ശനിയാഴ്‌ച, ഓഗസ്റ്റ് 28, 2010

കൊക്കിന്റെ ഗ്ലിസറിന്‍ കച്ചവടം

കൊക്ക്‌പറക്കും വഴിയെ....
എപ്പിസോഡ്‌-4




വെള്ളിലാംകുന്നിലെ ഏക സൈക്കിള്‍ കടയാണ്‌ സുബ്രുവിന്റേത്‌. വെറും നാലാംക്ലാസ്സുകാരനായ സുബ്രുവിന്‌ ആ സൈക്കിള്‍കടകൊണ്ടുജീവിതം നടത്തികൊണ്ടുപോകാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല. അതുകൊണ്ടുതന്നെ പത്താംതരം തോറ്റപ്പോള്‍ സുബ്രുവിന്റെ ഒറ്റപുത്രനായ ഉണ്ണിയെ സുബ്രു ഉപദേശിച്ചു..


"ഇനി പഠിച്ചതൊക്കെ മതി..."


"ഈ സൈക്കിള്‍കട നോക്കിനടത്ത്യാ..മതി നെനക്ക്‌ ജീവിയ്ക്കാന്‍!!!"


"അല്ലാണ്ട്‌പ്പോ പഠിച്ച്‌ വല്ല്യ മൈസ്രേട്ടൊന്നും ആവാന്‍ പോണില്ല്യാലോ!!"


പക്ഷെ, ഉണ്ണിയ്ക്കപ്പോള്‍ 'ട്യൂറ്റോറിയല്‍ കോളേജില്‍'പോണം..


ഒറ്റമോനല്ലെ..അവസാനം സുബ്രു സമ്മതംമൂളി.


അങ്ങനെയാണ്‌ വെള്ളിലാംകുന്നില്‍ ഒരു ട്യൂറ്റോറിയല്‍ പ്രേമം മുളപൊട്ടാന്‍ വഴിയൊരുങ്ങിയത്‌.


വെള്ളിലാംകുന്നിന്റെ വടക്കുവശത്തുള്ള കുന്നിനടുത്തുതാമസിക്കുന്ന പഞ്ചായത്താപ്പീസിലെ പ്യൂണ്‍ കല്യാണിയുടെ മോള്‍ പ്രിയയും,ഉണ്ണിയും തമ്മിലുള്ള ദിവ്യപ്രേമം മുളപൊട്ടിയത്‌ ട്യൂറ്റോറിയല്‍ കോളേജിന്റെ ചുവരുകള്‍ക്കുള്ളിലായിരുന്നുവെങ്കിലും,അത്‌ അവിടവും കടന്ന്‌..പുറത്തേയ്ക്കു വളര്‍ന്ന്‌ വെള്ളിലാംകുന്നിന്റെ താഴ്‌വാരങ്ങളിലേയ്ക്കും പടരാന്‍ തുടങ്ങിയപ്പോള്‍ വെള്ളിലാംകുന്നില്‍ പലരും അതിനു ദൃക്‌സാക്ഷികളുമായി...അങ്ങനെ അത്‌ സുബ്രുവിന്റെ ചെവിയിലും എത്തിക്കഴിഞ്ഞിരുന്നു....


എങ്ങനെ ഈ പ്രേമമെന്ന ഊരാക്കുടുക്കില്‍നിന്നും ഉണ്ണിയെ രക്ഷിച്ചെടുക്കാമെന്നോര്‍ത്ത്‌ സുബ്രു തലപുകഞ്ഞു നടക്കുന്ന കാലം..


കുന്നില്‍പുറത്ത്‌ ആടിനെ തീറ്റാനെന്ന ഭാവേന ഉണ്ണി എത്തുമ്പോഴായിരുന്നു അവരുടേ സ്വകാര്യമായ ഒത്തുചേരലുകള്‍...


നിത്യേന ആടുകളുമായി അവിടെ എത്തുന്ന കൊക്കുമൊയ്തീനും എല്ലാം അറിയാമായിരുന്നു..


പക്ഷെ സഹൃദയനായ കൊക്കിനെ രണ്ടുപേര്‍ക്കും വിശ്വാസവുമായിരുന്നു..


തങ്ങളുടെ ദിവ്യപ്രേമത്തിന്റെ ഒരു അഭ്യുദയകാംക്ഷി എന്ന നിലയ്ക്കുതന്നെയായിരുന്നു അവര്‍ കൊക്കിനെ കണ്ടിരുന്നതും.


ഇനി ഒരു നാള്‍ തങ്ങളുടെ വിവാഹംവരെ നടത്താന്‍ കൊക്കിനെ ഒരു 'ഇടനിലക്കാരനായി'വരെ നിര്‍ത്താം എന്ന ചിന്തയും ഉണ്ണിയ്ക്കുണ്ടായിരുന്നു.അച്ഛനെ എല്ലാം പറഞ്ഞു മനസ്സിലാക്കാനും ഓരാളു വേണമല്ലോ?


കൊക്കിനാണെങ്കില്‍ എന്തോ ഈ കമിതാക്കളോട്‌ എന്തെന്നില്ലാത്ത ഒരു അനുഭാവവും!!

പ്രിയ മൊഞ്ചത്തിയായതാവാം ഒരു കാരണം!!..പൊതുവെ മൊഞ്ചത്തികളോട്‌ ഒരു 'സോഫ്റ്റ്‌ കോര്‍ണര്‍' കൊക്കിനുണ്ടായിരുന്നല്ലോ!!

മഴപെയ്തുതോര്‍ന്ന ഒരുശനിയാഴ്ച വൈകുന്നേരം ആടുകളുമായി കുന്നിന്‍പുറത്തെത്തിയപ്പോള്‍ പതിവിനു വിപരീതമായി ഉണ്ണി ഒറ്റയ്ക്കു വിഷണ്ണനായിരിയ്ക്കുന്നു..

ഏറേ ചോദിച്ചീട്ടും "ഏയ്‌..ഒന്നൂല്ല്യാ" എന്ന മറുപടിപടിമാത്രം!!.

അല്ലെങ്കില്‍ വീടിനു പുറകുവശത്തുള്ള വേലിപടര്‍പ്പിനരികിലായി മരത്തണലില്‍ പ്രിയയും കാണുമായിരുന്നു....

കൊക്കിന്റെ സംശയം ശരിയായിരുന്നു. പ്രേമത്തില്‍ ഒരു സൗന്ദര്യപ്പിണക്കം!!!

അതും അല്‍പ്പം ഗൗരവമായതോതില്‍...

നാലു ദിവസമായി പ്രിയ ഉണ്ണിയുമായി സംസാരിക്കുന്നില്ല!!

വീടിനു പുറകിലുള്ള വേലിപടര്‍പ്പിലെ മരത്തണലില്‍ ഉണ്ണിയെ കാണാന്‍ എത്തുന്നില്ല..


ഉണ്ണി ട്യൂട്ടോറിയലിലെ മറ്റൊരുപെണ്‍കുട്ടിയുമായി കൂടുതല്‍ നേരം സംസാരിച്ചു എന്നതാണ്‌ കാരണം!!.


ഉണ്ണി എല്ലാം കൊക്കിനോടു തുറന്നു പറഞ്ഞു..എങ്ങനെയെങ്കിലും പ്രിയയുടെ പിണക്കം മാറ്റിത്തരണം...


കത്തിതീരാറായ കാജാബീഡിയുടെ അവസാനത്തെ പുകയും വലിച്ചുതീര്‍ത്ത്‌ അല്‍പ്പനേരം ആകാശത്തേയ്ക്ക്‌ നോക്കി എന്തോ ആലോചിച്ച്‌ കൊക്ക്‌ പറഞ്ഞു..


"ജ്ജ്‌..എടങ്ങേറാകാണ്ടിര്‌ക്ക്‌ന്റെ ഇബ്‌ലീസേ...


"എല്ലാത്തിനും ഒരു ബയില്ല്യാണ്ടിരിയ്ക്ക്യോ??"


പിന്നേയുംകുറേ നേരത്തെ ഇരുത്തിച്ചിന്തകള്‍ക്കുശേഷം കൊക്ക്‌ പറഞ്ഞു..


"ഒര്‌ ബയീണ്ടെന്റെ ഇബ്‌ലീസെ..


ഈ മൊഞ്ചത്തികളുടെ ഖല്‍ബിന്‌ മറ്റുള്ളോരുടെ ബെഷമം താങ്ങാന്‍ പറ്റൂല്ലാന്നേ...."


'ജ്ജ്‌..ഓളെ കാണുമ്പ ബെഷമിച്ചങ്ങട്ട്‌രിക്കണം..ചുമ്മാ ബെഷമിച്ചാ പോരാ.. ഓള്‌ ഇന്റെ കണ്ണീര്‌ കാണണം..അതില്‌ ഓള്‍ടെ ഖല്‍ബ്‌ അലിയണം.."


"വിഷമിച്ചിരിയ്ക്കാനൊക്കെ പറ്റും..പക്ഷെ കണ്ണീര്‍ ഒഴുകാന്ന് പറഞ്ഞാല്‍ അതൊക്കെ അത്ര എളുപ്പൊള്ള കാര്യാണോ?"..ഞാന്‍ മോഹന്‍ലാലോ,മമ്മൂട്ടിയൊ മീര ജാസ്മിനൊ ഒന്നും അല്ലല്ലൊ മൊയ്തീനിക്കാ..വിചാരിയ്ക്കുമ്പോ..വിചാരിയ്ക്കുമ്പോ കരയാന്‍!!.


കൊക്ക്‌ അതിനും പ്രതിവിധിയും നിര്‍ദ്ദേശിച്ചു..


"ജ്ജ്‌..ഏതു നൂറ്റാണ്ടിലെ മനുഷ്യേനാ ന്റെ.. ഇബ്‌ലീസേ?...


"അതിനല്ലേ ഈ ഗ്ലിസറിന്‍!!!


"ഞമ്മന്റെ മാമുക്കോയേന്റെ എത്ര സിനിമകളില്‌ ഈ ഗ്ലിസറിന്‍ പ്രയോഗം ഞമ്മള്‌ കണ്ടിര്‌ക്ക്‌ണ്‌!!!!"


'ജ്ജ്‌ ഒന്നു മനസ്സ്‌ ബച്ചാ ഒക്കെ നടക്കും ന്റെ ഇബ്‌ലീസെ!"


കൊക്ക്‌ എല്ലാം വിശദീകരിച്ചു പറഞ്ഞു..


എപ്പോഴെങ്കിലും പ്രിയ ഉണ്ണിയുടെ അടുത്തെത്താതിരിയ്ക്കില്ല..അപ്പോള്‍ വിഷമിച്ച്‌ കണ്ണില്‍ അല്‍പ്പം ഗ്ലിസറിന്‍ പുരട്ടി കണ്ണീരും കൂടിയായാല്‍ പിന്നെ പ്രിയയുടെ മനസ്സലിയാന്‍ വേറൊന്നും തന്നെ വേണ്ട!!


തൃശ്ശൂരുനിന്നും ഗ്ലിസറിന്‍ എത്തിച്ചുകൊടുക്കുന്ന ചുമതലയും കൊക്ക്‌ ഏറ്റെടുത്തു!!!


വേണ്ടെന്നു പറഞ്ഞീട്ടും നൂറുരൂപയുടെ ഒരു നോട്ടും കൊക്കിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്താണ്‌ ഉണ്ണി അന്ന്‌കുന്നിന്‍പുറത്തുനിന്നും മടങ്ങിയത്‌.

ഞായറാഴ്ച്ച ഒരു കണക്കിനാണ്‌ ഉണ്ണി തള്ളിനീക്കിയത്‌..

തിങ്കളാഴ്ച്ച ക്ലാസ്സില്‍പോയില്ല.

നാലു മണിയോടെ കൊക്കിന്റെ വീട്ടിലെത്തിയതും,തൃശ്ശൂര്‍നിന്നും ഗ്ലിസറിനുമായി കൊക്ക്‌ വന്നു കയറുന്നതേ ഉണ്ടായിരുന്നുള്ളൂ..

പെട്ടെന്നു ഗ്ലിസറിനും വാങ്ങി കുന്നില്‍പുറത്തേയ്ക്കു നടക്കുന്നതിടയില്‍ കൊക്ക്‌ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു


"ബാക്കി പൈസ ബച്ചോളീന്‍ ഇബ്‌ലീസെ.... അമ്പതുര്‍പ്പിയേ ആയുള്ളു..ബാക്കി അമ്പതുര്‍പ്പിയ കയ്യീ ബച്ചോളീന്‍"


അതൊക്കെ പിന്നെയാട്ടെ മൊയ്തീനിക്കാ എന്നും പറഞ്ഞു ഉണ്ണി കുന്നിന്‍പുറത്തേയ്ക്കു ധൃതിപ്പെട്ടു നടന്നു


ക്ലാസ്സില്‍ ഉണ്ണിയെ കാണാഞ്ഞ പ്രിയ വേലിപടര്‍പ്പിനരികിലെ മരച്ചുവട്ടില്‍ നേരത്തെ കാത്തു നിന്നിരുന്നു..


കുറച്ചകലേയുള്ളപൊന്തക്കാടിനരികില്‍ ചെന്നിരുന്നു ഗ്ലിസറിന്‍ എല്ലാം കണ്ണില്‍ പുരട്ടി ഉണ്ണി റെഡിയായിരുന്നു.


പ്രിയ അരികിലെത്തിയതും ഉണ്ണി എല്ലാം കൊക്ക്‌ പറഞ്ഞപോലെ തന്നെ ഭംഗിയായായിചെയ്തു..


പ്രിയയുടെ മനസ്സും ദുഃഖപൂര്‍ണ്ണമായി... അവളും കരയാന്‍ ആരംഭിച്ചപ്പോഴാണ്‌ ഒരു കാലൊച്ച കേട്ടത്ത്‌..പെട്ടന്ന്‌ പ്രിയ പൊന്തക്കാട്ടിനപ്പുറത്തേക്കൊളിച്ചുനിന്നു...


കൊക്കായിരുന്നു കാജാബീഡിയും വലിച്ചുകൊണ്ട്‌..


"ന്റെ ഇബ്‌ലീസെ ഗ്ലിസറിന്‍ മേടിച്ചേന്റെ ബാക്കി അമ്പതുര്‍പ്പ്യ ങ്‌ട്ട്‌ ബെക്കന്റെ ഹമുക്കേ.. ഞമ്മന്റെ കയ്യീ ബെച്ചാ തീരണ്‌ത്‌ അറിയൂല്ല്യാന്നേ.."


എന്നും പറഞ്ഞ്‌ അമ്പതു രൂപയുടെ ഒരു നോട്ട്‌ ഉണ്ണിയുടെ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടു പുറത്തു തട്ടിക്കൊണ്ട്‌ കൊക്കിന്റെ സാന്ത്വനിപ്പിക്കല്‍..


"ങ്‌ള്‌.. ബേജാറാവാണ്ടിര്‌ക്കെന്റെ ഹമുക്കെ..ഞമ്മള്‌ പറഞ്ഞപോലെ കണ്ണീല്‌ രണ്ടു തുള്ളിയങ്ങട്ട്‌ ഇട്ടാലുണ്ടല്ലോ ഈ ദുനിയാവിലുള്ള ഏതു കരയാത്ത മീരാ ജാസ്മിനും കരയും പിന്ന്യല്ലേ..ങ്‌ളെപോലൊരു ഹിമാറിന്റെ കണ്ണീന്ന്‌ കണ്ണീരൊഴ്‌കാന്‌ ബെഷ്‌മം!!!"

ഇത്രയും അല്‍പ്പം ഉറക്കെതന്നെ വിളിച്ചുപറഞ്ഞുക്കൊണ്ട്‌ കൊക്ക്‌ കുന്നിറങ്ങിയതും പൊന്തക്കാട്ടിനപ്പുറത്തുനിന്നും സംഹാരരുദ്രയേപ്പോലെ പ്രിയയും കുന്നിറങ്ങുന്നതു കണ്ട്‌ ഉണ്ണി ശരിയ്ക്കും പൊട്ടിപൊട്ടിക്കരഞ്ഞു!

ലേബലുകള്‍: