ചൊവ്വാഴ്ച, മേയ് 25, 2010

മനസ്സൊഴുകുംവഴി..

പ്രേമിക്കുന്നെങ്കില്‍ അത്‌ രാജേഷിനെ പോലെയായിരിക്കണം എന്നായിരുന്നു പ്രീഡിഗ്രി ക്ലാസ്സിലെ ഭൂരിപക്ഷാഭിപ്രായം..

'ടീന്‍ എയ്‌ജിന്റെ' വകതിരിവില്ലാത്ത ചിന്തയായിമാത്രമേ എനിയ്ക്കതിനെ കാണാന്‍ കഴിഞ്ഞുള്ളു..എന്നാലും എതിര്‍ക്കാന്‍പോയില്ല കാരണം ചിലപ്പോള്‍ എനിക്കുമാത്രമേ ഇത്തരത്തിലുള്ള ഒരു എതിര്‍ചിന്ത ഉണ്ടായിരുന്നുള്ളൂ എങ്കിലോ?.

പ്രേമത്തിന്റെ നാലയലത്തുപോലും പോവാത്ത ഈ ഞാനെന്തിന്‌ അനൗചിത്യപരമായി സംസാരിച്ച്‌ നല്ല സൗഹൃദ ബന്ധങ്ങള്‍ ഇല്ലാതാക്കണം?..

യാത്രചെയ്യുന്ന ബസ്സിന്റെ സീറ്റിനു പുറകില്‍ എല്ലാവരും കാണാന്‍വേണ്ടി "രാജേഷ്‌-നിഷ" എന്നെഴുതി നേരെ ഒരു ലവ്‌ ചിഹ്നം വരച്ചു വയ്ക്കുക..

ഇരിയ്ക്കുന്ന ഡെസ്കില്‍ കോമ്പസ്സുകൊണ്ടു 'രാജേഷ്‌-നിഷ' എന്ന്‌ കോറിയിടുക.

അവരുടെ പ്രേമം മറ്റുള്ളവര്‍ കാണുന്നിടത്തൊക്കെ ആലേഖനംചെയ്യാന്‍ ശ്രമിയ്ക്കുക...ഇതൊക്കെയാണ്‌ രീതി!

'എക്സ്പ്രെസ്സ്‌' ചെയ്യാന്‍ കഴിയാത്ത പ്രേമത്തിന്‌'വാല്യു'ഇല്ല എന്നാണ്‌ രാജേഷിന്റേയും കൂട്ടരുടേയും വിശദീകരണം...

ഇരിങ്ങാലക്കുട കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഓടുന്ന ബസ്സുകളില്‍രാവിലത്തേയും വൈകുന്നേരത്തേയും ട്രിപ്പുകളില്‍ ഒരു വട്ടം കേറിയിട്ടുള്ള ഏതൊരാള്‍ക്കും അറിയാമത്രേ രാജേഷും നിഷയും തമ്മിലുള്ള പ്രണയം!! അത്രയ്ക്കും 'എക്സ്പ്രെസ്സീവ്‌'ആയിരുന്നു അവരുടെ പ്രണയം!!

എന്തായാലും ആ റൂട്ടിലൂടെ എനിയ്ക്കു യാത്രചെയ്യേണ്ടാത്തതിനാല്‍ എനിയ്ക്കിതൊന്നും വലിയ പിടിയുമില്ലായിരുന്നു.

ബസ്സില്‍ രജേഷിന്റെ മടിയിലിരുന്നുവരെ നിഷ യാത്രചെയ്തീട്ടുണ്ടെന്നാണ്‌ രാജേഷിന്റെ അവകാശവാദം..എന്നാല്‍ അങ്ങനെയല്ല..രാജേഷിരിയ്ക്കുന്ന സീറ്റിനരികെ തൊട്ടുരുമ്മിയാത്രചെയ്യറുള്ള നിഷ ഒരു ദിവസം സഡന്‍ ബ്രേക്കിട്ടപ്പോള്‍ രജേഷിന്റെ മടിയില്‍ വീണതാണെന്നുമാണ്‌ ക്ലാസ്സിലെ ഭാഷ്യം....

പിന്നെ ഞങ്ങളുടെ കോളേജ്‌ മിക്സെഡ്‌ അല്ലാത്തതിനാലും നിഷ ഇരിങ്ങാലക്കുടയിലെ പ്രമുഖ വിമെന്‍സ്‌ കോളേജിലും ആയതിനാലും എനിക്കിതിനൊന്നും ദൃക്‍സാക്ഷിയാവാനും കഴിഞ്ഞീട്ടുമില്ല....

എന്തായാലും പ്രീഡിഗ്രീ ക്ലസ്സിലെ ഹീറോകള്‍ രാജേഷും കൂട്ടരുംതന്നെ ആയിരുന്നു..

ലോകത്തിലെ ഏറ്റവും മനോഹരമായ പ്രായം പ്രീഡിഗ്രിപ്രായമാണെന്നാണ്‌ കേട്ടിരിയ്ക്കുന്നത്‌..സ്വപ്നത്തിലെ പങ്കാളിയെക്കുറിച്ച്‌` വര്‍ണ്ണാഭമായ ചിന്തകളില്‍ പറക്കുന്ന കാലം....

മനസ്സിലെ'ഹീറോ'യെ പോലെ ആവാന്‍ ശ്രമിയ്ക്കുന്ന കാലം....

ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നങ്ങള്‍ കാണുന്ന പ്രായം..

മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കോപ്രായങ്ങള്‍ പലതും പയറ്റുന്ന കാലം..

വരുംവരായ്കകള്‍ നോക്കാതെ എടുത്തുചാടി ജീവിതം നശിപ്പിയ്ക്കുന്ന കാലം....

കാണുന്ന സ്വപ്നങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യത്തിന്റെ ഛായയുണ്ടൊ എന്നു ചിന്തിയ്ക്കാന്‍ മെനക്കെടാത്ത കാലം!!

ക്ലാസ്സില്‍ നിറഞ്ഞുവിരാജിക്കുന്ന 'ഹീറോ'കള്‍ക്കിടയില്‍ ഞാനും നാരായണന്‍ നമ്പൂതിരിയും 'സീറോ'യ്ക്കും താഴേയായിപ്പോയിരുന്നു..

ക്ലാസ്സില്‍ ഏകദേശം മദ്ധ്യഭാഗത്തായി വലതുവശം ചേര്‍ന്നുകിട്ടിയ ബെഞ്ചില്‍ ഞങ്ങള്‍ തിരക്കുകളില്‍നിന്നും ഒറ്റപ്പെട്ട്‌ വെറും കാഴ്ച്ചക്കാരായി ഞങ്ങളുടേതായ ഒരുലോകം തീര്‍ത്തിരുന്നു..

ഇരിങ്ങാലക്കുടയിലെ സുപ്രസിദ്ധമായ ശ്രീകൂടല്‍മാണിക്യം അമ്പലത്തിന്റെ പരിസരത്തുനിന്നുമാണ്‌ നാരായണന്‍ നമ്പൂതിരി വരുന്നത്‌

ശരിയ്ക്കും അമ്പലവാസി..

കുളിച്ചു എണ്ണമിനുങ്ങുന്ന മുടി..നെറ്റിയില്‍ ഭസ്മകുറി..കറുത്തകട്ടികണ്ണടയ്ക്കുള്ളിലൂടെ തിളങ്ങുന്ന കണ്ണുകള്‍..

പതിയെ സംസാരിയ്ക്കുകയും,സൗമ്യമായി പെരുമാറുകയും ചെയ്യുന്ന നാരായണന്‍ നമ്പൂതിരിയ്ക്ക്‌ കവിതയുടെ അസുഖം കലശലാണ്‌...

ഉണ്ണായിവാര്യരുടേയും,കവി സച്ചിദാനന്ദന്റേയും ഇളംതലമുറക്കാരനെന്നു പറയാവുന്ന തരത്തിലുള്ള പ്രതിഭാവിലാസമായിരുന്നു നാരായണന്‍ നമ്പൂതിരിയില്‍ എനിയ്ക്ക്‌ കാണാന്‍ കഴിഞ്ഞത്‌..സംസ്കൃതത്തിലുള്ള പാണ്ഡിത്യവും അവനെ കവിതയുടെ ലോകത്ത്‌ ഒരു'സ്റ്റാര്‍'ആക്കും എന്ന് ഞാന്‍ മനസ്സില്‍ കുറിച്ചു.

ക്ലാസ്സ്‌ നടക്കുന്നതിനിടയില്‍ പോലും നോട്ട്ബുക്കില്‍ കുത്തികുറിയ്ക്കും..

തീഷ്ണമായ വികാരങ്ങള്‍ ധ്വനിപ്പിക്കുന്ന വരികളായിരുന്നു പൊതുവേ..

തീവ്രപ്രണയത്തേയും.. ആധുനിക യുവത്വത്തിന്റെ വിഹ്വലതകളേക്കുറിച്ചുമായിരുന്നു ഏറേയും..

തീക്ഷ്ണമായ പ്രണയത്തേക്കുറിച്ച്‌ ഇത്രചെറിയ പ്രായത്തില്‍ എങ്ങനെ എഴുതാന്‍ കഴിയുന്നു എന്ന്‌ പലപ്പോഴും ഞാന്‍ ആശ്ചര്യപ്പെട്ടീട്ടുണ്ട്‌!!

'കടമ്മനിട്ട'യുടേയും,'ചുള്ളിക്കാടിന്റേയും' സ്വാധീനം തോന്നിപ്പിക്കുന്ന വരികള്‍!!!

ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂളില്‍ കവിതാരചനയില്‍ പേരെടുത്ത വിദ്യാര്‍ത്ഥി!!

പക്ഷെ,യതൊരുകോലാഹലങ്ങളുമില്ലതെ,ശാന്തമായ പ്രകൃതമായതിനാല്‍ ക്ലാസ്സിലെ ഭൂരിഭാഗം പേര്‍ക്കുമിതൊന്നും അറിഞ്ഞുകൂടായിരുന്നു....

എപ്പോഴും കൂടെക്കൊണ്ടുനടക്കുന്ന ഡയറി അവനില്ലാത്തപ്പോള്‍വെറുതെ പരതിയാല്‍ പുതുതായി രൂപം പ്രാപിയ്ക്കുന്ന കവിതക്കുഞ്ഞുങ്ങളെ കാണാം...

സൂര്യപ്രകാശം കാണാതെ പുസ്തകത്താളുകളിലൊളിപ്പിച്ച മയില്‍പ്പീലികുഞ്ഞുങ്ങളെ ആരുംകാണാതെ നോക്കുന്ന ഒരു സുഖവുമുണ്ടായിരുന്നു അതിന്‌!!...

സ്കൂളില്‍ നിന്നു ഏറേ വ്യതസ്തമായ കോളേജ്‌ അന്തരീക്ഷത്തില്‍ ഒരു കൊല്ലം പോതറിഞ്ഞില്ല...

സ്റ്റഡിലീവിനായി പിരിയുമ്പോള്‍ ശരിയ്ക്കും നാരായണന്‍ നമ്പൂതിരിയെ'മിസ്സ്‌'ആയപോലെ തോന്നി..പിന്നെ അവന്റെ മയില്‍പ്പീലിക്കുഞ്ഞുങ്ങളേയും..

കാമ്പസ്സിലെ പൂമരങ്ങള്‍ പൂക്കുകയും തളിര്‍ക്കുകയും ഇലപ്പൊഴിയ്ക്കുകയും ചെയ്തു..

ഇതിനിടയില്‍ ക്ലാസ്സിലെ ഹീറോകളെല്ലാം ഒന്നു അടങ്ങിയ മട്ടായി...

ഇടയ്ക്ക്‌ ആരോ പറഞ്ഞുകേട്ടു.രാജേഷിന്റെ പ്രേമം പൊട്ടി....നിഷയിപ്പോള്‍ ടോമിയുടെ കൂടെയാണത്രേ!!!..

മനസ്സൊഴുകും വഴി ആര്‍ക്കറിയാം..ആവശ്യത്തില്‍ കൂടുതല്‍ പ്രയത്നിച്ചു മനസ്സില്‍ പ്രതിഷ്ഠിയ്ക്കാന്‍ ശ്രമിച്ചാലും ചിലപ്പോള്‍ മനസ്സു വേണ്ട എന്നു പറഞ്ഞുകളയും!!

മദ്ധ്യവേനലവധിക്കാലം എന്നും മനസ്സിലൊരു കുളിര്‍മ്മയായിരുന്നു...പാഠപുസ്തകങ്ങളില്‍നിന്നൊഴിഞ്ഞ്‌...കൂട്ടുകാരും,മനസ്സിണങ്ങുന്ന വായനകളും..പ്രകൃതിയുടെ വര്‍ണ്ണങ്ങളുമായി ഇണങ്ങുന്ന ഒരു മനോഹരകാലം!!!!...

ഇരിങ്ങാലക്കുടയുടെ പൗരാണികതയുടെ മനോഹരമായ ഓമ്മചെപ്പുകളിലൊന്നായ ശ്രീകൂടല്‍മാണിക്യക്ഷേത്രോത്സവവും ഈ മദ്ധ്യവേനലവധിക്കാലത്തായിരുന്നു...

ക്ഷേത്രത്തിനുചുറ്റുമുള്ള വലിയമതിലിനിന്റെ അരികിലൂടെയുള്ള ആ ചെറിയ പുല്‍വഴിയിലൂടെ അന്തിമിനുക്കത്തിന്റെ താളത്തിനൊപ്പം നടക്കാന്‍ ഒരു പ്രത്യേക സുഖമായിരുന്നു....പ്രീഡിഗ്രിയുടെ ആ സ്റ്റഡിലീവിലും എന്റെ ആ പതിവു ഞാന്‍ മുടക്കിയില്ല...

ഉത്സവത്തിരക്കെല്ലാം ഒഴിഞ്ഞ്‌ ശാന്തമായ ഒരു ഞായറഴ്ച്ചയായിരുന്നു അത്‌..കൂടണയാന്‍ ധൃതിവച്ചുപറക്കുന്ന കിളികളുടെ ശബ്ദം മാത്രം അരിച്ചിറങ്ങുന്ന ആ ക്ഷേത്രപരിസരത്തുകൂടെ പതുക്കെ ഒറ്റയ്ക്കുള്ള നടത്തം ഒരു പ്രത്യേക അനുഭൂതിതന്നെയായിരുന്നു..

പൊതുവെ അധികമാരും അവിടെ അങ്ങനെ അലഞ്ഞുതിരിയാറില്ല...അതുകൊണ്ടുതന്നെ ലഹരിപിടിപ്പിയ്ക്കുന്ന ആ ഏകാന്തത എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു..

എനിക്ക്‌ അല്‍പ്പം മുന്നിലൂടെ ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും മന്ദം മന്ദം നടന്നു നീങ്ങുന്നുണ്ട്‌... ഏതെങ്കിലും പ്രണയജോഡികളായിരിക്കും അവരെ ശല്യപ്പെടുത്തേണ്ട എന്നുകരുതി ഞാന്‍ മനപ്പൂര്‍വ്വം നടത്തത്തിന്റെ വേഗത കുറച്ചു..പക്ഷെ അധികം വൈകാതെ അവര്‍ തിരിച്ചുനടക്കാന്‍ തുടങ്ങി..

അന്തിമിനുക്കത്തിന്റെ അഭൗമികമായ ശോഭയില്‍ അടുത്തെത്തിയ ആ പ്രണയജോഡിയിലെ ആണ്‍കുട്ടിയെ ഞാന്‍ തിരിച്ചറിഞ്ഞത്‌ ഒരു ഞെട്ടലോടെയായിരുന്നു...

നാരായണന്‍ നമ്പൂതിരി!!!

കൂടെ കണിക്കൊന്ന പൂത്തപോലെ ഗ്രാമീണശാലീനത നിറഞ്ഞു തുളുമ്പുന്ന ഒരു സുന്ദരിക്കുട്ടിയും!!!

എന്നാലും..എന്റെ നമ്പൂതിരി!!!.... രജേഷിന്റെ പ്രണയം ഒരു മാലപ്പടക്കംപോലെ പൊട്ടിത്തെറിച്ചപ്പോഴും നീ ഇതെല്ലാം മനസ്സിലൊളിപ്പിച്ചു നടന്നല്ലോ?.. നിന്നെ സമ്മതിയ്ക്കണം ഒരു ചെറിയ'ക്ലൂ'പോലും നീ എനിയ്ക്ക്‌ തന്നില്ലല്ലോ?.....എന്നാലും ഇനീ ഭയങ്കരന്‍ തന്നെ!!! ഞാന്‍ വെറുതെ ആത്മഗതം നടത്തി..

എന്നെ കണ്ടതും നാരായണന്‍ നമ്പൂതിരി ആകെ ചമ്മിയപോലെ....

വെളുത്തു തുടുത്ത ആ സുന്ദരിക്കുട്ടിയും ആകെ പരിഭ്രമിച്ചിരുന്നു....

അവരുടെ പരിഭ്രമത്തില്‍ ഞാനും ആകെ വല്ലാതെയായി..

നാരായണന്‍ നമ്പൂതിരി പെണ്‍കുട്ടിയെ പരിചയപ്പെടുത്തി.

"ലക്ഷ്മി..ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റില്‍ പത്താം ക്ലാസ്സില്‍.."

ആകെ പേടിച്ചരണ്ടു തലകുമ്പിട്ടുനില്‍ക്കുന്ന പെണ്‍കുട്ടി കരച്ചിലിന്റെ വക്കത്താണെന്നു മനസ്സിലാക്കിയ ഞാന്‍ "എന്നാല്‍ ശരി...നിങ്ങളിവിടെതന്നെ നിന്നോളു" എന്നു പറഞ്ഞു നടത്തം മതിയാക്കി തിരിച്ചു നടന്നു!!

പിന്നെ കോളേജിലെത്തിയപ്പോള്‍ നാരായണന്‍ നമ്പൂതിരി എല്ലാം പറഞ്ഞു..

ഒരു കൊല്ലം മാത്രം പ്രായമായ പ്രണയം!! അവളുടെ വീട്ടില്‍ ശരിയ്ക്കൊന്നും അറിഞ്ഞീട്ടില്ല..അമ്പലപരിസരത്തു വച്ചുള്ള കൂടികാഴ്ച്ചയേ ഉള്ളൂ..വളരെ രഹസ്യമായി തന്നെ!! അതു കൊണ്ടുതന്നെ മറ്റാരോടും പറയരുത്‌..ലക്ഷ്മിയാകെ പേടിച്ചിരിയ്ക്കാണത്രേ..എന്നെകണ്ടതുമുതല്‍...കുറച്ചുകൂടികഴിഞ്ഞീട്ടുവേണം വീട്ടുകാരുടെ മുന്നിലൊക്കെ അവതരിപ്പിയ്ക്കാന്‍

എല്ലാം രഹസ്യമായിതന്നെ വെയ്ക്കാമെന്ന്‌ നരായണന്‍ നമ്പൂതിരിയ്ക്ക്‌ ഉറപ്പു കൊടുത്തുപിരിയുമ്പോള്‍ മനസ്സില്‍ ഒരു ആത്മാര്‍ത്ഥപ്രണയത്തിനെ സുഗന്ധം പരക്കുന്നതായി തോന്നി...

പരീക്ഷയുടെ ചൂടൊഴിഞ്ഞ്‌ രണ്ടാം വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്റെ നാലഞ്ചുദിവസം മുന്‍പായിരുന്നു ആ ദുരന്തം!!!..

നാരായണന്‍ നമ്പൂതിരി വാഴച്ചാലില്‍ ഒഴുക്കില്‍പ്പെട്ട്‌ മുങ്ങിമരിച്ചു!!

ഫയര്‍ഫോഴ്സുകാര്‍ വന്നാണ്‌ ജഡം കണ്ടെടുത്തത്‌!!!

പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ചുറ്റുവട്ടത്തെ കൂട്ടുകാരുമൊത്ത്‌ വാഴച്ചാലില്‍ വിനോദയാത്രപോയതായിരുന്നു!!!

അവന്റെ അയല്‍വാസി പ്രദീപാണ്‌ ടെലിഫോണില്‍ വിളിച്ചറിയിച്ചത്‌.

മനസ്സില്‍ എന്തോ അടക്കാനാവാത്ത ഒരു വേദന പതഞ്ഞു..കാര്‍മേഘം മൂടിയ നീലാകാശം പോലെ...പുറത്തുപറയാവാനാവാത്ത പലതും വിങ്ങുന്നപോലെ..ആകെ ഒരു അസ്വസ്ഥത!!

കുറേ നേരം ഒന്നും ചെയ്യാനാവാതെ അങ്ങനെ ഇരുന്നു..

പിന്നെ ഒരു വിധത്തില്‍ വേഷം മാറി നാരായണന്‍ നമ്പൂതിരിയുടെ വീട്ടിലെത്തിയപ്പോള്‍ വലിയൊരു ജനസഞ്ചയം തന്നെ അവിടെ ഉണ്ടായിരുന്നു..കുട്ടികളും അദ്ധ്യാപകരും,നാട്ടുകാരും എല്ലാം!!

പക്ഷെ എന്റെ കണ്ണുകള്‍ തിരഞ്ഞത്‌ ഒരു മുഖം മാത്രം !!! എവിടെ ആ മുഖമെവിടെ?..ആ മുഖമെവിടെ?..

ഏറെ തിരഞ്ഞീട്ടും എനിയ്ക്കാമുഖം മാത്രം കണ്ടെത്താന്‍ കഴിഞ്ഞില്ല..

മരണാനന്തരച്ചടങ്ങുകള്‍ എല്ല്ലാം കഴിഞ്ഞുമടങ്ങുമ്പോഴും മനസ്സ്‌ നാരായണന്‍ നമ്പൂതിരിയിലും ലക്ഷ്മിയിലുമായി പാറിനടന്നു...

ഒരു വേള ലക്ഷ്മിയോട്‌ അടക്കാനാവാത്ത വിദ്വേഷവും തോന്നി..

പ്രേമമാണെന്നുപറഞ്ഞു കൂടെനടന്നീട്ട്‌ മരിച്ചു എന്നറിഞ്ഞ്‌ ഒന്നു തിരിഞ്ഞുനോക്കാന്‍ കഴിയാത്ത ക്രൂരതയായിരുന്നോ നിന്റെ ആ ഗ്രാമീണ ശാലീനതയില്‍??!!..

അല്ലെങ്കിലും ഈ പെണ്‍മനസ്സിങ്ങനെയൊക്കെതന്നെയായിരിയ്ക്കാം!!!..

അസ്വസ്ഥമായ ചിന്തകളില്‍ മുങ്ങിത്താണ്‌ എപ്പോഴോ ഉറങ്ങിപ്പോയീ..

ഏറേ വൈകിയാണ്‌ എഴുന്നേറ്റത്‌ ..അപ്പോഴും മനസ്സിലെ അസ്വസ്ഥതകള്‍ കെട്ടടങ്ങിയിരുന്നില്ല..

പത്രത്താളുകളിലൂടെ അലസമായി ഒഴുകിനടന്ന കണ്ണുകള്‍ ആ വാര്‍ത്തയില്‍ കുരുങ്ങിനിന്നു....

'പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനി വീട്ടുവളപ്പിലെ ആഴമേറിയകുളത്തില്‍ മുങ്ങിമരിച്ചു..'

താഴെ ലക്ഷ്മിയുടെ ഫോട്ടോയും..

വിശ്വസിയ്ക്കാനാവാതെ വീണ്ടും വായിച്ചു..

'ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ലവര്‍ സ്കൂളിലെ പത്താംക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയായിരുന്ന ലക്ഷ്മിഭായ്‌ അന്തര്‍ജ്ജനം.....'

എനിക്ക്‌ തുടര്‍ന്നു വായിയ്ക്കേണ്ട കാര്യമുണ്ടായിരുന്നില്ല...

കനം വച്ച മനസ്സ്‌ ആത്മവിമര്‍ശനം നടത്താനാരംഭിച്ചപ്പോള്‍ സ്വയം പിറുപിറുത്തു...

സുമനസ്സുകളെ വെറുതേ പഴിച്ചതിന്‌ മാപ്പ്‌!!!!

അല്ലെങ്കിലും ഈ മനസ്സൊഴുകും വഴി ആരറിയുന്നു?!!

കാര്‍മേഘങ്ങള്‍ പെയ്തൊഴിയാതെ ഞാന്‍ വീണ്ടും വീണ്ടും അസ്വസ്ഥനാവുകയായിരുന്നു.....

ലേബലുകള്‍: