തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2011

മുഗള്‍ പ്രണയത്തണലില്‍.. ഒരു വലെന്റയിന്‍സ്‌ ഡേ


ജഹാംഗീര്‍ ആര്‍ട്ട്‌ ഗാലറി!

മുംബൈ നഗരത്തിന്റെ ആഡ്യത മുഴുവന്‍ ഉയര്‍ത്തിപ്പിടിയ്ക്കുന്ന കലയുടെ കേന്ദ്രം!!

മനസ്സില്‍ ആകാംക്ഷയുടെ ഒരായിരം ഉടുക്കുകള്‍ കൊട്ടിയമരുകയാണ്‌..

സോനല്‍ ഒമ്പതുമണിയോടുകൂടി ഇവിടെ എത്താമെന്നു പറഞ്ഞീട്ട്‌?..

ആല്‍ബെര്‍ട്ടിന്റെ മനസ്സിലെന്തോ പറഞ്ഞറിയിയ്ക്കാനാവത്ത ഒരു അസ്വസ്ഥത ഉറഞ്ഞുക്കൂടാന്‍ തുടങ്ങി..

എന്താണാവോ നേരം വൈകാന്‍?...

സോനലിന്റെ പ്രത്യേക താല്‌പര്യം ഒന്നുമാത്രമാണ്‌ ഇങ്ങനെ ഒരു ഒത്തുച്ചേരലിന്‌ മുതിരാന്‍ കാരണം.

ഈ വലെന്റയിന്‍സ്‌ ഡേയില്‍..ഡ്യൂട്ടിയ്ക്കാണെന്നപ്പോലെ പുറപ്പെട്ട്‌ ഇവിടെ എത്തുക..

പിന്നെ,അവള്‍ക്ക്‌ എറ്റവും ഇഷ്ടപ്പെട്ട ആര്‍ട്ട്‌ ഗാലറിയില്‍..ചിത്രങ്ങളുടേയും,ശില്‍പ്പങ്ങളുടേയും, മറ്റുകലാരൂപങ്ങളുടേയും നടുവില്‍ മനോഹരമായ ഒരു ഒത്തുച്ചേരല്‍!!!

ചിത്രകാരിയാവാന്‍ മോഹിച്ച ഗുജറാത്തിത്തുണിക്കച്ചവടക്കാരന്റെ ഏകമകള്‍!!

മുംബൈ മഹാനഗരത്തിലെ തന്റെ ആദ്യസുഹൃത്ത്‌!!

മൂന്നുമാസംകൊണ്ട്‌ തന്നെ മനോഹരമായി ഹിന്ദി പഠിപ്പിച്ച അദ്ധ്യാപിക!!

ആദ്യമായി കേരളംവിട്ട തന്റെ ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളില്‍ കുളിരായി പെയ്തിറങ്ങിയ സ്നേഹത്തിന്റെ ചാറ്റല്‍മഴ!!

ആല്‍ബെര്‍ട്ടിന്റെ മനസ്സില്‍ ഈയിടെയായി സോനല്‍ നിറഞ്ഞുനില്‍ക്കുകയാണ്‌..

സോനല്‍ ഓഫീസിലെത്താന്‍ അല്‍പ്പം വൈകിയാല്‍....

ഒരു ദിവസം ലീവെടുത്താല്‍..എല്ലാം മനസ്സുപിടയും..

സോനല്‍ ഒന്നു വേഗം വന്നിരുന്നുവെങ്കില്‍...

സോനല്‍ ഇന്നു ലീവെടുക്കാതിരുന്നെങ്കില്‍..


ആല്‍ബെര്‍ട്ടിന്റെ ചിന്തകളില്‍ ചാറ്റല്‍മഴപൊഴിയുന്ന ആ പഴയ പ്രഭാതം പറന്നെത്തി..

സോനലിനെ ആദ്യമായി കണ്ട ദിവസം...

മുംബൈ മഹാനഗരത്തിലെ, അന്ധേരിയിലെ ഷെയര്‍റെജിസ്റ്റെറിംഗ്‌ കമ്പനിയിലാദ്യമായി ജോലിയ്ക്കെത്തിയ ദിവസം...

മനസ്സില്‍ ഒരായിരം ആശങ്കകളായിരുന്നു..

ജോലി എങ്ങനെയായിരിയ്ക്കും?...

കമ്പ്യുട്ടര്‍ ഡിപ്ലോമ കഴിഞ്ഞതില്‍പ്പിന്നെ കമ്പൂട്ടറുമായുള്ള ബന്ധം പിരിഞ്ഞതാണ്‌.. ഇനി നേരിട്ടു കമ്പ്യൂട്ടറില്‍ എന്തെങ്കിലും പണിതന്നാല്‍ പണിയാവും!!!

മനസ്സില്‍ ആകപ്പാടെ അസ്വസ്ഥതയുടെ കരിമേഘങ്ങള്‍ നിറയുകയായിരുന്നു..

കഷ്ടിച്ചു പറഞ്ഞൊപ്പിയ്ക്കാവുന്ന ഇംഗ്ലീഷല്ലാതെ,ഹിന്ദി കാര്യമായൊന്നുംതന്നെ അറിയില്ലായിരുന്നു..

ടിവിയില്‍ കണ്ട ഹിന്ദിസിനിമകളുടേയും,പത്താംക്ലാസ്സുവരെ പഠിച്ച ഹിന്ദിഭാഷയുടേയും ബലം മനസ്സില്‍ ഇല്ലാതില്ല.

സെക്ഷണല്‍ മാനേജര്‍ കമ്പനിയെക്കുറിച്ചുള്ള ചെറിയൊരു വിവരണത്തിനുശേഷം നാലുനിലകളിലായി ചിതറിക്കിടക്കുന്ന വിവിധ സെക്ഷനുകള്‍ പരിചയപ്പെടുത്തിതന്നു.

ഒടുവില്‍ കസേര കിട്ടിയത്‌ ട്രാന്‍സ്ഫര്‍ സെക്ഷനിലെ സോനലിന്റെ മേശയില്‍..

സെക്ഷന്‍ഹെഡ്‌ തനൂജ മാഡത്തിന്റെ മേശയ്ക്കഭിമുഖമായി..അവസാനത്തെ നിരയില്‍ രണ്ടുപേര്‍വീതം ഇരിയ്ക്കുന്ന മേശകളിലൊന്നില്‍..സോനലിന്റെ ഇടതുവശത്തായി...

മേശയ്ക്കു നടുവിലായി നെറ്റ്‌വര്‍ക്ക്‌കമ്പൂട്ടര്‍ രണ്ടുപേര്‍ക്കും ഉപയോഗിയ്ക്കവുന്ന തരത്തില്‍ വെച്ചിരിയ്ക്കുന്നു.

അപരിചിതമായ അന്തരീക്ഷവും,പിന്നെ ആരേയും ആകര്‍ഷിക്കുന്ന പാല്‍പുഞ്ചിരിയുമായി"വെല്‍ക്കം" പറഞ്ഞ സോനലും,എല്ലാംകൂടി ഓഫിസിലെ ചൂടു വര്‍ദ്ധിയ്ക്കുന്നതായിതോന്നി..

പുറത്തു നേരിയ മഴച്ചാറ്റലുണ്ടായിരുന്നീട്ടും ഓഫിസില്‍ ചൂടുകൂടുന്നതുപോലെ..

സീറ്റില്‍ ഇരുന്ന്‌ തലയ്ക്കുമുകളിലായി നിശ്ചലമായ ഫാനിലേയ്ക്കു ഒന്നുരണ്ടുവട്ടം വെറുതെ നോക്കി..

തന്റെ വിഷമം മനസ്സിലാക്കിയിട്ടെന്നപോലെ സോനല്‍ പുറകിലെ ചുവരിലെ ഫാനിന്റെ സ്വിച്ച്‌ ഓണാക്കാന്‍ എഴുന്നേറ്റു..

അപ്പോഴാണ്‌ താന്‍ സോനലിനെ ശരിയ്ക്കും ശ്രദ്ധിയ്ക്കുന്നത്‌..

ഇളംറോസ്‌കളര്‍ ചുരിദാര്‍!!

മനോഹരമായ അവളുടെ ശരീരവടിവുകള്‍ക്കൊപ്പം മനോഹരമായ അളവുകളില്‍ തീര്‍ത്തിരിയ്ക്കുന്നു!!.മുകളീല്‍ തൂവെള്ള ഷാള്‍!!..

തുടുത്ത മുഖത്തെ..ആ വെളുത്ത ഷാള്‍ ഒന്നുകൂടെപ്രകാശിപ്പിക്കുന്നു!!

വെളുപ്പും,റോസും നിറങ്ങള്‍ ഗോതമ്പുനിറമുള്ള സോനലിനെ ശരിയ്ക്കുമൊരു സുന്ദരിയാക്കിയിരിയ്ക്കുന്നു!!

തോളിനൊപ്പം മുറിച്ച മുടി വളരേ ശ്രദ്ധിച്ച്‌ ചീകിയൊതുക്കിയിരിയ്ക്കുന്നു..

തീര്‍ത്തും മനോഹാരിതയുടെ ഒരു മിനിയേച്ചര്‍ രൂപം!!

സോനല്‍ വളരേ ബ്യൂട്ടികോണ്‍ഷ്യസുള്ള പെണ്‍ക്കുട്ടിയാണെന്ന്‌ ആദ്യദര്‍ശനത്തില്‍ത്തന്നെ ആര്‍ക്കും മനസ്സിലാവും..

ഫാന്‍ ഓണാക്കിയപ്പോള്‍ പേപ്പര്‍വെയിറ്റ്‌ ഇല്ലാതെ മേശപ്പുറത്തുവച്ചിരുന്ന ഷെയര്‍സെര്‍ട്ടിഫിക്കറ്റുകള്‍ കാറ്റില്‍ പറന്നു. പെട്ടന്നുതന്നെ വലതുകൈകൊണ്ട്‌പിടിച്ചു..

ഷെയര്‍സെര്‍ട്ടിഫിക്കറ്റുകള്‍ പറക്കുന്നതുകണ്ട സോനലും പെട്ടന്നു പിടിയ്ക്കാന്‍ ഒരു ശ്രമം നടത്തി..

തന്റെ കൈകള്‍ക്കുമുകളില്‍ സോനലിന്റെ മൃദുവായ കൈപ്പടം!!!

ഒരു നിമിഷത്തിന്റെ വേഗതയില്‍ സോനല്‍ കൈവലിച്ചു..

തികച്ചും അപ്രതീക്ഷിതമായ ഒരു സ്പര്‍ശനമായിരുന്നു അത്‌!!!!

പക്ഷെ,തന്റെ മനസ്സിന്റെ ആര്‍ദ്രതലങ്ങളിലെങ്ങോ ആ നനുനനുത്ത വിരലുകളുടെ സ്പര്‍ശം മായാത്ത ഒരു അനുഭവമായി പതിഞ്ഞുകഴിഞ്ഞിരുന്നു!!!

നാണമുണരാന്ത്തുടങ്ങിയ കണ്‍കോണുകളെ അതിവിദഗ്ദമായി നിയന്ത്രിച്ച സോനല്‍ ഷെയര്‍സെര്‍ട്ടിഫിക്കറ്റുകള്‍ ഇരുകൈകള്‍കൊണ്ടും പിടിച്ചുക്കൊണ്ട്‌പറഞ്ഞു..

"വോ ലക്കിഡി നിക്കാലോ ഭായീ..."

"ജല്‍ദി വോ ലക്കിഡി നിക്കാലോ!!!"

മേശയുടെ അടിയിലേയ്ക്കുനോക്കിക്കൊണ്ടാണ്‌ സോനല്‍ അതു പറഞ്ഞത്‌..

ഹിന്ദിയില്‍ കാര്യമായ പരിജ്ഞാനമൊന്നും ഇല്ലാതിരുന്ന തനിയ്ക്ക്‌ ലക്കിഡിയുടെ അര്‍ത്ഥം ശരിയ്ക്കും പിടികിട്ടിയില്ല.

തനിയ്ക്ക്‌ ലക്കിടിയുടെ അര്‍ത്ഥം അറിയില്ലെന്നു മനസ്സിലാക്കിയ സോനലിന്റെ സുന്ദരമായ മുഖത്ത്‌ ചിരിവിടര്‍ന്നു..

അതിമനോഹരമായ ചിരി!!

മേശയ്ക്കടിയില്‍ക്കിടക്കുന്ന ചെറിയ മരക്കഷണത്തെ നോക്കി വീണ്ടും സോനല്‍ പറഞ്ഞു..

"അരേ ഭായി,വോ ലക്കിടി നിക്കലോ!!!"

പിന്നേയും മണിക്കിലുക്കംപോലെ അതിമനോഹരമായ ചിരി..

പെട്ടെന്ന്‌ ആകെ ചമ്മി മേശയ്ക്കടിയില്‍നിന്നും, ചെറിയ ആ മരക്കഷണമെടുത്തു ഷെയര്‍ സെര്‍ട്ടിഫിക്കറ്റുകള്‍ക്കുമുകളില്‍ വയ്ക്കുമ്പോള്‍,പാല്‍പുഞ്ചിരിമാറാത്ത മുഖത്തോടെ സോനല്‍ തന്റെ അടുത്തേയ്ക്ക്‌ ചാഞ്ഞിയിരുന്ന്‌ ചിരിയടക്കാന്‍ പണിപ്പെട്ടുകൊണ്ട്‌ ഒരു കുസൃതിചോദ്യം...

"ആപ്ക്കൊ, ലഡ്ക്കി മാലും ഹെ?!!"

പിന്നേയും പവിഴം ചിതറുന്ന ആ ചിരി...

സോനല്‍ ശരിയ്ക്കും തന്നെ കളിയാക്കിച്ചിരിയ്ക്കുകയാണെന്നു മനസ്സിലായി..

"ലഡ്‌ക്കി?!!!!..." നിന്നെപ്പോലെ സുന്ദരമായ ദൈവത്തിന്റെ സൃഷ്ടിയെ എങ്ങനെ അറിയാതിരിയ്ക്കും?.. എന്നു സോനലിനോട്‌ ഇംഗ്ലീഷില്‍ ചോദിയ്ക്കണമെന്നുണ്ടായിരുന്നു....പക്ഷേ.. ചോദിച്ചില്ല.

തികച്ചും പുതുമുഖമായ താന്‍ അങ്ങനെ ഒരു ചോദ്യം ചോദിയ്ക്കുന്നത്‌ അത്ര ഔചിത്യമാവില്ല എന്നു മനസ്സുപദേശിച്ചു..

സോനലിന്റെ അടുത്തുതന്നെ സീറ്റുക്കിട്ടിയതിന്‌ ശരിയ്ക്കും ദൈവത്തോട്‌ നന്ദിപറഞ്ഞു. കാരണം, വളരേ റിലാക്സായി ജോലിചെയ്യാന്‍ പറ്റിയ സീറ്റായിരുന്നു അത്‌...

ഞങ്ങള്‍ക്കുപിറകില്‍ ആരുമില്ല. തനൂജമാഡത്തിനുമാത്രമായിരുന്നു ഞങ്ങളില്‍ നേരിട്ടു നോട്ടമെത്തിയിരുന്നത്‌..

സീറ്റിന്റെ ഈ സ്ഥാനവും,ഞങ്ങളുടെ സുഗമമായ സൗഹൃദത്തിന്റെ തീവ്രതക്കൂട്ടാന്‍ കാരണമായി..

അവിടെത്തുടങ്ങിയ സൗഹൃദരസച്ചരടിന്റെ വര്‍ണ്ണനൂലുകല്‍ കുരുങ്ങിക്കുരുങ്ങി തേനൂറുന്ന ഒരനുഭൂതിയായിമാറിയത്‌ എപ്പോഴായിരുന്നു?...

ആല്‍ബെര്‍ട്ടിന്റെ മനസ്സ്‌ വെറുതേ പരതി..

ഡ്യൂട്ടിയ്ക്കിടയില്‍ വീണുക്കിട്ടുന്ന ഇടവേളകളിലെ കുസൃതികളിലും,സൗഹൃദസംഭാഷണങ്ങളുടെ ഇഴകളിലുംവെച്ചായിരുന്നോ?..

അതോ..വാരാന്ത്യങ്ങളില്‍ ത്രസിയ്ക്കുന്ന മനസ്സുമായി അലഞ്ഞുനടന്ന കടല്‍ത്തീരങ്ങളുടെ ആവേശത്തിരകളില്‍വെച്ചായിരുന്നോ?

അതോ.. തന്റെ ഗൃഹാതുരത്വത്തിന്റെ വിങ്ങലുകളില്‍ അവള്‍ പകര്‍ന്നസ്നേഹവായ്പ്പിന്റെ,ഐസ്ക്രീം മധുരങ്ങളില്‍വെച്ചായിരുന്നോ?..

അതോ,കലയുടെ തീരങ്ങളില്‍ പര്‍ണ്ണശാലതീര്‍ക്കാന്‍വെമ്പിയ തങ്ങളുടെ കലാഹൃദയങ്ങളുടെ തേങ്ങലുകളില്‍വച്ചായിരുന്നോ?..

ഒരുപോലെ ചിന്തിയ്ക്കുന്ന ഹൃദയങ്ങള്‍ പെട്ടെന്ന്‌ അടുക്കുന്നു!!

സോനലിനേപോലേ, താനും വര്‍ണ്ണങ്ങളേയാണ്‌ സ്നേഹിച്ചത്‌....

വര്‍ണ്ണങ്ങള്‍ക്കൊണ്ട്‌ മാന്ത്രികസാമ്രാജ്യങ്ങള്‍ വാഴുന്ന ഒരു ചക്രവര്‍ത്തി!!

കൗമാരസ്വപ്നങ്ങളില്‍ എപ്പോഴും ആ മോഹപ്രപഞ്ചം നിറഞ്ഞുനിന്നു..

ഓരോ വികാരങ്ങള്‍ക്കും ഓരോ നിറമായിരുന്നു..

ആ മോഹവര്‍ണ്ണരാജികള്‍ക്ക്‌ ജീവന്‍വെച്ചപോലേയായിരുന്നു സോനല്‍!!


നേര്‍ത്ത മഞ്ഞില്‍പുതപ്പിനുതാഴെ ത്രസിയ്ക്കുന്ന ഒരു മോണിംഗ്‌ഗ്ലോറിയെപ്പോലെ സുന്ദരിയായ സോനലിന്റെ നിര്‍ബ്ബന്ധം....

താന്‍ അവളുടെ ഒരുചിത്രം വരയ്ക്കണം.

തനിയ്ക്കൊന്നും ആലോചിയ്ക്കാനില്ലായിരുന്നു...

ആദ്യമായി തന്റെ മനസ്സില്‍പ്പ്പതിഞ്ഞ സോനലിന്റെ മനോഹരച്ചിത്രം പകര്‍ത്തിയെഴുതി..

ഇളംറോസ്‌കളര്‍ ചുരിദാറില്‍ വശ്യമായിച്ചിരിയ്ക്കുന്ന സോനല്‍!!

'വാട്ടര്‍ കളറില്‍' റിയലിസ്റ്റിക്ക്‌ ആയി വരച്ച ആ ചിത്രത്തിനുലഭിച്ച പ്രതികരണം തന്റെ പ്രതീക്ഷകള്‍ക്കും മേലെയായിരുന്നു!!

സോനലിന്റെ കണ്ണുകളിലെ കുസൃതി തീര്‍ത്തും ആരാധനയ്ക്ക്‌ വഴിമാറി.. രണ്ടുമിനിട്ടുനേരം അവള്‍ മിഴിവെട്ടാതെ തന്റെ കണ്ണുകളിലേയ്ക്കുതന്നെ നോക്കിയിരുന്നു!!

ആ നോട്ടത്തില്‍,ബഹുമാനത്തിന്റേയും, ആരാധനയുടേയും, എണ്ണിയാലൊടുങ്ങാത്തത്ര വര്‍ണ്ണക്കൂട്ടുകള്‍ വിരിയുന്നത്‌ തന്നെ അത്ഭുതപ്പെടുത്തി...

സ്ത്രീഹൃദയങ്ങളില്‍ കലകള്‍ക്കുള്ള സ്വാധീനം താന്‍ ശരിയ്ക്കും മനസ്സിലാക്കിയത്‌ അന്നായിരുന്നു...

"അതാ സോനല്‍!!!"

ആല്‍ബെര്‍ട്ട്‌ പരിസരബോധം മറന്നുപറഞ്ഞുപോയി..

അത്രയും സന്തോഷവാനായിരുന്നു ആല്‍ബെര്‍ട്ട്‌!!

"തന്റെ ഹൃദയതന്ത്രികളില്‍ അമൃതവര്‍ഷിണീരാഗങ്ങള്‍ പെയ്യിയ്ക്കുവാന്‍ കഴിയുന്ന ഇളംകാറ്റുപോലെ സോനല്‍!!!..."

ആല്‍ബെര്‍ട്ടിന്റെ മനസ്സുമന്ത്രിച്ചുക്കൊണ്ടിരുന്നു...

ആദ്യമായി, സോനലിനെ കണ്ടപ്പോള്‍ ധരിച്ചിരുന്ന അതേ ഇളംറോസ്‌ ചുരിദാര്‍!!

താന്‍ വരച്ച ചിത്രത്തിലെ അതേ സോനല്‍!!

"സോനല്‍,ക്യോം ഇത്‌നാ ലേറ്റ്‌ ഹോഗയീ?..."

"തേരേലിയെ വെയ്റ്റ്‌ കര്‍ക്കേ..കര്‍ക്കേ...മോര്‍ ദാന്‍ വണ്‍ അവര്‍...സോനല്‍!!!..

എന്നീട്ടും സോനല്‍ ഒന്നും പറഞ്ഞില്ല...

കുളിര്‍ത്തെന്നല്‍ പോലേ..മനസ്സിനെത്തഴുകുന്ന പുഞ്ചിരിമാത്രം!!!

ഒരു സ്വപനത്തിന്റെ അനിര്‍വചനീയമായ സുഖംപോലെ..ആല്‍ബെര്‍ട്ട്‌ അവളോടൊപ്പം നടന്നു..

ജഹാംഗീര്‍ ആര്‍ട്ട്ഗാലറിയുടെ മനംമയക്കുന്ന കലയുടെ ഔന്നിത്യങ്ങള്‍ക്കുമുന്നില്‍ അവള്‍ ഒരു കൊച്ചുക്കുഞ്ഞിനേപ്പോലേ വിസ്മയിച്ചുനില്‍ക്കുന്നത്‌ ആല്‍ബെര്‍ട്ട്‌ അവിശ്വസനീയതയോടേ നോക്കി..

പിന്നെ,മുഗള്‍രാജാക്കന്മാരുടെ പവലിയനിലെ തീവ്രപ്രണയത്തിന്റെ തിരകളടിയ്ക്കുന്ന ഇടനാഴികളിലൂടെ സോനലിനൊപ്പം നടക്കുമ്പോള്‍ ശരിയ്ക്കും ആല്‍ബെര്‍ട്ട്‌ ഷാജഹാന്‍ ചക്രവര്‍ത്തിയായിമാറിക്കഴിഞ്ഞിരുന്നു!!!

സോനല്‍ സ്വപ്നസുന്ദരിയായ മുംതാസ്‌!!

പ്രണയദിനത്തിന്റെ നീലാകാശത്തിനു കീഴേ വെളുവെളുത്ത മേഘക്കുഞ്ഞുങ്ങള്‍ക്കൊപ്പം ഒഴുകുമ്പോള്‍ സോനല്‍ ആല്‍ബെര്‍ട്ടിന്റെ കൈവിരലുകളില്‍ മൃദുവായി തഴുകി...

അതില്‍ അനിര്‍വചനീയമായ ഒരു താളമുണ്ടായിരുന്നു...

മനസ്സിനെ തൊടുന്ന ഒരു ഈണമുണ്ടായിരുന്നു...

അത്‌ ഏതുവികാരമായിരുന്നു?...

പ്രേമമായിരുന്നോ?.....

സ്നേഹമായിരുന്നോ?..

അതോ..മനസ്സിനെ മയക്കുന്ന വന്യവികാരങ്ങളേതെങ്കിലുമായിരുന്നോ?..

ആല്‍ബെര്‍ട്ട്‌ മനസ്സിന്റെ,കെട്ടുകളഴിയ്ക്കാന്‍ തുടങ്ങുമ്പോഴേയ്ക്കും സോനല്‍ പറന്നകന്നിരുന്നു..

പറന്ന്‌...പറന്ന്‌.. മുംബൈനഗരത്തിന്റെ തിരക്കിന്റെ കണികകളിലൊരു ബിന്ദുവായി മറയുമ്പോള്‍ മുഗള്‍പവലിയനില്‍നിന്നും സോനല്‍ കൈമാറിയ താജ്‌മഹലിന്റെ മനോഹരമായ ലീഫ്‌ലെറ്റ്‌ ആല്‍ബെര്‍ട്ട്‌ തുറന്നുവായിയ്ക്കാനാരംഭിച്ചു..

തന്റെ ഒടുങ്ങാത്ത പ്രണയത്തിന്റെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പണിക്കഴിപ്പിച്ച മനോഹരമായ താജ്‌മഹലിന്റെ ചിത്രമടങ്ങിയ ആ ലീഫ്‌ലെറ്റില്‍, ആര്‍ഷഭാരതത്തിലെ അനശ്വരപ്രേമത്തിന്റെ കയ്യൊപ്പിനൊപ്പം. സോനലിന്റെ ഊഷ്മളമായ സ്നേഹവായ്പ്പിന്റെ കയ്യൊപ്പും തെളിയുന്നതായി ആല്‍ബെര്‍ട്ടിനനുഭവപ്പെട്ടു.

ലേബലുകള്‍: