ബുധനാഴ്‌ച, ജനുവരി 12, 2011

ജനുവരിയുടെ ഓര്‍മ്മകളിലേയ്ക്ക്‌ വീണ്ടും.....

പുറത്തെ തണുപ്പില്‍ ശരീരം ശരിയ്ക്കും വിറയ്ക്കുന്നുണ്ട്‌..ഞാന്‍ കരുതിയ കമ്പിളിക്കുപ്പായങ്ങള്‍ മതിയായില്ലല്ലോ എന്നു മനസ്സു പറഞ്ഞു..

ജനുവരിയുടെ മരംകോച്ചുന്ന തണുപ്പില്‍ പാര്‍ളറിന്റെ കാണ്ണാടിച്ചില്ലുകളിലൂടെ പുറത്തേയ്ക്കു നോക്കി..

വെളുവെളുത്ത മോര്‍ണിങ്ങ്‌ഗ്ലോറി കൊച്ചരിപല്ലുകള്‍ കാട്ടിച്ചിരിയ്ക്കാന്‍ തുടങ്ങിയതേ ഉള്ളു..

സ്വപ്നം പോലെ പൊഴിയുന്ന മഞ്ഞിന്‍കണങ്ങള്‍..ഒരു ചിത്രകാരന്റെ വൈദഗ്ദ്യത്തോടെ പ്രകൃതിയെ വര്‍ണ്ണാഭമാക്കുകയാണ്‌..

അകത്തുനിന്നും മാര്‍ബിള്‍ക്കല്ലില്‍പതിയുന്ന ചുറ്റികയടിയുടെ താളാത്മകത!!

അപ്പനോടൊപ്പം എത്തിച്ചേര്‍ന്നിരിക്കുന്നത്‌ മൈക്കിള്‍ എയ്ഞ്ചലോയുടെ പണിപ്പുരയ്ക്കരികിലാണെന്ന്‌ വിശ്വസിയ്ക്കാന്‍ കഴിഞ്ഞില്ല!!.

സ്നേഹവായ്പ്പും,സംരക്ഷണവും നിറഞ്ഞ അപ്പന്റെ കരുതല്‍കയ്യിനു കീഴെ മൈക്കിള്‍ എയ്ഞ്ചലോയ്ക്കടുത്തെത്തുമ്പോള്‍ എന്റെ മനസ്സു ശരിയ്ക്കും ത്രസിക്കുകയായിരുന്നു..

മഹാനായ ആ രാജശില്‍പ്പിയെ കണാന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും മതിമറന്നു നിന്നു പോയി..

സ്വപ്നസാഫല്യംപോലെ... ഗുരുമുഖത്തെത്തിയ ശിഷ്യന്റെ നിര്‍വൃതിദായകമായ നിമിഷങ്ങള്‍ പോലെ.. എന്നില്‍ നിറയുന്ന സന്തോഷാധിരേകം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി.....

എനിക്ക്‌ അപ്പനോടുള്ള ബഹുമാനം ആകാശംമുട്ടെ ഉയര്‍ന്നു..

അപ്പന്‍ കൂടെയില്ലായിരുന്നെങ്കില്‍ എനിക്ക്‌ ഈ മഹാഭാഗ്യം ലഭിക്കുമായിരുന്നല്ലോ...

മഞ്ഞുപോലെ വെളുത്ത ഇറ്റാലിയന്‍ വെണ്ണക്കല്ലില്‍, ഒരു കവിതപോലെ 'പിയത്താ!!'...

കാലത്തെ വെല്ലുന്ന പ്രതിഭയുടെ വെളുത്ത ചിറകുകള്‍!!!

"ദൈവമേ..നിന്റെ സൃഷ്ടിചാരുതയെ വെല്ലുന്നപോലൊരു മനുഷ്യപ്രതിഭയോ?"

ഞാന്‍ ഇടറുന്ന കാല്‍വെപ്പുകളുമായി ആ മഹത്തായ കലാസൃഷ്ടിയേയും,മഹാനായ ആ രാജശില്‍പ്പിയേയും അല്‍പ്പം അകലെനിന്നാണെങ്കിലും,മനസ്സാ നമസ്ക്കരിച്ചു..

ഞങ്ങള്‍ പാര്‍ലറില്‍നിന്ന്‌ ശ്രദ്ധിക്കുന്നതൊന്നും എയ്ഞ്ചലോ അറിഞ്ഞീട്ടില്ല!!

ഒരു സ്വപ്നാടകനെപ്പോലെ സൃഷ്ടിയില്‍ മുഴുകിയിരിക്കുകയാണ്‌ എയ്ഞ്ചലോ!!..

സൂര്യനസ്തമിക്കാത്ത റോമാസാമ്രാജ്യത്തില്‍, സ്നേഹമെന്ന ഓരേയൊരു ആയുധം മാത്രമായി..സമൂഹ്യപരിവര്‍ത്തനത്തിനിറങ്ങിയ ചരിത്രപുരുഷനായ യേശുദേവന്റെ മൃതമായ ഭൗതീകശരീരം ഒരു നിശ്ശബ്ദവിലാപം പോലെ മടിയില്‍ കിടത്തിയ കന്യാമേരിയുടെ മനോഹര ശില്‍പ്പം!!!

"ദ ഗ്രേറ്റ്‌ ആര്‍ട്ടിസ്റ്റ്‌സ്‌' എന്ന ആര്‍ട്ട്‌സീരീസ്‌ മാസികയില്‍ മൈക്കിള്‍ എയ്ഞ്ചലോ എന്ന മഹാപ്രതിഭയുടെ താളുകള്‍ കണ്ട്‌ വിസ്മയഭരിതമായ തന്റെ കൗമാരം...

മനുഷ്യശരീരത്തിന്റെ കൃത്യമായ അളവുകളും അതിസൂക്ഷ്മമായ ഘടനാവൈഭവവും ശില്‍പ്പകലയില്‍ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന്‌ മനസ്സിലാക്കിയത്‌ എയ്‌ഞ്ചലോയില്‍ നിന്നായിരുന്നു!!

മനുഷ്യശരീരത്തിലെ ഓരോ ധമനികള്‍പോലും തെറ്റാതെ ആലേഖനംചെയ്യാന്‍ മൈക്കിള്‍ എയ്ഞ്ചലോ മറന്നില്ലല്ലോ!!!

ശില്‍പ്പകലയുടെ എല്ലാ തിയറിയും പിയത്തായില്‍ ഉണ്ട്‌ എന്നാണ്‌ അപ്പന്‍ എപ്പോഴും പറയാറുള്ളത്‌!

കലയില്‍ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങള്‍ത്തന്നെയാണ്‌ ഏറ്റവും പ്രധാനപ്പെട്ടതെന്നുമുള്ള എയ്ഞ്ചലോ ഫിലോസഫിയും നിറഞ്ഞുനില്‍ക്കുന്നു പിയത്തായില്‍!!!

പക്ഷെ കന്യാമേരിയുടെ വസ്ത്രാലങ്കാരം അല്‍പംകൂടുതല്‍ ആയോ എന്ന്‌ എന്റെ മനസ്സില്‍ എപ്പോഴും ഒരു ചോദ്യം ഉയരാറുണ്ട്‌..

എന്നാല്‍ യേശുവിന്റെ ശില്‍പ്പചാരുത ശരിയ്ക്കും എടുത്തുകാണിയ്ക്കാന്‍ അത്‌ കാരണമാകുന്നു എന്ന തിരിച്ചറിവ്‌ എന്നെ എയ്ഞ്ചലോയോടുള്ള ആരാധന ഏറെ ഉയര്‍ത്താന്‍ കാരണമാക്കി.

അപ്പനുമായുള്ള സംഭാഷണങ്ങളില്‍ എപ്പോഴും നിറഞ്ഞുനിന്നിരുന്ന ഒരു സന്ദേശമുണ്ടായിരുന്നു....

ഒരു യഥാര്‍ത്ഥ കലാകാരന്‍ വിനീതരില്‍ വിനീതനായിരിക്കണം.

ഒരു ശിശുവിന്റെ കൗതുകത്തോടെ.. മുന്‍വിധികളൊന്നുംകൂടാതെ എന്തിനേയും വീക്ഷിക്കാനുള്ള മനസാന്നിധ്യം ആര്‍ജ്ജിക്കണം....

എപ്പോഴും സത്യത്തോട്‌ ചേര്‍ന്നു നില്‍ക്കാന്‍ പരിശ്രമിക്കണം

സത്യമാണ്‌ സൗന്ദര്യം! സൗന്ദര്യം തന്നെ സത്യവും എന്നെല്ലാം!!!

പക്ഷെ, അത്‌ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ തനിയ്ക്ക്‌ കഴിയാറില്ലെന്നും എനിയ്ക്കുത്തന്നെ ബോധ്യമായിരുന്നു..

പക്ഷെ,ഇപ്പോള്‍ വിയാന്വിതനായ എയ്ഞ്ചലോയെ നേരില്‍ക്കാണാന്‍ കഴിഞ്ഞപ്പോള്‍ ശരിക്കും അപ്പന്റെ ഉപദേശങ്ങളുടെ പൊരുള്‍ മനസ്സിലാക്കുകയായിരുന്നു...

കാഴ്ച്ചയില്‍ വിരൂപനായ എയ്ഞ്ചലോ ഒരിയ്ക്കല്‍പോലും സ്വന്തം ശരീരത്തിന്റെ രൂപഭംഗിയില്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ല എന്നുവേണം കരുതാന്‍..

വെട്ടിയൊതുക്കാത്ത പാറിപ്പറന്ന തലമുടി....

അശ്രദ്ധമായി വളര്‍ന്ന താടിയും മീശയും....

ലോകത്തിന്റെ എല്ലാ സൗന്ദര്യവും തേടിയലയുന്ന തീക്ഷ്ണമായ കണ്ണുകള്‍!!!!

ഒരു യഥാര്‍ത്ഥ കലകാരന്‍ കലയുടെ ഔന്നിത്യങ്ങള്‍തേടി അലയുമ്പോള്‍തന്റെ ജീവിതത്തിലെ പ്രധാനകാര്യങ്ങള്‍പോലും മറന്നുപോകുന്നു എന്നതിനുള്ള ഉദാഹരണമായി അപ്പന്‍ എപ്പോഴും മൈക്കിള്‍ എയ്ഞ്ചലോയെ ചൂണ്ടിക്കാണിയ്ക്കാറുണ്ടായിരുന്നു...

ലോകം കണ്ട ശില്‍പ്പികളില്‍ എറ്റവും മുമ്പനായിരുന്ന എയ്ഞ്ചലോ...വിവാഹം കുടുംബം എല്ലാം തന്റെ കലാസപര്യതന്നെ എന്ന്‌ സ്വയം തിരിച്ചറിഞ്ഞു...

ഈ തിരിച്ചറിവ്‌ സ്വയം ആര്‍ജ്ജിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നതാണ്‌ ഒരു കലാകാരന്റെ വിജയവും!!

ആധുനീകലോകത്തെ കലാസപര്യകള്‍ വെറും സാമ്പത്തിക ലാഭത്തിനായുള്ള വ്യാപാരങ്ങള്‍ മാത്രമായി ചുരുങ്ങുമ്പോഴാണ്‌ ഒരു യഥാര്‍ത്ഥ കലാകാരന്റെ വ്യക്തിപ്രഭാവം ശരിയ്ക്കും വ്യക്തമാക്കപ്പെടുന്നത്‌!!!

മനോവ്യാപാരങ്ങളുടെ പെരുമഴയ്ക്ക്‌ വിരാമമെന്നോണം മാനം തെളിഞ്ഞു!!

അംഗലാവണ്യം നിറഞ്ഞൊഴുകുന്ന ഒരു തരുണീമണി ആരേയും ആകര്‍ഷിക്കുന്ന നടനചാരുതയോടെ എയ്ഞ്ചലോയ്ക്കടുക്കലേയ്ക്കെത്തി..

വിശ്വശില്‍പ്പിയുടെ കരവിരുതില്‍ മനോഹരമായി കടഞ്ഞെടുത്ത ജീവന്‍തുടിക്കുന്ന ഒരു വെണ്ണക്കല്‍ശില്‍പ്പം!!

ഈ സുന്ദരീശില്‍പ്പം ഇനി എയ്ഞ്ചലോയുടെ മോഡലോ മറ്റൊ ആവുമോ?..

എന്റെ മനസ്സില്‍ സംശയങ്ങളുടെ പെരുമഴ വീണ്ടും പെയ്തുതുടങ്ങി..

ഇളംറോസ്‌ നിറത്തില്‍ ഇറ്റാലിയന്‍ ഫാഷനിലുള്ള ആ ഫുള്‍ഗൗണില്‍ ഒരു മാലാഖയേപ്പോലെ ആ സുന്ദരി!! എയ്ഞ്ചലോയുടെ ഓരോ ചലനങ്ങളേയും ഇമ വെട്ടാതെ നോക്കിനില്‍ക്കുകയണ്‌..

തികഞ്ഞ ആരാധനയോടെയുള്ള അവരുടെ അംഗചലനങ്ങള്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു..

ഒരു കാര്യം വ്യക്തമായി അവള്‍ എയ്ഞ്ചലോയെ അതിരുകവിഞ്ഞു ബഹുമാനിക്കുന്നുണ്ട്‌!!!

അവളുടെ കരിനീലക്കണ്ണുകളിലെ തൂക്കുദ്യാനങ്ങള്‍!!..നിറഞ്ഞ തൂമന്ദഹാസത്തിലെ മുല്ലമൊട്ടുകള്‍!!!...നിറമാറിലെ തുളുമ്പുന്ന വീഞ്ഞുകുടങ്ങള്‍!!... എല്ലാം....എല്ലാം ... അവള്‍ക്ക്‌ എയ്ഞ്ചലോയോടുള്ള ആരാധനയുടെ ആഴങ്ങള്‍ എനിയ്ക്കു മനസ്സിലാക്കിത്തരുന്നുണ്ട്‌!!...

വളരെയേറെ സമയം ആ സുന്ദരീശില്‍പ്പം എയ്ഞ്ചലോയ്ക്കടുത്തായി നിലകൊണ്ടു...

എയ്ഞ്ചലോയില്‍നിന്നും എന്തിനോവേണ്ടികാത്തുനില്‍ക്കുന്നപോലെയുള്ള ആ സുന്ദരിയുടെ ശരീരഭാഷ എനിയ്ക്ക്‌ ശരിയ്ക്കും മനസ്സിലായി....

എയ്ഞ്ചലോയുടെ ചുറ്റികയടിയുടെ താളാത്മകമായ ചലനങ്ങള്‍ക്കൊപ്പം താളംപിടിച്ചിരുന്ന ആ സുന്ദരമായ കാല്‍പാദങ്ങള്‍ താന്‍ ശ്രദ്ധിച്ചിരുന്നു...

എന്നാല്‍,എന്നെ ശരിയ്ക്കും വിസ്മയിപ്പിച്ചത്‌ എയ്ഞ്ചലോ ഈ സുന്ദരിയുടെ സാമീപ്യംപോലും അറിഞ്ഞീട്ടില്ല എന്നുള്ളതാണ്‌!!!

മനസ്സിലൂറുന്ന ഭാവനയുടെ തേന്‍ത്തുള്ളികള്‍ സൃഷ്ടിയിലേയ്ക്ക്‌ പകരുമ്പോള്‍.എന്തെന്നില്ലാത്ത ഒരു നിര്‍വൃതിയാണ്‌ ഒരു യഥാര്‍ത്ഥ കലാകാരന്‍ അനുഭവിക്കുന്നതെന്നും....
അവന്‍ ചുറ്റുപാടുകളില്‍നിന്നും വേര്‍പ്പെട്ട്‌ തന്റേതുമാത്രമായ ഒരു ലോകത്തെത്തിപ്പെടുന്നുവെന്നും...അപ്പോള്‍മാത്രമാണ്‌ ഒരു യഥാര്‍ത്ഥകലാസൃഷ്ടിരൂപംകൊള്ളുന്നതെന്നും എനിക്കുമനസ്സിലാക്കിത്തരികയായിരുന്നു എയ്ഞ്ചലോ!!!!

ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്താല്‍തന്നെ താനൊരു മഹാനായ കലാകാരനായി എന്നു സ്വയം വിശ്വസിക്കുന്ന ആധുനീക കലാകാരന്മാരില്‍നിന്നും എത്രയോ അകലെയാണ്‌ യഥാര്‍ത്ഥ കല എന്ന തിരിച്ചറിവിലേയ്ക്കും ആ ദൃശ്യം എന്നെ നയിച്ചു..

കുറേ നേരത്തെ വ്യര്‍ത്ഥമായ കാത്തിനില്‍പ്പിനു ശേഷം നമ്രമുഖിയായ ആ സുന്ദരിയുടെ തിരിച്ചുപോക്ക്‌..എനിക്ക്‌ മറ്റൊരു വലിയ പാഠം കൂടി പറഞ്ഞുതരികയായിരുന്നു...

വെറും ലൗകീക പ്രലോഭനങ്ങളിലും...സമ്പത്തിന്റെ തിളക്കത്തിലും മയങ്ങുന്നവനല്ല ഒരു യഥാര്‍ത്ഥ കലാകാരന്‍ എന്നും!!...

പെയ്തിറഞ്ഞുന്ന മഞ്ഞില്‍നൂലുകള്‍ക്കിടയില്‍ അലിഞ്ഞുപോയ ആ സൗന്ദര്യധാമത്തില്‍ മതിമറന്നു നിന്നുപോയ എന്റെ തോളില്‍ ആ സ്നേഹശ്പര്‍ശം......

മോനെ"നീ കണ്ടിരുന്നോ?..എയ്ഞ്ചലോയുടെ അരികില്‍ നിന്നിരുന്ന ആ സുന്ദരിയെ?...

"ഉവ്വ്‌"

അല്‍പം ജാള്യതയോടെ ഞാന്‍ തലകുലുക്കി..

"അവളാണ്‌ ഏയ്ഞ്ചലോയുടെ പിറകെ വിവാഹാഭ്യര്‍ത്ഥനയുമായി നടന്നിരുന്ന പ്രശസ്തയായിരുന്ന അഭിനേത്രി..."

വിരൂപനായ എയ്ഞ്ചലോയെ അവള്‍ വിവാഹം കഴിക്കാനൊരുങ്ങിയതിനുള്ള കാരണം എന്താണെന്നറിയാമോ?..

"അവളുടെ സൗന്ദര്യവും, മഹാനായ എയ്ഞ്ചലോയുടെ ബുദ്ധിസാമര്‍ത്ഥ്യവും ഒത്തിണങ്ങിയ ഒരു കുഞ്ഞ്‌!!!..അതായിരുന്നു അവളുടെ സ്വപ്നം..."

എയ്ഞ്ചലോ അവള്‍ക്കു കൊടുത്ത മറുപടി എന്താണെന്നറിയാമോ?..

പരിചിതമായ ആ പാതിപുഞ്ചിരിയില്‍ അപ്പന്റെ കുസൃതിചോദ്യം..

എന്റെ കണ്ണുകളിലേയ്ക്കുതന്നെ സൂക്ഷ്മതയോടെ ശ്രദ്ധിക്കുന്ന പിതാവിന്റെ കണ്ണുകളില്‍നിന്നും രക്ഷപ്പെടാനാവതെ ഞാന്‍ കുഴങ്ങി.. ഞാന്‍ തോല്‍വി സമ്മതിച്ചു..മുഖം കുനിച്ചു..

"നേരെ തിരിച്ചായാലോ?...എന്ന്‌!!!

എയ്ഞ്ചലോയുടെ സൗന്ദര്യവും..അവളുടെ ബുദ്ധിയും കൂടിയുള്ള ഒരു കുഞ്ഞാണ്‌ ഉണ്ടാവുന്നതെങ്കിലോ...?എന്ന്‌..

അപ്പന്റെ അളന്നുമുറിച്ചുള്ള പുഞ്ചിരി വീണ്ടും...

അപ്രതീക്ഷിതമായി ഒരു ഷോക്ക്‌കിട്ടിയ അനുഭവം!!!..

കണ്ണുകള്‍ തിരുമ്മിത്തുറന്നു നോക്കിയപ്പോള്‍ ചുറ്റും കൂരിരുട്ടായിരുന്നു....ഒരു വിധത്തില്‍ ടേബിള്‍ ലാമ്പി'ന്റെ സ്വിച്ചോണാക്കി..

നേരിയ പ്രകാശത്തില്‍..ബുക്ക്‌ഷെല്‍ഫിനുമുകളിലായി സ്നേഹപൂര്‍വം പുഞ്ചിരിക്കുന്ന അപ്പന്റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ്‌ ഫോട്ടോ...

ചില്ലിന്റെ മഞ്ഞുപാളികള്‍ക്കുള്ളിലൂടെ അപ്പന്‍ വീണ്ടും എന്നെനോക്കിച്ചിരിക്കുകയാണെന്നു എനിക്കു തോന്നി...

അതോ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ കാപട്യകലയെ കൊച്ചാക്കി ചിരിക്കുയായിരുന്നോ!!!!....

ശിശുസഹജമായ മനസ്സോടെ കലാസപര്യമാത്രം നടത്തി കടന്നുപോയ തന്റെ പിതാവ്‌.....

സ്വാര്‍ത്ഥലാഭങ്ങള്‍ക്കുമാത്രമായുള്ള കലയുടെ ദുരുപയോഗം എന്നെ ഒര്‍മ്മപ്പെടുത്തുകയായിരുന്നോ?!!.......

ജനുവരിയുടെ തണുത്ത പ്രഭാതം എന്നെ കിടക്കയില്‍ത്തന്നെ പുതച്ചുമൂടികിടക്കാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിച്ചുക്കൊണ്ടിരുന്നു..

പെട്ടെന്ന്‌ ഓര്‍മ്മയുടെ തിരികള്‍ പതുക്കെ തെളിയാന്‍ തുടങ്ങിയാപ്പോള്‍...ചാടിയെഴുന്നെറ്റു..

ഇന്ന്‌ ജനുവരി പന്ത്രണ്ട്‌!!..

അപ്പന്റെ വേര്‍പാടിന്‌ ഇന്ന്‌ പതിനേഴു വയസ്സുതികയുന്നു..

കരുതലിന്റെ ഒരു കരംപോലെ....
കിനാവിന്റെ ലോലതന്ത്രികളായിപോലും..തനിക്ക്‌ നന്മ നേരുന്ന സ്നേഹവായ്പ്പിനുമുന്നില്‍ മനസ്സൊരു വലംപിരിശങ്കായിമാറുകയായിരുന്നു....ലേബലുകള്‍: