരുന്നു..

മോഹനും അതു അറിയാമായിരുന്നുവെന്നാണ്‌ എന്റെ വിശ്വാസം... കാരണം.."നീ കേട്ടുകൊതിച്ചോ..." എന്നൊരു രീതി ചിലപ്പോഴെങ്കിലും എനിക്ക്‌ തോന്നാതിരുന്നീട്ടുമില്ല...

എന്തായാലും, അതു കേള്‍ക്കാതിരിയ്ക്കാനായി ഞാനൊന്നും ചെയ്തതുമില്ല,...

വര്‍ഷയുടെ വീടും, മോഹന്റെ വീടുംതമ്മില്‍ നാലുവീടിന്റെ അകലമെ ഉണ്ടായിരുന്നുള്ളു...

അച്ഛനമ്മമാരുടെ കണ്ണുവെട്ടിച്ച്‌ തരം കിട്ടുമ്പോഴൊക്കെ മോഹന്റെ വീട്ടില്‍ എത്തുമായിരുന്നു വര്‍ഷ...

പിന്നെ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന സന്ധ്യകള്‍!!!..സൗന്ദര്യപിണക്കത്തിന്റെ അപരാഹ്നങ്ങള്‍!!!!...

എല്ലാം...എല്ലാം..ഒരു സ്വപ്നാടനത്തിലെന്നപോലെ...മോഹന്‍ വിവരിക്കുന്നതും രസമായിരുന്നു...

വീട്ടുകാരുടെ മൗനസമ്മതമുള്ള ബന്ധമായിരുന്നതിനാല്‍ മറ്റുപ്രശ്നങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല...

എന്നാലും...ഒറ്റയ്ക്കുള്ള ഒത്തുചേരലുകള്‍....വിഷമംതന്നെയായിരുന്നുവെന്നാണ്‌ മോഹന്റെ പരാതി..

ഇലഞ്ഞിപ്പൂക്കളുടെ മനം മയക്കുന്ന സുഗന്ധത്തിന്റെ തീവ്രത മോഹനു മനസ്സിലാക്കികൊടുത്തത്‌ വര്‍ഷയായിരുന്നത്രെ!!!..

മോഹന്‍ അതു വിവരിച്ചതും,മനോഹരമായ ഒരു പ്രണയകാവ്യം പോലെ...

ഒരു വേനല്‍ക്കാല ഞായറാഴ്ച്ചസന്ധ്യയുടെ തുടുപ്പില്‍ പെട്ടെന്നായിരുന്നു ഇലഞ്ഞിപ്പൂക്കളുടെ മാസ്മരഗന്ധം മുറിയിലാകെ പടര്‍ന്നുകയറിയത്‌....

ഉറവിടമറിയുന്നതിനുമുന്‍പ്‌...ആരോ, പുറകില്‍നിന്നും കണ്ണുരണ്ടും പൊത്തികഴിഞ്ഞിരുന്നു!!!!..

ഒരുകൈനിറയേ ഇലഞ്ഞിപ്പൂക്കള്‍...

അത്‌ നാസികയിലേയ്ക്ക്‌ അമര്‍ത്തിപിടിച്ചിരിക്കുകയാണ്‌ പുറകില്‍നിന്നും വര്‍ഷ!!....

മനസ്സിലാക്കന്‍ ഒരു സെക്കന്റു വേണ്ടിവന്നു...

പിന്നെ, വെള്ളിക്കൊലുസ്സിന്റെ കിലുക്കം പോലെ പുറകില്‍ വര്‍ഷയുടെ ചിരി....

"പറയൂന്ന്‌...പറ... ആരാ കണ്ണുപൊത്തിയിരിക്കുന്നത്‌?....ആരാ കണ്ണുപൊത്തിയിരിക്കുന്നത്‌?...."

തികച്ചും മാസ്മരികമായ ഒരു അനുഭൂതിയായിരുന്നത്രെ മോഹനിലേയ്ക്ക്‌ പടര്‍ന്നുകയറിയത്‌!!!!....

അതുവരെയറിയാത്ത ദിവ്യാനുരാഗത്തിന്റെ സ്പര്‍ശം!!!..

വര്‍ഷയുടെ മൃദുവാര്‍ന്ന കൈവിരലുകളും..പുറകില്‍നിന്നും ശരീരത്തിലമരുന്ന അവളുടെ സ്നിഗ്ദതയാര്‍ന്ന നിമ്നോന്നതികളും.... സിരാതന്ത്രികളില്‍ പടരുന്ന ഇലഞ്ഞിപ്പൂക്കളുടെ മാസ്മരീകസുഗന്ധവും...എല്ലാം...എല്ലാം..മോഹന്റെ ഭാഷയില്‍ പറഞ്ഞാല്‍ അഭൗമീകമായ ഒരു അനുഭൂതി!!!!...

അന്നത്തെ ആദ്യാലിംഗനത്തിന്റെ മധുരം...അവരുടെ പ്രണയത്തെ തീവ്രമായ തലങ്ങളിലേയ്ക്ക്‌ വഴിതിരിച്ചു വിടുന്നാതായിരുന്നു!!!!

വലുതും ചെറുതുമായാ ഇത്തരം ഒട്ടേറെ മധുരമൂറുന്ന മുഹൂര്‍ത്തങ്ങളുമായി വളര്‍ന്നു വലുതായ പ്രണയത്തിന്റെ, ലാളിത്യവും, ചൂടും..വിങ്ങലുകളും...എല്ലാം...എനിയ്ക്കറിയുന്നതുപോലെ മറ്റാര്‍ക്കും അറിയുമായിരുന്നില്ല...

അല്ല..മറ്റൊരു തരത്തില്‍ പറഞ്ഞാല്‍..മോഹന്‍ എന്നോടു വിവരിച്ചു പറഞ്ഞിരുന്നപോലെ മറ്റാരോടും പറഞ്ഞിരുന്നില്ല എന്നതായിരുന്നു വാസ്തവം!!!

നാലഞ്ചുവട്ടം മോഹനുമൊരുമിച്ചു വര്‍ഷയെ കണ്ടുമുട്ടിയിട്ടുമുണ്ട്‌!!!..

സംസാരിയ്ക്കുമ്പോഴെല്ലാം മോഹന്‍ അവതരിപ്പിച്ചതിലും,വളരേയേറെ ലാളിത്യവും, സ്നേഹവായ്പ്പും ഉള്ള കുട്ടിയായിട്ടണ്‌ എനിയ്ക്കും തോന്നിയത്‌...

എല്ലാം...ലോകത്തില്‍ അപൂര്‍വ്വം ചിലര്‍ക്കുമാത്രം ലഭിച്ചേക്കാവുന്ന അനുഗ്രഹങ്ങളായിതന്നെ കരുതുകയും ചെയ്തു...

കോഴ്സ്‌ കഴിഞ്ഞുപിരിഞ്ഞതിനുശേഷം മോഹനെ കാണുന്നതു വളരെ വിരളമായിട്ടയിരുന്നു...

വല്ലപ്പോഴും പബ്ലിക്‌ ലൈബ്രറിയില്‍ വച്ചുകാണും...

അതിനിടയില്‍ ആനുകാലികങ്ങളില്‍ അവന്റെ ഏതെങ്കിലും രചനകള്‍ പ്രസിദ്ധീകരിച്ചുവന്നീട്ടുണ്ടെങ്കില്‍ ഒരുമിച്ചിരുന്നു വായിയ്ക്കും....

വിമര്‍ശനങ്ങളും...വിലയിരുത്തലുകളുമായി ഒരു ദിവസം....

പിന്നെ... സാഹിത്യ അക്കാദമിയ്ക്കു മുന്നിലുള്ള ഹോട്ടല്‍ 'വുഡ്‌ലാന്റ്‌സില്‍' നിന്നും ചായയും.. ഊണും...

ജീവിതത്തിലെ, ഏറ്റവും മനോഹരമായ വിദ്യാഭ്യാസകാലവും കഴിഞ്ഞ്‌....താല്‍ക്കാലികമായി കേരളത്തിന്റെ നിത്യവസന്തസ്മൃതികളോടു വേദനയോടെ വിടപറഞ്ഞപ്പോള്‍.... മോഹനുമായുള്ള സംഭാഷണങ്ങള്‍ മുറിഞ്ഞു...

പിന്നെ ജീവിതത്തിന്റെ വഴിപ്പിരിച്ചിലുകളും.. തിരക്കുപിടിച്ച വെക്കേഷന്‍ ദിനങ്ങളും... എല്ലാംകൂടി എനിയ്ക്ക്‌ മോഹനുമായുള്ള എല്ലാ ബന്ധങ്ങളും അറ്റുപോയി എന്നുതന്നെ പറയാം...

ജീവിതം,അതിന്റെ വഴികളിലൂടെ...നിലയ്ക്കാത്ത പ്രയാണം തുടരുമ്പോള്‍... ഒരു നിയോഗമെന്നോണം കൊഴിഞ്ഞുപോകുന്ന ബന്ധങ്ങളും.....മണ്മറഞ്ഞുപോകുന്ന സ്നേഹതുരുത്തുകളും..എല്ലാം...എല്ലാം..ജീവിതത്തിന്റെ അനിവാര്യതകളായിതന്നെ കാണാന്‍ പഠിച്ചു....

മണലാരണ്യത്തിന്റെ കൊടും ചൂടില്‍നിന്നും നാട്ടിലെത്തി, ജീവിതത്തിന്റെ പരമ പ്രധാനമായ വിവാഹമെന്ന വഴിത്തിരിവില്‍പോലും.. സമയമില്ലാതെ.. വിഷമിയ്ക്കേണ്ടിവരുന്ന പാവം ഗല്‍ഫുകാരന്റെ തിടുക്കത്തോടെതന്നെയാണ്‌ ഞാനും മോഹന്റെ വീട്ടില്‍ വിവാഹം ക്ഷണിയ്ക്കാനെത്തിയത്‌...

ഏറെക്കലത്തെ ഇടവേളയ്ക്കുശേഷം,മോഹന്റെ ജീവിതവിജയങ്ങളുടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ നേരിട്ടറിയാന്‍ തികച്ചും ഒരു കൊച്ചുകുഞ്ഞിന്റെ ആകാംഷയോടെയാണ്‌ വീടിന്റെ പടികള്‍ കയറിയത്‌...

പക്ഷെ...പ്രതീക്ഷകളെയെല്ലാം കീഴ്‌മേല്‍മറിയ്ക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ പൊള്ളുന്ന വേനല്‍ച്ചൂടുമായി..മോഹന്റെ വീട്ടുപടികള്‍ ഇറങ്ങുമ്പോള്‍..... ജീവിതത്തെക്കുറിച്ച്‌ അതുവരെയുണ്ടായിരുന്ന എല്ലാ കണക്കുക്കൂട്ടലുകളും തെറ്റിപ്പോയിരുന്നു!!!!!

ജീവിതത്തെ എങ്ങനെയാണു വിശദീകരിയ്ക്കുക?.....

എങ്ങനെയാണു'പ്ലാന്‍'ചെയ്യുക?....

മനസ്സു പരതുകയായിരുന്നു....

മോഹന്റെ വിവാഹം കഴിഞ്ഞിരിക്കുന്നു... ഒരു മോനും പിറന്നിരിയ്ക്കുന്നു!!!

പക്ഷെ.. വര്‍ഷാമേനോനുമയല്ല!!!!...

നഗരത്തിലെ വന്‍കിട ഹോട്ടലുടമയുടെ ഏകമകള്‍!!!!

'ശ്രീജ!!!'

തൃശ്ശൂര്‍ 'സെന്റ്‌ മെരീസ്‌ കോളേജില്‍' ഇംഗ്ലീഷ്‌ അദ്ധ്യാപിക!!

മോഹന്‍ സാഹിത്യരോഗമെല്ലാം മാറ്റി നല്ലൊരു ഹോട്ടലുടമയായിമാറിക്കഴിഞ്ഞിരുന്നു!!!...

വര്‍ഷാമേനോന്‍ കുരിയച്ചിറയില്‍ സ്കൂള്‍ അദ്ധ്യാപിക..ഭര്‍ത്താവ്‌ അവിടെത്തന്നെ ജോലിചെയ്യുന്ന മലയാളം അദ്ധ്യാപകന്‍...

'ഹരികൃഷ്ണന്‍'.... മാതൃഭൂമിയിലും,കലാകൗമുദിയിലും സ്ഥിരമായി നല്ല ചെറുകഥകളെഴുതി പ്രശസ്തനാവാന്‍ വെമ്പുന്ന യുവസാഹിത്യകാരന്‍!!!

ജീവിതത്തിന്റെ കുത്തൊഴുക്കില്‍.. മനുഷ്യമനസ്സുകളില്‍ വന്നുഭവിയ്ക്കുന്ന മാറ്റങ്ങളും..മറവികളും...മരവിപ്പുകളും..എനിയ്ക്ക്‌ പലപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയാതെപോകാറുണ്ട്‌!!!!

ഒരുപക്ഷെ.. ഞാന്‍ മാത്രമാവാം അമ്പരക്കുന്നത്‌...

വര്‍ഷയും, മോഹനും...എല്ലാം മറന്നുകാണും!!!..

ഇലഞ്ഞിപ്പൂവിന്റെ മാസ്മരികസുഗന്ധവും...ഹൃദയം പറിച്ചെടുക്കുന്ന പ്രണയ നൊമ്പരങ്ങളും...എല്ലാം...എല്ലാം!!!!!!

അതെ.'ക്ലാസ്സ്‌മേറ്റ്‌സ്‌'എന്ന ഹിറ്റ്‌ സിനിമയ്ക്കുശേഷം നടന്ന പല ഒത്തുചേരലുകളുടേയും വാര്‍ത്തകള്‍..എന്നെ തികച്ചും വിസ്മയപ്പിക്കുകയും.. ചിന്താധീനനാക്കുകയും ചെയ്തപ്പോള്‍... ഞാന്‍ വീണ്ടും..വീണ്ടും.. സ്മരിയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.....

ഇലഞ്ഞിപ്പൂമണം പൊഴിച്ച... ആ പഴയ പ്രണയകാലത്തെ....

വെറുതെ...വെറുമൊരു പകല്‍ക്കിനാവിന്റെ മനം മയക്കുന്ന സൗന്ദര്യമായിമാത്രം!!!!

വെള്ളിയാഴ്‌ച, ഒക്‌ടോബർ 16, 2009

ജനുവരിയുടെ ഓര്‍മ്മകളിലേയ്ക്ക്‌ വീണ്ടും.....

പുറത്തെ തണുപ്പില്‍ ശരീരം ശരിയ്ക്കും വിറയ്ക്കുന്നുണ്ട്‌..ഞാന്‍ കരുതിയ കമ്പിളിക്കുപ്പായങ്ങള്‍ മതിയായില്ലല്ലോ എന്നു മനസ്സു പറഞ്ഞു..

'ജനുവരിയുടെ' മരംകോച്ചുന്ന തണുപ്പില്‍ 'പാര്‍ളറിന്റെ' കാണ്ണാടിച്ചില്ലുകളിലൂടെ പുറത്തേയ്ക്കു നോക്കി..

വെളുവെളുത്ത ,മോര്‍ണിംഗ്‌ ഗ്ലോറി' കൊച്ചരിപല്ലുകള്‍ കാട്ടിച്ചിരിയ്ക്കാന്‍ തുടങ്ങിയതേ ഉള്ളു..

സ്വപ്നം പോലെ, പൊഴിയുന്ന മഞ്ഞിന്‍കണങ്ങള്‍..ഒരു ചിത്രകാരന്റെ വൈദഗ്ദ്യത്തോടെ പ്രകൃതിയെ വര്‍ണ്ണാഭമാക്കുകയാണ്‌..

അകത്തുനിന്നും മാര്‍ബിള്‍ക്കല്ലില്‍പതിയുന്ന ചുറ്റികയടിയുടെ താളാത്മകത!!

അപ്പനോടൊപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്‌ 'മൈക്കിള്‍ എയ്ഞ്ചലോ'യുടെ പണിപ്പുരയ്ക്കരികിലാണെന്ന്‌ വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല!!.

സ്നേഹവായ്പ്പും,സംരക്ഷണവും നിറഞ്ഞ അപ്പന്റെ കരുതല്‍കയ്യിനു കീഴെ 'മൈക്കിള്‍ എയ്ഞ്ചലോ'യ്ക്കടുത്തെത്തുമ്പോള്‍ എന്റെ മനസ്സു ശരിയ്ക്കും ത്രസിക്കുകയായിരുന്നു..

മഹാനായ ആ 'രാജശില്‍പ്പിയെ' കണാന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും മതിമറന്നു നിന്നു പോയി..

സ്വപ്നസാഫല്യംപോലെ... ഗുരുമുഖത്തെത്തിയ ശിഷ്യന്റെ നിര്‍വൃതിദായകമായ നിമിഷങ്ങള്‍ പോലെ.. എന്നില്‍ നിറയുന്ന സന്തോഷാധിരേകം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.....

എനിക്ക്‌ അപ്പനോടുള്ള ബഹുമാനം ആകാശംമുട്ടെ ഉയര്‍ന്നു..

അപ്പന്‍ കൂടെയില്ലായിരുന്നെങ്കില്‍ എനിക്ക്‌ ഈ മഹാഭാഗ്യം ലഭിക്കുമായിരുന്നല്ലോ...

മഞ്ഞുപോലെ വെളുത്ത 'ഇറ്റാലിയന്‍ വെണ്ണക്കല്ലില്‍, ഒരു കവിതപോലെ 'പിയത്താ!!'...

കാലത്തെ വെല്ലുന്ന പ്രതിഭയുടെ വെളുത്ത ചിറകുകള്‍!!!

"ദൈവമേ..നിന്റെ സൃഷ്ടിചാരുതയെ വെല്ലുന്നപോലൊരു മനുഷ്യപ്രതിഭയോ?"

ഞാന്‍ ഇടറുന്ന കാല്‍വെപ്പുകളുമായി ആ മഹത്തായ കലാസൃഷ്ടിയേയും,മഹാനായ ആ രാജശില്‍പ്പിയേയും അല്‍പ്പം അകലെനിന്നാണെങ്കിലും,മനസ്സാ നമസ്ക്കരിച്ചു..

ഞങ്ങള്‍ 'പാര്‍ലറില്‍'നിന്ന്‌ 'ശ്രദ്ധിക്കുന്നതൊന്നും 'എയ്ഞ്ചലോ' അറിഞ്ഞീട്ടില്ല!!

ഒരു സ്വപ്നാടകനെപ്പോലെ സൃഷ്ടിയില്‍ മുഴുകിയിരിക്കുകയാണ്‌ 'എയ്ഞ്ചലോ'!!..

സൂര്യനസ്തമിക്കാത്ത റോമാസാമ്രാജ്യത്തില്‍, സ്നേഹമെന്ന ഓരേയൊരു ആയുധം മാത്രമായി..സമൂഹ്യപരിവര്‍ത്തനത്തിനിറങ്ങിയ ചരിത്രപുരുഷനായ 'യേശുദേവന്റെ മൃതമായ ഭൗതീക ശരീരം ഒരു നിശ്ശബ്ദവിലാപം പോലെ മടിയില്‍ കിടത്തിയ കന്യാമേരിയുടെ മനോഹര ശില്‍പ്പം!!!

"ദ ഗ്രേറ്റ്‌ ആര്‍ട്ടിസ്റ്റ്‌സ്‌' എന്ന ആര്‍ട്ട്‌സീരീസ്‌ മാസികയില്‍ 'മൈക്കിള്‍ എയ്ഞ്ചലോ' എന്ന മഹാപ്രതിഭയുടെ താളുകള്‍ കണ്ട്‌ വിസ്മയഭരിതമായ തന്റെ കൗമാരം...

മനുഷ്യശരീരത്തിന്റെ, കൃത്യമായ അളവുകളും അതിസൂക്ഷ്മമായ 'ഘടനാവൈഭവവും' ശില്‍പ്പകലയില്‍ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്‌ മനസ്സിലാക്കിയത്‌ "എയ്‌ഞ്ചലോ'യില്‍ നിന്നായിരുന്നു!!

മനുഷ്യശരീരത്തിലെ ഓരോ 'ധമനികള്‍' പോലും തെറ്റാതെ ആലേഖനംചെയ്യാന്‍ 'മൈക്കിള്‍ എയ്ഞ്ചലോ' മറന്നില്ലല്ലോ!!!

ശില്‍പ്പകലയുടെ എല്ലാ 'തിയറിയും' 'പിയത്താ'യില്‍ ഉണ്ട്‌ എന്നാണ്‌ അപ്പന്‍ എപ്പോഴും പറയാറുള്ളത്‌!

കലയില്‍ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങള്‍ത്തന്നെയാണ്‌ ഏറ്റവും പ്രധാനപ്പെട്ടതെന്നുമുള്ള 'എയ്ഞ്ചലോ ഫിലോസഫിയും' നിറഞ്ഞുനില്‍ക്കുന്നു 'പിയത്താ'യില്‍.!!!

പക്ഷെ കന്യാമേരിയുടെ വസ്ത്രാലങ്കാരം അല്‍പംകൂടുതല്‍ ആയോ എന്ന്‌ എന്റെ മനസ്സില്‍ എപ്പോഴും ഒരു ചോദ്യം ഉയരാറുണ്ട്‌..

എന്നാല്‍ 'യേശുവിന്റെ' ശില്‍പ്പചാരുത ശരിയ്ക്കും എടുത്തുകാണിയ്ക്കാന്‍ അത്‌ കാരണമാകുന്നു എന്ന തിരിച്ചറിവ്‌ എന്നെ 'എയ്ഞ്ചലോ'യോടുള്ള ആരാധന ഏറെ ഉയര്‍ത്താന്‍ കാരണമാക്കി.

അപ്പനുമായുള്ള സംഭാഷണങ്ങളില്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്ന ഒരു സന്ദേശമുണ്ടായിരുന്നു....

ഒരു യഥാര്‍ത്ഥ കലാകാരന്‍ വിനീതരില്‍ വിനീതനായിരിക്കണം.

ഒരു ശിശുവിന്റെ കൗതുകത്തോടെ.. മുന്‍വിധികളൊന്നുംകൂടാതെ എന്തിനേയും വീക്ഷിക്കാനുള്ള മനസാന്നിധ്യം ആര്‍ജ്ജിക്കണം....

എപ്പോഴും സത്യത്തോട്‌ ചേര്‍ന്നു നില്‍ക്കാന്‍ പരിശ്രമിക്കണം

സത്യമാണ്‌ സൗന്ദര്യം! സൗന്ദര്യം തന്നെ സത്യവും എന്നെല്ലാം!!!

പക്ഷെ, അത്‌ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ തനിയ്ക്ക്‌ കഴിയാറില്ലെന്നും എനിയ്ക്കുത്തന്നെ ബോധ്യമായിരുന്നു..

പക്ഷെ,ഇപ്പോള്‍ വിയാന്വിതനായ.'എയ്ഞ്ചലോ'യെ നേരില്‍ക്കാണാന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും അപ്പന്റെ ഉപദേശങ്ങളുടെ പൊരുള്‍ മനസ്സിലാക്കുകയായിരുന്നു...

കാഴ്ച്ചയില്‍ വിരൂപനായ 'എയ്ഞ്ചലോ' ഒരിയ്ക്കല്‍പോലും സ്വന്തം ശരീരത്തിന്റെ രൂപഭംഗിയില്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്നുവേണം കരുതാന്‍..

വെട്ടിയൊതുക്കാത്ത പാറിപ്പറന്ന തലമുടി....

അശ്രദ്ധമായി വളര്‍ന്ന താടിയും മീശയും....

ലോകത്തിന്റെ എല്ലാ സൗന്ദര്യവും തേടിയലയുന്ന തീക്ഷ്ണമായ കണ്ണുകള്‍!!!!

ഒരു യഥാര്‍ത്ഥ കലകാരന്‍ കലയുടെ ഔന്നിത്യങ്ങള്‍തേടി അലയുമ്പോള്‍തന്റെ ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍പോലും മറന്നുപോകുന്നു എന്നതിനുള്ള ഉദാഹരണമായി അപ്പന്‍ എപ്പോഴും 'മൈക്കിള്‍ എയ്ഞ്ചലോ'യെ ചൂണ്ടിക്കാണിയ്ക്കാറുണ്ടായിരുന്നു...

ലോകം കണ്ട ശില്‍പ്പികളില്‍ എറ്റവും മുമ്പനായിരുന്ന 'എയ്ഞ്ചലോ'...വിവാഹം കുടുംബം എല്ലാം തന്റെ കലാസപര്യതന്നെ എന്ന്‌ സ്വയം തിരിച്ചറിഞ്ഞു...

ഈ തിരിച്ചറിവ്‌ സ്വയം ആര്‍ജ്ജിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഒരു കലാകാരന്റെ വിജയവും!!

ആധുനീകലോകത്തെ കലാസപര്യകള്‍ വെറും സാമ്പത്തിക ലാഭത്തിനായുള്ള വ്യാപാരങ്ങള്‍ മാത്രമായി ചുരുങ്ങുമ്പോഴാണ്‌ ഒരു യഥാര്‍ത്ഥ കലാകാരന്റെ വ്യക്തിപ്രഭാവം ശരിയ്ക്കും വ്യക്തമാക്കപ്പെടുന്നത്‌!!!

മനോവ്യാപാരങ്ങളുടെ പെരുമഴയ്ക്ക്‌ വിരാമമെന്നോണം മാനം തെളിഞ്ഞു!!

അംഗലാവണ്യം നിറഞ്ഞൊഴുകുന്ന ഒരു തരുണീമണി ആരേയും ആകര്‍ഷിക്കുന്ന നടനചാരുതയോടെ 'എയ്ഞ്ചലോയ്ക്കടുക്കലേയ്ക്കെത്തി..

വിശ്വശില്‍പ്പിയുടെ കരവിരുതില്‍ മനോഹരമായി കടഞ്ഞെടുത്ത ജീവന്‍തുടിക്കുന്ന ഒരു വെണ്ണക്കല്‍ശില്‍പ്പം!!

ഈ സുന്ദരീശില്‍പ്പം ഇനി 'എയ്ഞ്ചലോ'യുടെ 'മോഡലോ'മറ്റൊ ആവുമോ?..

എന്റെ മനസ്സില്‍ സംശയങ്ങളുടെ പെരുമഴ വീണ്ടും പെയ്തുതുടങ്ങി..

ഇളംറോസ്‌ നിറത്തില്‍ 'ഇറ്റാലിയന്‍ ഫാഷനിലുള്ള' ആ 'ഫുള്‍ഗൗണില്‍'ഒരു മാലാഖയേപ്പോലെ ആ സുന്ദരി!! 'എയ്ഞ്ചലോ'യുടെ ഓരോ ചലനങ്ങളേയും ഇമ വെട്ടാതെ നോക്കിനില്‍ക്കുകയണ്‌..

തികഞ്ഞ ആരാധനയോടെയുള്ള അവരുടെ അംഗചലനങ്ങള്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു..

ഒരു കാര്യം വ്യക്തമായി അവള്‍ 'എയ്ഞ്ചലോയെ' അതിരുകവിഞ്ഞു ബഹുമാനിക്കുന്നുണ്ട്‌!!!

അവളുടെ കരിനീലക്കണ്ണുകളിലെ തൂക്കുദ്യാനങ്ങള്‍!!..നിറഞ്ഞ തൂമന്ദഹാസത്തിലെ മുല്ലമൊട്ടുകള്‍!!!...നിറമാറിലെ തുളുമ്പുന്ന വീഞ്ഞുകുടങ്ങള്‍!!... എല്ലാം....എല്ലാം ... അവള്‍ക്ക്‌ 'എയ്ഞ്ചലോ'യോടുള്ള ആരാധനയുടെ ആഴങ്ങള്‍ എനിയ്ക്കു മനസ്സിലാക്കിത്തരുന്നുണ്ട്‌!!...

വളരെയേറെ സമയം ആ സുന്ദരീശില്‍പ്പം 'എയ്ഞ്ചലോ'യ്ക്കടുത്തായി നിലകൊണ്ടു...

'എയ്ഞ്ചലോ,യില്‍നിന്നും എന്തിനോവേണ്ടികാത്തുനില്‍ക്കുന്നപോലെയുള്ള ആ സുന്ദരിയുടെ ശരീരഭാഷ എനിയ്ക്ക്‌ ശരിയ്ക്കും മനസ്സിലായി....

'എയ്ഞ്ചലോ'യുടെ ചുറ്റികയടിയുടെ താളാത്മകമായ ചലനങ്ങള്‍ക്കൊപ്പം താളംപിടിച്ചിരുന്ന ആ സുന്ദരമായ കാല്‍പാദങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നു...

എന്നാല്‍,എന്നെ ശരിയ്ക്കും വിസ്മയിപ്പിച്ചത്‌ 'എയ്ഞ്ചലോ' ഈ സുന്ദരിയുടെ സാമീപ്യംപോലും അറിഞ്ഞീട്ടില്ല എന്നുള്ളതാണ്‌!!!

മനസ്സിലൂറുന്ന ഭാവനയുടെ തേന്‍ത്തുള്ളികള്‍ സൃഷ്ടിയിലേയ്ക്ക്‌ പകരുമ്പോള്‍.എന്തെന്നില്ലാത്ത ഒരു നിര്‍വൃതിയാണ്‌ ഒരു യഥാര്‍ത്ഥ കലാകാരന്‍ അനുഭവിക്കുന്നതെന്നും....
അവന്‍ ചുറ്റുപാടുകളില്‍നിന്നും വേര്‍പ്പെട്ട്‌ തന്റേതുമാത്രമായ ഒരു ലോകത്തെത്തിപ്പെടുന്നുവെന്നും...അപ്പോള്‍മാത്രമാണ്‌ ഒരു യഥാര്‍ത്ഥകലാസൃഷ്ടിരൂപംകൊള്ളുന്നതെന്നും എനിക്കുമനസ്സിലാക്കിത്തരികയായിരുന്നു 'എയ്ഞ്ചലോ'!!!!

ഒരു 'റിയാലിറ്റി ഷോ' യില്‍ പങ്കെടുത്താല്‍തന്നെ താനൊരു മഹാനായ കലാകാരനായി എന്നു സ്വയം വിശ്വസിക്കുന്ന ആധുനീക കലാകാരന്മാരില്‍നിന്നും എത്രയോ അകലെയാണ്‌ യഥാര്‍ത്ഥ കല എന്ന തിരിച്ചറിവിലേയ്ക്കും ആ ദൃശ്യം എന്നെ നയിച്ചു..

കുറേ നേരത്തെ വ്യര്‍ത്ഥമായ കാത്തിനില്‍പ്പിനു ശേഷം നമ്രമുഖിയായ ആ സുന്ദരിയുടെ തിരിച്ചുപോക്ക്‌..എനിക്ക്‌ മറ്റൊരു വലിയ പാഠം കൂടി പറഞ്ഞുതരികയായിരുന്നു...

വെറും ലൗകീക പ്രലോഭനങ്ങളിലും...സമ്പത്തിന്റെ തിളക്കത്തിലും മയങ്ങുന്നവനല്ല ഒരു യഥാര്‍ത്ഥ കലാകാരന്‍ എന്നും!!...

പെയ്തിറഞ്ഞുന്ന മഞ്ഞില്‍നൂലുകള്‍ക്കിടയില്‍ അലിഞ്ഞുപോയ ആ സൗന്ദര്യധാമത്തില്‍ മതിമറന്നു നിന്നുപോയ എന്റെ തോളില്‍ ആ സ്നേഹശ്പര്‍ശം......

മോനെ"നീ കണ്ടിരുന്നോ?..എയ്ഞ്ചലോയുടെ അരികില്‍ നിന്നിരുന്ന ആ സുന്ദരിയെ?...

"ഉവ്വ്‌"

അല്‍പം ജാള്യതയോടെ ഞാന്‍ തലകുലുക്കി..

"അവളാണ്‌ 'ഏയ്ഞ്ചലോ'യുടെ പിറകെ വിവാഹാഭ്യര്‍ത്ഥനയുമായി നടന്നിരുന്ന പ്രശസ്തയായിരുന്ന അഭിനേത്രി..."

വിരൂപനായ 'എയ്ഞ്ചലോ'യെ അവള്‍ വിവാഹം കഴിക്കാനൊരുങ്ങിയതിനുള്ള കാരണം എന്താണെന്നറിയാമോ?..

"അവളുടെ സൗന്ദര്യവും, മഹാനായ 'എയ്ഞ്ചലോ'യുടെ ബുദ്ധിസാമര്‍ത്ഥ്യവും ഒത്തിണങ്ങിയ ഒരു കുഞ്ഞ്‌!!!..അതായിരുന്നു അവളുടെ സ്വപ്നം..."

'എയ്ഞ്ചലോ' അവള്‍ക്കു കൊടുത്ത മറുപടി എന്താണെന്നറിയാമോ?..

പരിചിതമായ ആ പാതിപുഞ്ചിരിയില്‍ അപ്പന്റെ കുസൃതിചോദ്യം..

എന്റെ കണ്ണുകളിലേയ്ക്കുതന്നെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്ന പിതാവിന്റെ കണ്ണുകളില്‍നിന്നും രക്ഷപ്പെടാനാവതെ ഞാന്‍ കുഴങ്ങി.. ഞാന്‍ തോല്‍വി സമ്മതിച്ചു..മുഖം കുനിച്ചു..

"നേരെ തിരിച്ചായാലോ?..."എന്ന്‌!!!

'എയ്ഞ്ചലോ'യുടെ സൗന്ദര്യവും..അവളുടെ ബുദ്ധിയും കൂടിയുള്ള ഒരു കുഞ്ഞാണ്‌ ഉണ്ടാവുന്നതെങ്കിലോ...?"എന്ന്‌..

അപ്പന്റെ അളന്നുമുറിച്ചുള്ള പുഞ്ചിരി വീണ്ടും...

അപ്രതീക്ഷിതമായി ഒരു 'ഷോക്ക്‌'കിട്ടിയ അനുഭവം!!!..

കണ്ണുകള്‍ തിരുമ്മിത്തുറന്നു നോക്കിയപ്പോള്‍ ചുറ്റും കൂരിരുട്ടായിരുന്നു....ഒരു വിധത്തില്‍ 'ടേബിള്‍ ലാമ്പി'ന്റെ 'സ്വിച്ചോണാക്കി..

നേരിയ പ്രകാശത്തില്‍..'ബുക്ക്‌ഷെല്‍ഫിനുമുകളിലായി' സ്നേഹപൂര്‍വം പുഞ്ചിരിക്കുന്ന അപ്പന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോ...

ചില്ലിന്റെ മഞ്ഞുപാളികള്‍ക്കുള്ളിലൂടെ അപ്പന്‍ വീണ്ടും എന്നെനോക്കിച്ചിരിക്കുകയാണെന്നു എനിക്കു തോന്നി...

അതോ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കാപട്യകലയെ കൊച്ചാക്കി ചിരിക്കുയായിരുന്നോ!!!!....

ശിശുസഹജമായ മനസ്സോടെ കലാസപര്യമാത്രം നടത്തി കടന്നുപോയ തന്റെ പിതാവ്‌.....

സ്വാര്‍ത്ഥലാഭങ്ങള്‍ക്കുമാത്രമായുള്ള കലയുടെ ദുരുപയോഗം എന്നെ ഒര്‍മ്മപ്പെടുത്തുകയായിരുന്നോ?!!.......

ജനുവരിയുടെ തണുത്ത പ്രഭാതം എന്നെ കിടക്കയില്‍ത്തന്നെ പുതച്ചുമൂടികിടക്കാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചുക്കൊണ്ടിരുന്നു..

പെട്ടെന്ന്‌ ഓര്‍മ്മയുടെ തിരികള്‍ പതുക്കെ തെളിയാന്‍ തുടങ്ങിയാപ്പോള്‍...ചാടിയെഴുന്നെറ്റു..

ഇന്ന്‌ ജനുവരി പന്ത്രണ്ട്‌!!..

അപ്പന്റെ വേര്‍പാടിന്‌ ഇന്ന്‌ പതിനേഴു വയസ്സുതികയുന്നു..

കരുതലിന്റെ ഒരു കരംപോലെ....
കിനാവിന്റെ ലോലതന്ത്രികളായിപോലും..തനിക്ക്‌ നന്മ നേരുന്ന സ്നേഹവായ്പ്പിനുമുന്നില്‍ മനസ്സൊരു വലംപിരിശങ്കായിമാറുകയായിരുന്നു....