മഞ്ഞ സൂര്യകാന്തിപ്പൂക്കള്‍!!!
ലാളിത്യത്തിന്റെ മഞ്ഞ സൂര്യകാന്തിപ്പൂക്കള്‍!
നിഷ്കളങ്കതയുടെ മഞ്ഞസൂര്യകാന്തിപ്പൂക്കള്‍!!
ഇളം നീല ഹോസ്പിറ്റല്‍ച്ചുവരിലെ വാന്‍ഗോഗ് പെയ്ന്റിംഗ് !!!
നേരിട്ടുകാണുന്ന സൂര്യകാന്തിപ്പൂക്കള്‍ക്ക് ഇത്രയും നിഷ്ക്കളങ്കതയുടെ ലാളിത്യമില്ല.
"വാന്‍ഗോഗ്" ഇതു നിന്റെ മനസ്സിന്റെ ലാളിത്യമാണ്..ഇതു നിന്റെ മനസ്സിന്റെ നിഷ്ക്കളങ്കതയാണ്
ഒരു കുഞ്ഞു മനസ്സിന്റെ ആലേഖനം..
നീ ലോകത്തെ കണ്ടത് ഇങ്ങനെയായിരുന്നു.. ഒരുവേള നിനക്ക് ഇതിലും പെര്‍ഫെക്ഷനോടെ വരയ്ക്കാന്‍ ശ്രമിയ്ക്കാമായിരുന്ന ഈ സൂര്യകാന്തിപ്പൂക്കള്‍....
അതെ "വാന്‍ഗോഗ്"നിനക്കതിനു കഴിയില്ലായിരുന്നു.. കാരണം നിന്നെ നീയാക്കിയ ആ നിഷ്ക്കളങ്കമനസ്സ് നിന്നില്‍തുടിയ്ക്കുന്നിടത്തോളം കാലം നിനക്കിങ്ങനയേ വരയ്ക്കാനാകുമായിരുന്നുള്ളു..
അങ്ങിനെയല്ലായിരുന്നെങ്കില്‍, നിന്റെ സ്നേഹമളക്കാനായി,നിന്റെ ചെവിത്തന്നെ മുറിച്ചുകൊടുക്കണമെന്നു ശഠിച്ച ആ പെണ്‍ക്കുട്ടിയ്ക്ക് ചിന്തയുടെ ഒരു നിമിഷംപ്പോലും ബാക്കിനിര്‍ത്താതെ,ചെവി നീ മുറിച്ചു നല്‍കില്ലായിരുന്നുവല്ലോ!!!
മുറിഞ്ഞ ചെവിയുമായി നീ വരച്ച"സെല്‍ഫ് പോട്രൈറ്റ്" ഇന്നും നിഷ്ക്കളങ്കപ്രണയത്തിന്റെ സ്മാരകം പോലെ ചരിത്രമായി.....
"നിന്നെപ്പോലെ ശിശുസഹജമായ നിഷ്ക്കളങ്കമനസ്സുകള്‍ ഇന്നെവിടെപ്പോയി,വാന്‍ഗോഗ്?!!.."
നിന്റെ കാലത്തേക്കാള്‍ മനുഷ്യന്‍ ഏറേ വളര്‍ന്നിരിയ്ക്കുന്നു!!!.... ലോകം ഇന്നവന്റെ വിരല്‍ത്തുമ്പിലേയ്ക്കൊതുങ്ങിയിരിയ്ക്കുന്നു!!
പക്ഷെ.. നിന്നിലെ സന്മനസ്സിന്റെ പളുങ്കുപ്പാത്രം താഴെവീണുടഞ്ഞിരിയ്ക്കുന്നു!!കൂടിച്ചേര്‍ക്കാനാവാത്തവിധം നുറുങ്ങിപ്പോയിരിയ്ക്കുന്നു!!!
സുഖലോലുപനായ അവന്റെ ആവശ്യങ്ങള്‍ വിപുലമായിക്കൊണ്ടിരിയ്ക്കുന്നു...
ലാളിത്യത്തിന്റെ ഒരു കണികപോലും അവശേഷിയ്ക്കാത്ത ലോകമാണുവളര്‍ന്നുവലുതായിക്കൊണ്ടിയ്ക്കുന്നത്!!
വാര്‍ത്താമാദ്ധ്യമങ്ങളില്‍ ദിനംപ്രതി പെരുകുന്ന സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ വിലപ്പിടിപ്പുള്ള പരസ്യങ്ങള്‍!!
ആഡംബര കാറുകളും,ഡിസൈനര്‍ വില്ലകളും!!
ലൈംഗികോത്തജന മരുന്നുകളുടെ മത്സരം..
ശത്രുസംഹാരത്തിനു മൂന്നുകോടിരൂപയുടെ വെള്ളിമൂങ്ങയിലാഭിചാരം!!
ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള ദൂരം അതിശയകരമാംവിധം വര്‍ദ്ധിച്ചുക്കൊണ്ടേയിരിയ്ക്കുന്നു!!
സുഖലോലുപതയുടെ അവസാനത്തുള്ളിപോലും അവഗണിയ്ക്കാന്‍ വിമുഖത കാണിയ്ക്കുന്ന മനുഷ്യന്‍...
ലളിതജീവിതം എന്ന ആശയംത്തന്നെ എല്ലാവരും മറന്നുക്കഴിഞ്ഞപോലെ..
മനുഷ്യനന്മയ്ക്കായി അവതരിച്ച മതങ്ങളും,ഇസങ്ങളുമെല്ലാം,അധികാരത്തിന്റേയും,പണത്തിന്റെയും കണക്കുമാത്രം കൂട്ടിത്തളരുന്നു...
ഇതിന്റെ അവസാനം എവിടെ?
അസംതൃപ്തര്‍ സമ്പന്നരെ,കൊന്നൊടുയ്ക്കുന്ന ഒരുകാലത്തിലേയ്ക്കുള്ള ഒരുതിരിച്ചുപോക്കായിരിയ്ക്കുമോ ഇതിനെല്ലാം അവസാനം?...
'ഫെയ്‌സ് ബുക്കിലെവിടെയോ വായിച്ചുമറന്നവാചകങ്ങള്‍ പോലെ....
എനിയ്ക്കുച്ചുറ്റും.. ഡോക്ടര്‍മാരാല്‍ ആരോഗ്യം നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു..നിയമജ്ഞരാല്‍ നീതി നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്കുന്നു.യൂണിവേഴ്സിറ്റികളാല്‍ അറിവു നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്ക്കുന്നു..ഗവണ്മെന്റുകളാല്‍ ജനാധിപത്യം നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!!...ബാങ്കുകളാല്‍ സമ്പത്‌വ്യവസ്ഥ നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്ക്കുന്നു!!..മതങ്ങളാല്‍ സന്മാര്‍ഗ്ഗം നശിപ്പിയ്ക്കപ്പെട്ടുക്കൊണ്ടിരിയ്ക്കുന്നു!!..പ്രണയികളാല്‍ പ്രണയം നശിപ്പിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!!!
സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി സഹജീവികള്‍ നിഷ്ക്കരുണം പരസ്പ്പരം നശിപ്പിച്ചുക്കൊണ്ടിരിയ്ക്കുന്നു!!!
മരണം പതിയിരിയ്ക്കുന്ന ആധുനികതയുടെ ശീതീകരിച്ച രഥവീഥികള്‍!!!!
മാംസളമായ,വശീകരണത്വരയുള്ള ഉപഭോക്‍തൃസംസ്കാരം അതിന്റെ തീരാച്ചതിക്കുഴികള്‍ ചുറ്റും ഒരുക്കിക്കൊണ്ടേയിരിയ്ക്കുന്നു!!!
വാന്‍ഗോഗിന്റെ ജീവച്ചരിത്രത്താളുകള്‍ വീശിയടിയ്ക്കുന്ന .തണുത്തകാറ്റില്‍..എവിടേയ്ക്കോ..പറന്നകന്നു...
ലോകാത്തോടുമുഴുവന്‍ പരിഭവവുമായി ശാലിനിയുടെ ചിന്താമണ്ഡലം പ്രക്ഷുബ്ദമാവാന്‍ തുടങ്ങി..
വലിഞ്ഞുമുറുകുന്ന മസ്തിഷ്ക്കകോശങ്ങളുടെ കരച്ചില്‍..
തലയ്ക്കുള്ളിലെവിടെയൊക്കയോ വിങ്ങുന്നു...ഒരു കടന്നല്‍ കൂടിളകിയപോലെ..
"മമ്മി എനിയ്ക്കു നേഴ്സാവണ്ട!!!. എന്തോ ഞാനുമായി യോജിച്ചുപോകാവുന്ന ഒരു ജോലിയല്ല അത്!!
എന്റെ "മൂഡി ആറ്റിറ്റൂഡു"മായി എന്തോ ഈ പ്രൊഫഷന്‍ മാച്ച് ചെയ്യുമെന്നു തോന്നുന്നില്ല!!
അക്ഷരങ്ങളുടെ ഒരു ലോകമാണ് എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നത്!!!
ഒരു പ്രൈമറി സ്കൂള്‍ടീച്ചറെങ്കിലും?....."
മനസ്സിന്റെ കെഞ്ചല്‍....
തന്നോടു അമിതവാത്സല്യം കാണിയ്ക്കാറുള്ള മമ്മിയുടെ മുഖത്തെ ശോകഭാവം മനസ്സിനെ വല്ലാതെ മുറിപ്പെടുത്തി..
താന്‍മൂലം മമ്മി വിഷമിയ്ക്കേണ്ടിവരുന്നല്ലോ എന്ന ദുഃഖം മസ്തിഷ്ക്കത്തിലേല്‍പ്പിച്ച ആഘാതം ഏറെ ശക്തമായിരുന്നു!!
ശാലിനിയുടെ കണ്‍കോണുകളിലൂടെ കണ്ണുനീര്‍ ചാലിട്ടൊഴുകാന്‍ തുടങ്ങിരിയ്ക്കുന്നു...
താന്‍ മൂലം തന്നെജീവനുതുല്യം സ്നേഹിയ്ക്കുന്ന മാതാപിതാക്കള്‍ വിഷമിയ്ക്കേണ്ടിവരുന്നല്ലോ.. എന്ന വേദന വീണ്ടും ശക്തമാവന്‍ തുടങ്ങിയിരിയ്ക്കുന്നു...
രണ്ടു വര്‍ഷത്തിലൊരിയ്ക്കല്‍മാത്രം ആവധിയ്ക്കുവരുന്ന ഗള്‍ഫുക്കാരന്‍ ഡാഡിയുടെ മിഡില്‍ക്ലാസ്സ് ആകുലതകള്‍!!
എല്ലാവരും സ്റ്റാറ്റസ് കീപ്പുച്ചെയ്യാന്‍ വല്ലാതെ കഷ്ടപ്പെടുകയാണ്!!!
ആധുനികമനുഷ്യരെല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വിഷമിച്ചുക്കൊണ്ടേയിരിയ്ക്കുന്നു!!
ലളിതജീവിതം മറന്ന മനുഷ്യന്റെ അനിവാര്യമായ ദുഃഖം!!
വീട്,കാറ് പിന്നെ,തന്റേയും,ശരത്‌മോന്റേയും ചിലവേറിയ പഠനം...പണത്തിന്റെ ആവശ്യകതയേറുകയാണ്..
ഇതില്‍നിന്നെല്ലാം കരകയറാന്‍ മമ്മിയും ഡാഡിയും കണ്ട ഏകപോംവഴി തന്നെ നേഴ്സാക്കുക എന്നതായിരുന്നു..
ആദ്യം അല്‍പ്പം പൈസയിറക്കിയാലും പുറത്തെവിടെയെങ്കിലും എത്തിപ്പെട്ടാല്‍ രക്ഷപ്പെടാമല്ലോ?.
പക്ഷെ..എത്ര ആലോചിച്ചാലും അഡ്‌ജസ്റ്റ്ചെയ്യാനാവത്ത ഒരു പ്രൊഫഷന്‍!!! പിന്നെ താനെന്തുചെയ്യും?!!...
ഏറേ ആലോചനകള്‍ക്കൊടുവിലാണ് താന്‍ ഈ തീരുമാനമെടുത്തത്...
പക്ഷെ, അതിന്റെ പ്രത്യാഘാതം ഇത്രയും വലുതായിരിയ്ക്കുമെന്ന് താന്‍ ഊഹിച്ചുപോലുമില്ല!!
തന്നെ ജീവനുതുല്യം സ്നേഹിച്ചിരുന്ന മമ്മിയുടെ സ്നേഹം കുറഞ്ഞുപോയില്ലേ?. എപ്പോഴും ഫോണില്‍ വിളിയ്ക്കാറുള്ള ഡാഡി ഇപ്പോള്‍ കുറച്ചുമാത്രമേ സംസാരിയ്ക്കാറുള്ളു!!!
എല്ലാം തന്റെ തെറ്റായിരുന്നോ?!!
അതോ എല്ലാം തന്റെ വെറുംതോന്നലുകളാണോ?...
ഒന്നും വേര്‍ത്തിരിച്ചറിയാനുള്ള കഴിവുനഷ്ടമായപോലെ..
മനസ്സില്‍ പിരിമുറുക്കം കൂടുംതോറും തലയ്ക്കുള്ളിയെവിടെയോ രക്തധമനികള്‍ വലിഞ്ഞു മുറുകുന്നു!!..
തലപ്പൊട്ടിപ്പിളരുന്ന വേദന!!
"വെറുതേ അതുമിതുമാലോചിച്ച്"സ്ട്രെസ്സ്" കൂട്ടല്ലേ ശാലിനി." ഡ്യൂട്ടിനേഴ്സിന്റെ ഓര്‍മ്മപ്പെടുത്തല്‍!!
തന്റെ മുഖംതലോടുന്ന മമ്മിയുടെ ഈറനായ മിഴിയിണകള്‍..
ഒന്നിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കാന്‍ സാധിയ്ക്കുന്നില്ല..
എത്ര കണ്ണടച്ചുക്കിടന്നാലും പടിത്തുറന്നുക്കയറിവരുന്ന ചിന്തകളുടെ,പേടിപ്പെടുത്തുന്ന ആള്‍ക്കൂട്ടങ്ങള്‍!!.
എനിയ്ക്കു രക്ഷപ്പെടണം...ഈ ഭയപ്പെടുത്തുന്ന ഈ ഏകാന്തയുടെ ആള്‍ക്കൂട്ടങ്ങളില്‍നിന്ന്!!!
എനിയ്ക്കിപ്പോള്‍ എല്ലാവരേയും പേടിയാണ്!!
എല്ലാവരും തന്നെ വെറുക്കുകയാണോ?!!
എല്ലാവരും തന്നില്‍നിന്നുമകലുകയാണോ?!!
എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണോ?!!!
സ്നേഹമയിയായ മമ്മിയുടെ കണ്ണുകളിലെ ദൈന്യത!
ദുഃഖമുറയുന്ന ഡാഡിയുടെ മൗനം!!
തന്റെ ചിന്തകള്‍ക്കെല്ലാം എന്തോ ഒരു അപൂര്‍ണ്ണതപോലെ..
ഒന്നും പരസ്പ്പരം ബന്ധിപ്പിയ്ക്കാനാവുന്നില്ല..
പലതും പലയിടത്തും മുറിഞ്ഞുപോയപോലെ..
നിസ്സഹായതയോടെ വെറുതെ തലയുയര്‍ത്തിച്ചുറ്റും നോക്കി.
മടുപ്പിയ്ക്കുന്ന ആശുപത്രിക്കിടയ്ക്കയുടെ ഡെറ്റോള്‍ മണം...
അടുത്ത ബെഡില്‍ കയ്യൊടിഞ്ഞ ഒരു പിഞ്ചുകുഞ്ഞ്!!!!
അവന്റെ അമ്മയുമായി സ്നേഹസല്ലാപം നടത്തുകയാണ്!!
എന്തൊരു ശാന്തിയാണ് ആ പിഞ്ചുകുഞ്ഞിന്റെ മുഖത്ത്...ആ അമ്മയുടെ ചിരിയില്‍..
ഒടിഞ്ഞകയ്യിന്റെ വേദനയൊന്നും അവനെ തെല്ലുംബാധിച്ചിട്ടേയില്ല..
ആകുലതകളില്ലാത്ത...ഭാവിയേക്കുറിച്ചുള്ള പരിഭ്രാന്തികളില്ലാത്ത..ഇന്നിനെക്കുറിച്ചുള്ള പരാതികളില്ലാത്ത മനോഹരമായ ബാല്യം!!
ശാലിനിയുടെ മനസ്സ് ഒരായിരംവട്ടം കൊതിച്ചു വീണ്ടും പ്രശാന്തിയുടെ തേനൊഴുകുന്ന ആ ബല്യത്തിലേയ്ക്കണയാന്‍..
തന്റെ മമ്മിയുടെ കയ്യില്‍ വീണ്ടും ഒരു കൈക്കുഞ്ഞായി....ആ സ്നേഹലാളനകളേറ്റ്...വീണ്ടുമൊരു ബാല്യം....
...................................................................................
....................................................................................
മനസ്സിന്റെ അടക്കാനാവാത്ത ആഗ്രഹം കണ്ണുനീര്‍ത്തുള്ളികളായി ബഹിര്‍ഗമിച്ചു..
വലിഞ്ഞുമുറുകുന്ന മസ്തിഷ്ക്കകോശങ്ങളുടെ ഇടനാഴികളിലെല്ലാം പേടിപ്പെടുത്തുന്ന ആര്‍ത്തനാദങ്ങള്‍!!
കനംവെയ്ക്കുന്ന കണ്‍പോളകള്‍ തുറക്കാനാവാത്തവിധം അടഞ്ഞുപോകുകയാണോ?..
ശരീരത്തിന്റെ ഭാരം..നേര്‍ത്തുനേര്‍ത്തില്ലാതായപോലെ...
ഓര്‍മ്മാതലങ്ങള്‍ പതുക്കെപ്പതുക്കെ മങ്ങിയമരുകയാണോ?..
തണുപ്പിന്റെ അഗാധ ഗര്‍ത്തങ്ങളിലേയ്ക്ക് ഊര്‍ന്നുപോവുകയാണോ?..
പിന്നിലേയ്ക്കുമറയുന്ന ഉദയസൂര്യനും,പ്രശാന്തമായ നെല്‍വയലുകളും കടന്ന്..സുഗന്ധം നിറഞ്ഞപൂന്തോട്ടവും കടന്ന് തന്റെ യാത്ര!!!!അസ്തമനസൂര്യന്റെ അവസാനത്തിരിവെട്ടവും ആവാഹിയ്ക്കാന്‍ വെമ്പുന്നപോലെ..
പിന്നില്‍,മമ്മിയുടെ പരിഭ്രമത്തിന്റെ നേര്‍ത്ത നിലവിളി...കര്‍മ്മബന്ധങ്ങളുടെ ആശുപത്രിക്കിടയ്ക്കവിട്ട്‌താന്‍ ഒഴുകുകയാണ്....തന്നെയെത്തിപിടിയ്ക്കാനെന്നപോലെ...ഒരു പറ്റം നേഴ്സുമാര്‍ പിറകേ....തന്നെ പൊതിഞ്ഞെടുക്കാനാണയുന്ന അവരുടെ പേടിപ്പെടുത്തുന്ന വെളുവെളുത്ത വസ്ത്രാഞ്ചലങ്ങളുടെ സീല്‍ക്കാരം.. !!
ഇല്ല ..താന്‍ പിടിക്കൊടുക്കില്ല...
തനിയ്ക്കു രക്ഷപ്പെടണം..ഈ അശാന്തിയുടെ വിഹ്വലതകളില്‍നിന്ന്..ആര്‍ത്തിപ്പിടിച്ച നശ്വരതയുടെ കൂടാരങ്ങളില്‍നിന്ന്... എല്ലാവരേയും പിറകിലാക്കി..ഒരു ശന്തിതീരത്തേയ്ക്ക്..ബന്ധനങ്ങളുടെ കെട്ടുപാടുകളില്ലാത്ത..സ്നേഹപാശങ്ങളാല്‍ വേദനിയ്ക്കാനാവത്ത ആ അനശ്വരമയ തീരത്തേയ്ക്ക്..
എല്ലാവരേയും പിന്നിലാക്കി..എല്ലാവരേയും ഏറേ പിന്നിലാക്കി..
ലേബലുകള്‍: കഥ