തിങ്കളാഴ്‌ച, ഫെബ്രുവരി 06, 2012

മടക്കയാത്രയിലെ മനുഷ്യര്‍..
മനുഷ്യന്‍! ഭൂമിയിലെ ഏറ്റവും മഹത്തായ സൃഷ്ടി!!

ഏതു കമ്പ്യുട്ടറിനേയും വെല്ലുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍!!!

ബുദ്ധി,മനസ്സ്‌ എന്നീ രണ്ട്‌അത്യത്ഭുതപ്രതിഭാസങ്ങള്‍ക്കൊണ്ട്‌ ലോകം മുഴുവന്‍ അടക്കിവാഴുന്ന മഹാനായ മനുഷ്യന്‍!!!

അജയ്യനായ മനുഷ്യന്‍!!!

ലോകാരംഭംമുതല്‍ അവന്‍ നടത്തിയ നിലനില്‍പ്പിനായുള്ള മത്സരങ്ങള്‍!...

ലോകം കീഴടക്കാന്‍ അവന്‍ നടത്തിയ ജൈത്രയാത്രകള്‍!!!

ആഗ്രഹിച്ചതൊക്കെ വെട്ടിപ്പിടിയ്ക്കാന്‍ നടത്തിയ ജീവന്മരണപ്പോരാട്ടങ്ങള്‍!!!
................................................!!!
................................................!!!

വെക്കേഷന്‍ കഴിഞ്ഞുള്ള മടക്കയാത്രയില്‍ എനിക്കീ ഫിലോസഫി പതിവുള്ളതാണ്‌..

ഓരോരോ ലക്ഷ്യവുംപേറി ലോകത്തിന്റെ നാനാകോണുകളിലേയ്ക്കു പായുന്ന മനുഷരില്‍,ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കീഴടക്കുന്നവരെത്ര?...ഇടയ്ക്ക്‌ തളര്‍ന്നു വീഴുന്നവരെത്ര?....ദിശയറിയാതെ അലയുന്നവരെത്ര?..എല്ലാം നഷ്ടപ്പെട്ട്‌ തിരിച്ചു പോകുന്നവരെത്ര?..

ഒരു യാത്രയില്‍ ഇതെല്ലാം ഓര്‍ക്കാന്‍ മനുഷ്യനെവിടെ നേരം?!!!

അതൊ,അവന്‍ അതെല്ലാം മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്നതാണോ?..

ആകെക്കിട്ടുന്ന കൊച്ചുജീവിതത്തില്‍;പണത്തിനും,അധികാരത്തിനും,
സ്ഥാനമാനങ്ങള്‍ക്കും പിറകേപ്പാഞ്ഞ്‌ സനാതനമായ മാനുഷികമൂല്യങ്ങള്‍പോലും മറക്കുന്ന വിഡ്ഡിയായ മനുഷന്‍!!

എയര്‍പ്പോര്‍ട്ടിലെ അമിതമായി ശീതികരിച്ച ഹാളില്‍ മടക്കയാത്രക്കായി,ബഹ്‌റൈന്‍ വിമാനവുംകാത്തിരിക്കുമ്പോള്‍ മനസ്സില്‍ തള്ളിക്കയറിയ ചിന്തകള്‍...

ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്നും അപരിചിതമായ ദേശങ്ങളിലേയ്ക്ക്‌,കാണാപ്പൊന്നുംത്തേടി യാത്രതിരിച്ച ജനപഥങ്ങള്‍!!

പ്രയാണം!!!

മനുഷ്യന്റെ അനന്തമായ ജീവിതപ്രയാണം!!!

ചിന്തകള്‍ ഒന്നില്‍നിന്നും മറ്റൊന്നിലേയ്ക്കുപാറി..

ഒരു കൂട്ടില്‍നിന്നും,മറ്റൊരുകൂട്ടിലേയ്ക്ക്‌...

ക്ലൈമാക്സില്‍നിന്നും,ആന്റിക്ലൈമാക്സിലേയ്ക്ക്‌..

ജീവിതം എത്തിപ്പിടിയ്ക്കാനായി,പിറന്ന നാടും,വീടുംവിട്ട്‌;ഉറ്റവരേയും ഉടയവേരെയും,ഉപേക്ഷിച്ച്‌ ഏകാന്തയാത്രചെയ്യാന്‍ വിധിയ്ക്കപ്പെട്ട മനുഷ്യര്‍!!!

വേണ്ടതിലധികവും വാരിക്കൂട്ടിയിട്ടും,പിന്നെയും,പിന്നേയും വാരിക്കൂട്ടാന്‍ പരക്കംപായുന്ന അത്യാഗ്രഹിയായ മനുഷ്യന്‍!!

പിറന്ന നാടിനേയും നാട്ടുകാരേയും പുച്ഛത്തോടെ തിരസ്ക്കരിച്ച്‌;വെളുവെളുത്ത ശീമനാടുകളില്‍ ചേക്കേറാന്‍ വ്യഗ്രതകൊള്ളുന്ന അഹങ്കാരിയും,വിഡ്ഡിയുമായ മനുഷ്യന്‍!!..

സ്വന്തം നേട്ടങ്ങള്‍ക്കായി,ആരേയും ഒറ്റിക്കൊടുക്കാന്‍ മടിയ്ക്കാത്ത സ്വാര്‍ത്ഥാനായ മനുഷ്യന്‍!!!

വെറുംധനമോഹത്താല്‍, യാതൊരു ശത്രുതയുമില്ലാത്ത ഒരു സഹജീവിയെ മൃഗീയമായി കുത്തിമലര്‍ത്തുന്ന ക്രൂരനായ മനുഷ്യന്‍!!!

മനുഷ്യസ്വഭാവത്തിന്റെ വിവിധ രൂപങ്ങള്‍ ഒരു ചച്ചിത്രത്തിലെന്നോണം എന്റെ മനസ്സില്‍ തെളിഞ്ഞുമായാന്‍തുടങ്ങി....

എനിക്കുമുന്നിലൂടെ പോകുന്ന അനേകം മനുഷ്യരെ ഞാന്‍ സൂക്ഷിച്ചു നിരീക്ഷിച്ചു...

വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ മറ്റെല്ലാ,പരിഷ്ക്കാരികളായ മനുഷ്യര്‍ക്കും ഒരേ മുഖച്ഛായ!! ഞാനെന്നഭവാത്തിന്റെ അപകടകരമായ ഒരു വിന്യാസം എല്ലാവരിലും വ്യക്തം!! മിന്നിമായുന്ന മുഖഭാവങ്ങളില്‍ ചുറ്റുമുള്ളവരില്‍നിന്നും,താന്‍ത്തന്നെ കേമന്‍ എന്നു വിളിച്ചുപറയുംപോലൊരു രീതി!!

ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ തനിക്കുച്ചുറ്റുമുള്ള മനുഷ്യരെ ചെറുതാക്കാനുള്ള തീവ്വ്രമായ ഒരു ശ്രമം എല്ലാവരിലും പ്രകടം!!

ഇത്‌ ഈ നൂറ്റാണ്ടിന്റെ മുഖച്ഛായതന്നെയാണോ?!!

അണുകുടുംബങ്ങളിലെ,എല്‍.കെ.ജി.കുഞ്ഞിനെപ്പോലും ക്ലാസ്സിലെ മറ്റെല്ലാക്കുട്ടികളേയും,ചെറുതാക്കി ഒന്നാംറാങ്ക്‌വാങ്ങാന്‍ പഠിപ്പിയ്ക്കുന്ന ആധുനികസംസ്കാരത്തിന്റെ അനിവാര്യമായ ശാപംത്തന്നെയല്ലേ ഇതും?...

കയ്യിലുള്ള സമ്പത്തിന്റെ അളവുമാത്രമാണ്‌ വ്യക്തിമൂല്യം നിര്‍ണ്ണയിക്കുക എന്ന ഒരു രീതി എവിടേയും വ്യക്തമായി സ്ഥാപിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു!!!!

ബന്ധുസമാഗമങ്ങളില്‍...ആഘോഷങ്ങളില്‍..ആരാധനാലയങ്ങളില്‍..രാഷ്ട്രീയ വേദികളില്‍.. എന്നുവേണ്ട എവിടേയും മൂല്യാധിപത്യത്തേക്കള്‍,ധനാധിപത്യം കണ്ടറിയാന്‍കഴിയും!!

ചിന്തകള്‍ക്ക്‌ കടിഞ്ഞാണിടാനെന്നപോലെ പച്ചപരിഷ്കാരിയുവതിയും,യുവാവും എനിക്കു മുന്നിലുള്ള സീറ്റില്‍ ഹൈഹീല്‍ഡ്‌ ഷൂവിന്റെ ടക്‌..ടക്‌ ശബ്ദവുമായി വന്നിരുന്നു..

ചിന്തകളില്‍നിന്നും രക്ഷപ്പെട്ട ഞാന്‍ പതുക്കെ അവരെ ശ്രദ്ധിക്കന്‍ തുടങ്ങി..

രണ്ടുപേരും ലേറ്റസ്റ്റ്‌ ഫാഷനില്‍ ഉള്ള ലോവെയ്‌സ്റ്റ്ജീന്‍സും,ടോപ്പുമാണു വേഷം.

യുവതി, സ്ലീവ്‌ലെസ്സ്‌...ക്രോപ്പ്‌ചെയ്ത മുടി..കടുംച്ചായംത്തേച്ച ചുണ്ടുകള്‍!!

സുന്ദരിയല്ലെങ്കിലും,ശരീരവടിവുകള്‍ ആകാവുന്നത്ര വെളിവാക്കിക്കൊണ്ടുള്ള വസ്ത്രധാരണവും,ആവശ്യത്തില്‍കൂടുതല്‍ മൈക്‌ക്‍അപ്പും കൂടി ആകെയൊരു മാദകത്വം തോന്നിപ്പിക്കുന്ന പ്രകൃതം.

യുവാവ്‌ അല്‍പ്പം തടികൂടുതലാണെങ്കിലും,ശരിക്കും ഒരു ജീനിയസ്സ്‌ ലുക്ക്‌ ആണ്‌..

മുപ്പതിനുമുകളില്‍ പ്രായം.രണ്ടുപേര്‍ക്കും കണ്ണടയുണ്ട്‌

വന്നിരുന്നപാടെ ലാപ്‌ടോപ്പില്‍ എന്തൊക്കയോ ചെയ്തുതുടങ്ങിയിരിക്കുന്നു..ഇടയ്ക്കിടയ്ക്ക്‌ ഐഫോണിലൂടെ സംസാരവും..

ഞാന്‍ അവരെത്തന്നെ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.. എപ്പോഴെങ്കിലും അവരുടെ നോട്ടം എന്നിലേയ്ക്കു പായുന്നുണ്ടോ എന്നു ഞാന്‍ പലവട്ടം ശ്രദ്ധിച്ചു..

എന്നെയെന്നല്ല,ചുറ്റുപാടുമുള്ള ഒരാളേയും അവര്‍ ശ്രദ്ധിയ്ക്കുന്നതായി എനിക്കു തോന്നിയില്ല അവര്‍ അവരുടെ ലോകത്തു തന്നെ!!

എന്റെ മനസ്സുപറഞ്ഞു.. ഞാന്‍ ചിന്തിച്ച അതേ വ്യക്തിത്വങ്ങള്‍!!!

ലോകത്തെ മുഴുവനും ഒരു കാരിരുമ്പുകൂട്ടിലടച്ച്‌.മുഴുവന്‍ ഭൂമിയും,വാനവും തന്റേതുമാത്രമാക്കിപ്പറക്കുന്ന രണ്ടു ആധുനിക യുവത്വങ്ങള്‍!!!

വല്ല സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍മാരുമാവാം രണ്ടുപേരും....ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്താവും ജോലി..കണക്ഷന്‍ഫ്ലൈറ്റിനായി ബഹ്‌റൈനിലേയ്ക്കുപോകുന്നതായിരിക്കും..


അനായാസം ലാപ്പ്റ്റോപ്പില്‍ പറന്നുനടക്കുന്ന അവരുടെ കൈവിരലുകള്‍ എന്നെ അങ്ങനെ ചിന്തിപ്പിയ്ക്കാനാണുതോന്നിപ്പിച്ചത്‌.

ഫ്ലൈറ്റിനിനിയും ഒന്നരമണിക്കൂര്‍ ബാക്കി...

ഇപ്പോള്‍ എന്റെ മുന്നിലിരിയുന്ന യുവാവ്‌ ഒരു വിശ്രമത്തിനെന്നോണം ഇരിയ്ക്കുന്ന സീറ്റിനിരുവശത്തുമായി കൈകള്‍ നിവര്‍ത്തിവെച്ച്‌ സീറ്റില്‍ ചാരിക്കിടക്കുകയാണ്‌.ലാപ്പ്റ്റോപ്പ്‌ അപ്പോഴും മടിയില്‍ത്തന്നെ തുറന്നുവച്ചിരിക്കുന്നു..ഒരു കയ്യില്‍ ഐഫോണ്‍!! യുവതി അപ്പോഴും ലാപ്പ്റ്റോപ്പില്‍ തന്നെ..

എനിക്കെന്തോ അവരിലുള്ള താല്‍പര്യം പോയിത്തുടങ്ങി..

ഞാന്‍ വീണ്ടും പഴയപോലെ മാറ്റുള്ളവരിലേയ്ക്ക്‌ ദൃഷ്ടിപായിച്ച്‌ സമയംക്കൊല്ലാന്‍ തുടങ്ങി...

നാട്ടില്‍ കഴിഞ്ഞ ഒരോ ദിവസവും മനസ്സിലൂടെ മിന്നിമറഞ്ഞു..

മഴയും,ഇളംവെയിലും,പുല്‍ത്തലപ്പിലെ മഞ്ഞുതുള്ളിയും ഇഷ്ടപ്പെട്ടവരുടെ മുഖങ്ങള്‍ക്കൊപ്പം മനസ്സില്‍ പീലിവിടര്‍ത്തി..

വേണ്ട..ഇതെല്ലാം അവസാനം വേദനയിലേയ്ക്ക്‌ വഴുതും.

ഫ്ലൈറ്റിനിനിയും സമയം ബാക്കിയുണ്ടല്ലോ എന്ന ചിന്തയും എന്നെമുഷിപ്പിച്ചു

ചിന്തകളെല്ലാം ഒഴിവാക്കാന്‍ ശ്രമിച്ച്‌,വെറുതെ കണ്ണുകളടച്ച്‌ സീറ്റില്‍ ചാരിക്കിടന്നു..

എപ്പോഴാണ്‌ മയക്കത്തിലേയ്ക്കുവീണതെന്നറിയില്ല..

എന്തോ ഒരു ബഹളംകേട്ടുണര്‍ന്നുനോക്കിയപ്പോള്‍ എനിക്കു മുന്നില്‍ യാത്രക്കാരെല്ലാം തടിച്ചുകൂടിയിരിയ്ക്കുന്നു!!!

കണ്ണുതിരുമ്പി വീണ്ടും വ്യക്തതവരുത്തി....

അതെ,അവര്‍ എനിക്കുമുന്നിലിരുന്നിരുന്ന ആ യുവാവിനും,യുവതിയ്ക്കും ചുറ്റുമാണ്‌..

തിരക്കിനിടയിലൂടെ അവരെ കാണാന്‍ ഒരു ശ്രമംനടത്തി.പക്ഷെ വിജയിച്ചില്ല...

തിരക്കിനുള്ളില്‍നിന്നും പുറത്തേക്കുകടന്ന ഒരു മദ്ധ്യവയസ്കന്‍ പരിഭ്രമിച്ചുനില്‍ക്കുന്ന എന്റെ മുഖത്തുനോക്കി ആത്മഗതം പോലെ പറഞ്ഞു.."അറ്റാക്കായിരിക്കും..പാവം തീരെ ചെറുപ്പം പയ്യന്‍!!! എന്നാലും കഷ്ടമായിപ്പോയി!!!!"

ഇത്തവണത്തെ മടക്കയാത്ര പതിവിലേറേ വിഷമിപ്പിക്കുന്നല്ലോ എന്നു മനസ്സ്‌ വെറുതെ പറഞ്ഞുക്കൊണ്ടിരുന്നു..

ഒരുവട്ടം കൂടി ആ ചെറുപ്പക്കാരന്റെ മുഖമൊന്നുകാണാന്‍ ശ്രമിച്ചു,പക്ഷെ എയര്‍പ്പോര്‍ട്ട്‌ സെക്യൂരിറ്റിയും ഓഫീസേര്‍സും,എല്ലാംകൂടി തിരക്ക്‌ വീണ്ടും വര്‍ദ്ധിയ്കുകയാണ്‌

അല്ലെങ്കില്‍വേണ്ട..

ഞാന്‍ തിരക്കില്‍നിന്നും പതുക്കെ സ്യൂട്ട്‌കെയ്‌സുമെടുത്ത്‌ പുറത്തുകടന്നു..

എന്റെ മനസ്സുവീണ്ടും മടക്കയാത്രയുടെ വിഷമങ്ങളോര്‍ത്തുവേദനിയ്ക്കാന്‍ തുടങ്ങി..

എനിയ്ക്കു പോകേണ്ട വിമാനം ഇനി എപ്പോഴാണോ പുറപ്പെടുക എന്നചിന്ത മാത്രമായി മനസ്സില്‍...

ലേബലുകള്‍: