കൊക്കും,മറിയച്ചേടത്തിയും....പിന്നെ അന്തോണീസിന്റെ സൈക്കിള്‍ കയറ്റവും!!!
വെള്ളിലാംകുന്നിന് ഈ പേരുവീഴാന്‍ കാരണം അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെയാണ്!!!
വെള്ളിലാംകുന്ന് ശരിയ്ക്കും ഒരു വലിയ കുന്ന് തന്നെയാണ്...
പണ്ട്....പണ്ടുപണ്ട്....ജനസാന്ദ്രത കൂടുന്നതിനും കുറേ പണ്ട്..ഈ കുന്നില്‍ നിറയെ വെള്ളിലംതാളികള്‍ പൂത്തു നിന്നിരിന്നുവെന്നും..വഴിപോക്കര്‍ക്ക് ഇതൊരുവെള്ളിലംതാളിയുടെ കുന്നായി തോന്നി'വെള്ളിലാംകുന്ന്' എന്ന് പേരുണ്ടായി എന്നുമാണ് ഐതീഹ്യം!!
എന്നാല്‍ അങ്ങനെയല്ല... 'അമ്മ കറുത്തത്..മോള് വെളുത്തത്..മോളുടെ മോളതിസുന്ദരി' എന്നും പേരുള്ള വെള്ളിലം താളി പോലൊരു സുന്ദരികുടുംബം വെള്ളിലാംകുന്നില്‍ താമസിച്ചിരുന്നുവെന്നും...അവരെച്ചുറ്റിപറ്റിയാണ് വെള്ളിലാംകുന്നിന് ഈ പേരുണ്ടായതെന്നും മറ്റൊരു ഐതീഹ്യവും നിലവിലുണ്ട്.
'വെള്ളിലാംകുന്ന്'പടിഞ്ഞാറോട്ടിറങ്ങിപോകുന്ന പഞ്ചായത്ത് റോഡ് നേരെ ചെന്നെത്തുന്നത് ഇരിങ്ങാലക്കുട ശ്രീ കൂടല്‍മണിക്യം അമ്പലത്തിലും..കിഴക്കോട്ടുപോയാല്‍ തൃശ്ശൂര്‍ ചാലക്കുടി ദേശീയപാതയിലുമാണ്.
എന്തായാലും വെള്ളിലാംകുന്നിന്റെ പ്രകൃതിരമണീയതയ്ക്ക് ഇന്നും യാതൊരുകുറവുമില്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം.
പച്ചയുടുത്ത പാടശേഖരങ്ങള്‍ക്കരികിലായി ഒരു മൊട്ടക്കുന്നുള്ള മനോഹരഗ്രാമം വെള്ളിലാംകുന്ന് മാത്രമായിരിക്കും എന്ന് ഞാന്‍ വെറുതേ ചിന്തിക്കാറുണ്ട്..
കയ്യില്‍ രണ്ട് നാടന്‍കോഴികളെ തലകീഴായി തൂക്കിപ്പിടിച്ചുകൊണ്ട് 'കൊക്ക്‌മൊയ്തീന്‍' കയറ്റം കയറുകയാണ്....ഇരുവശത്തും നിരന്ന പാടശേഖരങ്ങള്‍ക്ക് നടുവിലൂടെ പടിഞ്ഞാറുനിന്നും വെള്ളിലാംകുന്നിലേക്കുള്ള കുത്തനേയുള്ള കയറ്റം..
തലയില്‍ ഒരു 'ചൂരകൊട്ടയില്‍' 'നെല്ലുകുത്തരി'യുമായി ഇറക്കമിറങ്ങിവരുന്ന മറിയച്ചേടത്തിയുടെ കുശലാന്വേഷണം..
"എവിടെന്നാ 'മൊയ്തീനിക്കാ' രവിലെതന്നെ 'ഇണക്കോഴി'കളേയും കൊണ്ട്?.."
"ഇണക്കോയികളോ?...."
"ഇണകുരുവീന്നൊക്കെ കേട്ട്‌രിക്ക്‌ണ്..'ഇണക്കോയീന്ന്' ന്ന് ഇത്‌പ്പോ ആദ്യയ്‌ട്ട് കേക്ക്‌ണ്!!!"
അപ്പോഴാണ് കയ്യിലിരിക്കുന്ന കോഴികളില്‍ ഒന്ന്` പൂവനും ഒന്ന് പിടയുമാണല്ലോ എന്ന കാര്യം മൊയ്തീന്‍ ഓര്‍ത്തത്...
"ന്നാലും ന്റെ റബ്ബേ!!!കുയീല്‌ക്ക് കാല്‌ബെച്ച്‌രിക്ക്‌ണ് ന്ന്‌ട്ടും ങ്‌ടരൊരു കണ്ണേ!!!"
അമ്പതാം വയസ്സിലും ഈ മറിയച്ചേടത്തീടെ നിരീക്ഷണപാടവം...പ്രസിദ്ധം തന്നെ.. വെറുതെയല്ല വെള്ളിലാംകുന്നുകാര്‍ 'ദൂരദര്‍ശനം മറിയച്ചേടത്തി'എന്നു വിളിയ്ക്കുന്നത്!!
ആലോചിച്ചു തീരുന്നതിപുന്‍പേ മറിയച്ചേടത്തി അടുത്ത ഗോളടിച്ചു കഴിഞ്ഞിരുന്നു..
"എന്തായാലും ഇന്നു രാത്രി കിണറ്റില്‍ ചാടേണ്ടിവരില്ലല്ലോ കൊക്കേ?.... ബിരിയാണിയൊന്നും വെയ്ക്കാനല്ലല്ലോ... വളത്താനല്ലേ?... കോഴികളെ?....
'കൊക്കിന്' കാര്യം മനസ്സിലായി..
മറിയച്ചേടത്തിയുടെ കുശലാന്വേഷണത്തിന്റെ ദുരുദ്ദേശം!!
കുരിയാക്കോസേട്ടന്റെ വീട്ടിലെ കല്യാണത്തിന് ആ മൊഞ്ചത്തി 'ഡെല്‍ഫീന്റെ' ചന്തം കണ്ടിരിന്ന് താന്‍ അധികമൊഴിച്ചത് പത്തിരുപത്തഞ്ചു കപ്പ് വെള്ളായിരുന്നില്ലേ?..
അബദ്ധങ്ങള്‍ പലതും പറ്റീട്ട്‌ണ്ടെങ്കിലും 'പരിശുദ്ധന്‍ കുരിയാക്കോസേട്ടന്റെ വീട്ടില്‍ പറ്റീത് അല്‍പ്പം കടന്ന കയ്യായിപോയി....
കുരിയാക്കോസേട്ടന്‍ പരിശുദ്ധനായതോണ്ട് പടച്ചോന്‍ കാത്ത്!!!
കൊക്ക് ഒരു ആത്മവിമര്‍ശനം നടത്തി നടത്തം തുടനാരുങ്ങുമ്പോഴേയ്ക്കും മറിയച്ചേടത്തി ഒരു കൊത്തുകൂടി കൊത്തി..
"കിണറ്റീന്ന് വലിച്ചു കേറ്റാന്‍ എപ്പോഴും ആളുകാണില്ലാട്ടോ കൊക്കേ.."
അടുത്തെത്തി ഇതു പറഞ്ഞതും കൊക്കിന്റെ 'കണ്ട്രോള്‍'പോയി...
'ന്റെ കയ്യീന്ന്... ജ്ജ്.. മേടിയ്ക്കും......."
എന്ന് നീട്ടി വിളിച്ചുകൊണ്ട് വലതുകൈ പൊക്കിയത്തും ഇണക്കോഴികളില്‍ പിടക്കോഴി പറന്ന് മറിയച്ചേടത്തിയുടെ തലയിലെ നെല്ലുകുത്തരികൊട്ടയില്‍ 'ലാന്റ്' ചെയ്തു.....
ഇരിങ്ങാലക്കുട ചന്തമുതല്‍ തലകീഴായിക്കിടന്ന് വെയിലുകൊണ്ട്`'ഗ്ലാമറൊക്കെ' പോയ വെളുത്തു സുന്ദരിയായ പിടക്കോഴി ചാകര കണ്ട മുക്കുവത്തിപെണ്ണിനേപോലെ സന്തോഷിച്ചു സുന്ദരിയായി മാറി!!.....
ആദ്യമായി കുത്തരികൊട്ടയില്‍ ഒന്നു കാഷ്ഠിച്ചു....
പിന്നെ തെരുതെരേ കുത്തരി തിന്നു മുടിയ്ക്കാന്‍ തുടങ്ങി..
"ന്റെ റബ്ബേ" എന്നു വിളിച്ചുകൊണ്ട് പിടക്കോഴിയേ പിടിക്കാനായി ഇരുകൈകളും പൊക്കിയതും ഇണക്കോഴികളില്‍ പൂവനും മറിയച്ചേടത്തിയുടെ കുത്തരിക്കൊട്ടയിലേയ്ക്ക് പറന്നു കയറി..
"പടച്ചോനേ!!!..മറിയച്ചേടത്തി പറഞ്ഞത് ശര്യന്നേ..ഇതു'ഇണക്കോയികള്'.....തന്ന്യാ!!!"
"കണ്ടില്ല്യേ.. ഒരുമിച്ച് കുത്തരി തിന്നുമുടിക്ക്‌ണത് ന്റെ റബ്ബേ!!!"
'ആകെ എടങ്ങേറായില്ലോന്ന്...' ചിന്തിച്ച്.. ചാണത്തില്‍ ചവിട്ടിയ സായിപ്പിനേപോലെ, പിന്തിരിഞ്ഞതും മറിയച്ചേടത്തിയുടെ താഴേയുള്ള സന്തതി 'അന്തോണീസ്`.... ആദ്യമായി കുതിരപ്പുറത്തു കേറിയ 'ടൂറിസ്റ്റിനേ'പോലെ..സൈക്കിളില്‍ ഇറക്കമിറങ്ങിവരുന്നു....
രണ്ടുദിവസംകൊണ്ട് സൈക്കിള്‍കയറ്റം പഠിക്കുകയാണ് അന്തോണീസ്..
വരവിലൊരു പന്തികേട്‌ണ്ടല്ലോന്ന്....'കൊക്കിന് അകലേന്നേ തോന്നിയിരുന്നു...
അടുത്തെത്തുംതോറും സ്പീഡ് കൂടിക്കൂടിവന്നു അന്തോണീസിന്റെ സൈക്കിളിന്....
"ന്റെ..അന്തോണീസേ..ബ്രേക്ക് പിടിക്കെന്റെ ഇബ്‌ലീസേ.."
എന്നു വിളിച്ചുകൂവികൊണ്ട്` കൊക്ക്` തിരിച്ചു പറക്കാന്‍ തുടങ്ങി...
തിരിഞ്ഞു നോക്കുമ്പോള്‍ 'ഫുള്‍സ്പീടില്‍' അന്തോണീസ്..കൊക്കിന്റെ പുറകേ സൈക്കിളില്‍.. കടിഞ്ഞാണില്ലാത്ത കുതിരക്കാരനേപ്പോലേ.....
"ബ്രേക്ക്‌പിടിക്കെന്റെ ഇബ്‌ലീസേന്നു" കൂവിക്കൊണ്ട് പറന്ന കൊക്ക് ചെന്നിടിച്ചു നിന്നത് ഇറക്കത്തെ വലിയ പുളിമരത്തില്‍...
പുളിമരത്തില്‍കേറാനൊരു വിഫലശ്രമം നടത്തുന്നതിനിടയില്‍തന്നെ അന്തോണീസിന്റെ കടിഞ്ഞാണില്ലാത്ത സൈക്കിള്‍ മറിയച്ചേടത്തിയേയും മറിച്ചിട്ട് കൊക്കിന്റെ 'വെര്‍ട്ടിബ്രല്‍ കോളത്തിനെ' പുളിമരത്തിനോട്`ചേര്‍ത്ത് ഇടിച്ചു നിന്നു......
'മുതുകിലെ വേദന സഹിയ്ക്കാനാവാതെ.... "ന്നെ മയ്യാത്താക്കീലോന്റെ റബ്ബേ....." എന്നു കൂവികൊണ്ട് 'കൊക്ക്' തിരിഞ്ഞു നോക്കീത് അന്തോണീസിനെ പൊതിരെ ചീത്ത വിളിച്ചു തല്ലാനോങ്ങിനില്‍ക്കുന്ന മറിയച്ചേടത്തിയുടെ ഭദ്രകാളിമുഖത്തേയ്ക്ക്.....
വേദനകൊണ്ടു പുളയുന്നതിനിടയില്‍ കൊക്ക് ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു..
"ഓനേ ഒന്നും ചെയ്യ്‌ണ്ട്‌ന്റെ പെങ്ങളേ... ഓനേ പറഞ്ഞ്‌ട്ട് കാര്യ്‌ല്ല്യാ...പുളിമരത്തില് കേറാമ്പറ്റാഞ്ഞത്..ന്റെ തെറ്റ്!!!!"
ലേബലുകള്‍: നര്‍മ്മം