വെള്ളിയാഴ്‌ച, ഫെബ്രുവരി 12, 2010

ഏഴിലംപാലമരച്ചുവടും....കുറേ വലെന്റയിന്‍സ്‌ ഡേ കാര്‍ഡുകളും!!!



ഏഴിലംപാല പൂക്കുന്ന രാത്രികളില്‍ മനംമയക്കുന്ന പാലപൂവിന്റെ സുഗന്ധവുംതേടി അതിസുന്ദരികളായ യക്ഷികള്‍ സഞ്ചരിക്കാറുണ്ടെന്ന്‌ അമ്മൂമ്മ എപ്പോഴും പറയാറുണ്ടായിരുന്നു..

അവര്‍ക്കു കാവലായി നാഗകന്യകളും വിഹരിക്കുന്ന ആ ഏഴിലംപാലമരച്ചുവട്‌!!.

സ്കൂളില്‍ പഠിക്കുമ്പോള്‍ താഴത്തെ പറമ്പില്‍ നെല്‍വയലുകള്‍ക്കരുകിലായി പൂത്തുനില്‍ക്കുന്ന ഏഴിലംപാലമരം കാണുന്നതുത്തന്നെ ഭയമായിരുന്നു തനിയ്ക്ക്‌.

മനസ്സിലെന്നും സന്തോഷത്തിന്റെ കടുംതുടികൊട്ടുന്ന മഴക്കാലസ്മരണകളില്‍ എന്നും ഒരു പേടിസ്വപ്നമായി ഏഴിലംപാലച്ചുവടും ഉണ്ടായിരുന്നു.....

മദ്ധ്യവേനലവധിക്കാലം എന്നും മനസ്സിലൊളിപ്പിച്ച മയില്‍പ്പീലിതന്നെയായിരുന്നു!!.. ഏകാന്തതയില്‍ ആരുമറിയാതെ ഇടയ്ക്കിടയ്ക്ക്‌ പുതിയതായി പിറക്കുന്ന;ഓര്‍മ്മയുടെ മയില്‍പ്പീലികുഞ്ഞുങ്ങളെ തിരയാനുള്ള മനസ്സിന്റെ ശിശുസഹജമായ ആകാംഷ ഒടുങ്ങാതെ കാത്തുസൂക്ഷിക്കാനും മറന്നില്ല!!.

തെങ്ങും,കവുങ്ങും ,വാഴക്കൂട്ടങ്ങളും മറ്റനേകം ഫലവൃക്ഷങ്ങളൂം നിറഞ്ഞു നില്‍ക്കുന്ന താഴത്തെ പറമ്പും.പച്ചയുടുത്ത്‌ പുഞ്ചിരിക്കുന്ന നിറഞ്ഞ നെല്‍വയലുകളും,മനസ്സിലിന്നും ഒരു കുളിര്‍കാറ്റായി വീശിനില്‍ക്കുന്നു..

ബി.എസ്‌.സി അവസാന വര്‍ഷപരീക്ഷയുടെ തയ്യറെടുപ്പ്‌ തുടങ്ങിയ സമയമായിരുന്നു..

'ഓര്‍ഗാനിക്‌ കെമിസ്ട്രി'യുടെ സമവാക്യങ്ങള്‍ എഴുതിപഠിയ്ക്കാന്‍ പറ്റിയ സ്ഥലം താഴത്തെ പ്രശാന്തത തന്നെയായിരുന്നു..

വിരസമായ സമവാക്യങ്ങളുമായി മല്ലടിച്ച്‌ സമയം പോയതറിഞ്ഞില്ല...

കൂടണയാന്‍ ധൃതിവെച്ചു പറക്കുന്ന ഓലഞ്ഞാലികളും,പൊന്തക്കാടുകളില്‍ ചേക്കേറാന്‍ വെമ്പുന്ന കാട്ടുകോഴികളും..അതിക്രമിക്കുന്ന സമയത്തെ ഓര്‍മ്മപ്പെടുത്തി.

പെട്ടെന്ന്‌ ബുക്കും,കടലാസുകീറുകളും പെറുക്കിയെടുത്തു മടങ്ങാനാരംഭിയ്ക്കുമ്പോള്‍ പാലച്ചുവട്ടില്‍ ഒരു കാല്‍പ്പെരുമാറ്റം കേട്ടപോലെ..

അന്തിമിനുക്കത്തില്‍ ഋതുമതിയായ സന്ധ്യയുടെ തുടുക്കുന്ന മുഖമല്ലാതെ മറ്റൊന്നും കാണാന്‍ക്കഴിഞ്ഞില്ല.

വീട്ടിലേയ്ക്കു മടങ്ങാനായി തിരിഞ്ഞപ്പോള്‍ അതാ വീണ്ടും പാലച്ചുവട്ടില്‍ കാല്‍പ്പെരുമാറ്റം!!!..

കുട്ടിക്കാലത്തെ 'യക്ഷി'പേടിയെല്ലാം യുക്തിയുടെ ചിന്താധാരകള്‍ക്ക്‌ വഴിമാറികാഴിഞ്ഞിരുന്നുവെങ്കിലും,അസമയത്തെ അവിചാരിതമായ ആ അനുഭവം ഏതോ ഒരു ഭയം മനസ്സിലുണര്‍ത്തിയൊ എന്നൊരു തോന്നല്‍!!

എന്തായാലും കാര്യം അറിഞ്ഞീട്ടുതന്നെ..

ഒരു തട്ടുക്കൂടി തഴേയ്ക്കിറങ്ങി പാലമരത്തിനടുത്തെത്തി..

ശരിയ്ക്കും ഉള്ള്‌ ഒന്നുകാളി..

മുട്ടോളമെത്തുന്ന,ഇടതൂര്‍ന്നമുടിയഴിച്ചിട്ട ഒരു സ്ത്രീരൂപം പച്ചയുടുത്ത പാടത്തേയ്ക്കു നോക്കിനില്‍ക്കുന്നു!!

കുളി കഴിഞ്ഞ്‌ അതിമനോഹരമായ ഇടതൂര്‍ന്ന മുടി വളരെ ശ്രദ്ധയോടെ ചീകിയിരിക്കുന്നു..

. ചെവിയുടെ ഇരു വശത്തുനിന്നും എടുത്ത മുടിയിഴകള്‍ക്കൊണ്ടുതന്നെ മുകളിലായി ഒരു കെട്ടും ..

തുടുത്ത സന്ധ്യയും, അന്തിമിനുക്കത്തിന്റെ അതിശോഭയുംകൂടി ഏതോ ഒരു അഭൗമിക സൗന്ദര്യം തന്നെയായിരുന്നു എനിക്കനുഭവപ്പെട്ടത്‌ !!!

എന്തായാലും യക്ഷിയല്ല!!...കാരണം കടുംപച്ചപ്പട്ടുപാവാടയും,'ഫ്രില്ല്'വച്ച കയ്യുള്ള അതേ കളര്‍ ജാക്കറ്റുമാണ്‌ ധരിച്ചിരിക്കുന്നത്‌. യക്ഷികള്‍ സാധരണയായി വെളുവെളുത്ത സാരിയാണല്ലൊ ധരിയ്ക്കാറുള്ളത്‌!!!.

പ്രകൃതിസൗന്ദര്യത്തില്‍ ലയിച്ചു നില്‍ക്കുകയാണ്‌ പാലച്ചുവട്ടിലെ 'യക്ഷി'!!

എന്തായാലും അമ്മൂമ്മ പറഞ്ഞുതരാറുള്ള, പാലച്ചുവട്ടിലെ യക്ഷിയെ ആദ്യമായി കാണുകയല്ലെ,ഒന്നു പരിചയപ്പെട്ടീട്ടുതന്നെ കാര്യം..

അമ്മൂമ്മകഥയില്‍ കാര്യമുണ്ടെന്ന്‌ ഇപ്പോള്‍ മനസ്സിലായി. പാലച്ചുവട്ടിലെ യക്ഷി അതിസുന്ദരിതന്നെ!! അതിന്‌ യാതൊരു സംശയവുമില്ല!!പിന്നെ മുട്ടറ്റം നിറഞ്ഞുകിടക്കുന്ന മുടിയും!!!ഇനി അമ്മൂമ്മ ശരിക്കും യക്ഷികളെ കണ്ടിരിക്കുമോ?...

അല്‍പ്പം ചമ്മിയെങ്കിലും പാലച്ചുവട്ടിലെ യക്ഷിയുമായി വലിയ പ്രശ്നങ്ങളൊന്നും കൂടാത പരിചയപ്പെടാന്‍ കഴിഞ്ഞു.

പടിഞ്ഞാറേതിലെ വീടു വാടക്കയ്ക്കെടുത്തു താമസിക്കുന്ന ദാമോദരന്‍മാഷിന്റെ ചേച്ചിയുടെ മോളാണ്‌!!..

ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഒന്നാം വര്‍ഷ ബിരുദത്തിനു പഠിക്കുന്നു..

അച്ഛന്‍വീട്ടില്‍ ആരുടേയോ വിവാഹം പ്രമാണിച്ച്‌ നാട്ടില്‍ വന്നതാണ്‌... കണ്ടാല്‍ പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച!!...വിടര്‍ന്ന തിളക്കമാര്‍ന്ന കണ്ണുകള്‍..ശില്‍പ്പചാരുതയാര്‍ന്ന ശരീരവടിവ്‌!!..

ഒറ്റപ്പാലത്താണ്‌ തറവാട്‌. 'ഗുജറാത്തില്‍' ഏതോ വലിയ തുണി കമ്പനിയില്‍ മനേജരാനത്രെ അച്ചന്‍..അമ്മ കേരളസമാജം സ്കൂളില്‍ മലയാളം അദ്ധ്യാപിക..

കേരളത്തിന്റെ പ്രകൃതിഭംഗിയെ സ്വപ്നം കണ്ട്‌,ഒരു പിടി ചെറുകവിതകള്‍ എഴുതിയിട്ടുണ്ടത്രെ!!..ഇംഗ്ലീഷിലും,മലയാളത്തിലും..എല്ലാം 'എമിലി ഡിക്കിന്‍സണെ' പോലെ രഹസ്യമായി സൂക്ഷിക്കുകമാത്രം ചെയ്യുന്നവള്‍!!....പേര്‌ 'ശ്രീകല'.

കേരളത്തില്‍ സ്ഥിരതാമസമാക്കാന്‍ വളരെയേരെ കൊതിയ്ക്കുന്ന ഒരു മറുനാടന്‍ മലയാളിപെണ്‍കൊടി!!...

സാഹിത്യത്തില്‍ താനും തല്‍പരനാണെന്നും, ചില കുത്തികുറിക്കലുകള്‍ താനും നടത്താറുണ്ടെന്നും പറഞ്ഞപ്പോള്‍ 'ശ്രീകല'യുടെ മുഖം ഒന്നു കൂടെ തുടുത്തു.

ഒരാഴ്ച്ചത്തെ മറക്കാനാവത്ത സൗഹൃദവും സാമ്മാനിച്ച്‌ 'ശ്രീകല"ഗുജറാത്തി'ലേയ്ക്കു തിരിച്ചു പോയപ്പോള്‍ ഒരു 'പെന്‍ഫ്രെണ്ട്‌' ആയി തുടരണമെന്ന ആഗ്രഹവും പറഞ്ഞിരുന്നു.പക്ഷെ എല്ലാ മറുനാടന്‍ പെണ്‍കുട്ടികളുടേയും പോലെ 'ജാഡ'നിറഞ്ഞ വെറും 'ഫോര്‍മാലിറ്റി'യായിട്ടേ താനും അതിനെ അപ്പോള്‍ വിലയിരുത്തിയുള്ളു.. പക്ഷേ 'ഗുജറാത്തിലെത്തി കൃത്യം ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അവളുടെ ആദ്യത്തെ കത്തു വന്നു..

അവള്‍ പലപ്പോഴായി കുത്തിക്കുറിച്ച നുറുങ്ങുകള്‍!!!..അതിനെ കവിതകള്‍ എന്നു വിളിക്കാമോ എന്നെനിക്കറിയില്ല..എല്ലാം പ്രകൃതിയും 'ഏകാന്തതയുമയി സംവദിക്കുന്നവ...

പക്ഷെ ഏകാന്തതയുമായുള്ള തീവ്രമായ ആ സംവാദങ്ങള്‍ മനസ്സിലെവിടെയോ ഉടക്കിപ്പിടിക്കുന്നതു പൊലെ ഒരു അനുഭവം!!!..

എന്തായാലും നിനച്ചിരിക്കാത്ത നേരത്ത്‌ കിട്ടിയ ഒരു മധുരമായി താന്‍ ആ ബന്ധത്തെ തിരിച്ചറിയുകയായിരുന്നു....ഒപ്പം വെറും 'ചീപ്പ്‌ റൊമാന്‍സിനൊന്നും' 'ശ്രീകല'യെ കിട്ടില്ലെന്ന യാഥാര്‍ത്ഥ്യവും!!.

ഒരു "പെന്‍ഫ്രെണ്ടിനെ' പോലെയായിരുന്നു എല്ലാ കത്തുകളും..

പക്ഷെ എന്റെ മനസ്സിനുള്ളില്‍ ഒരു 'പെന്‍ഫ്രെണ്ടി'നേക്കാളുപരി എന്തോ ഒരു അനുഭൂതി'ശ്രീകല'യോടു തോന്നിതുടഞ്ഞിയിരുന്നു..ഒഴുക്കിനൊത്തു ഒഴുകാന്‍ ശ്രമിക്കാത്ത....തനതായ വ്യക്തിത്വവും, ചിന്താധാരകളും സ്വന്തമായിസൂക്ഷിക്കുന്ന... ഒരു അപൂര്‍വ്വ സ്ത്രീത്വത്തെയാണ്‌ എനിക്ക്‌ ശ്രീകലയില്‍ അനുഭവപ്പെട്ടത്‌!!.

അതുകൊണ്ടുത്തന്നെ അവളോട്‌ മറ്റൊരു പെണ്‍കുട്ടിയോടും തോന്നത്ത ആഭിമുഖ്യവും തോന്നിയിരുന്നു..

ഫെബ്രുവരി പതിനാലിന്‌ അപ്രതീക്ഷിതമായി ഒരു ഗ്രീറ്റിങ്ങ്‌സ്‌ കാര്‍ഡ്‌ വന്നു....തുറന്നു നോക്കിയപ്പോള്‍ അതു 'ശ്രീകലയുടേതാണ്‌!!!

"ഹാപ്പി വലെന്റയിന്‍സ്‌ ഡേ!!"

'കാര്‍ഡിന്റെ' അടിയില്‍ മനോഹരമായ കൈപ്പടയില്‍ മലയാളത്തിലെഴുതിയിരിക്കുന്നു.

"മനസ്സില്‍ സ്നേഹമെന്ന വികാരം സൂക്ഷിക്കുന്ന എല്ലാവര്‍ക്കും!!"

എനിക്കിനിയും 'ശ്രീകലയെ മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു മനസ്സു പറഞ്ഞു..

ഞാനറിയാത്ത ഒരു വലിയ 'ശ്രീകല' മറ്റെവിടെയോ മറഞ്ഞിരിക്കുന്നതായി എനിക്കു തോന്നി..

തുടര്‍ന്ന് എല്ലാ'വലെന്റയിന്‍സ്‌ ഡേ'കള്‍ക്കും 'ശ്രീകല' ആശംസകള്‍ കൈമാറാന്‍ മറന്നിരുന്നില്ല.

പാലമരം പലവട്ടം പൂക്കുകയും തളിര്‍ക്കുകയും ചെയ്തു...ജീവന്റെ മഴനൂലുകളിറക്കി പ്രകൃതിയുടെ സ്നേഹവായ്പ്പ്‌ പാലമരച്ചില്ലകളെ വളര്‍ത്തുകയും തിടംവയ്പ്പിക്കുകയും ചെയ്തുക്കൊണ്ടിരുന്നു....

സ്നേഹത്തിന്റെ പൂങ്കുയിലുകള്‍ ചില്ലകളില്‍ ചേക്കേറുകയും,ഒഴിഞ്ഞു പോകുകയും ചെയ്തുകൊണ്ടിരുന്നു.

ദാമോദരന്‍ മാഷും കുടുംബവും വീടൊഴിഞ്ഞുപോയി.

പാലക്കാട്ടേയ്ക്ക്‌ ട്രാന്‍സ്ഫര്‍.....

കാലത്തിന്റെ കുത്തൊഴുക്കില്‍ ജീവിതത്തിന്റെ സുഗമപാതകള്‍ പലതും വിഷമവീഥികളായിതിരുകയും പരിചിതമല്ലാത്ത പുതുവഴികള്‍ പലതും രൂപപ്പെടുകയും ചെയ്തുകൊണ്ടിരുന്നു..

ഒരു നിയോഗംപോലെ,ജീവിതത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന്‌ ചിലപ്പോഴെങ്കിലും മനസ്സു മന്ത്രിക്കുന്നതായി തനിക്ക്‌ അനുഭവപ്പെടാറുണ്ട്‌..

'ശ്രീകല' പഠനമെല്ലാം പൂര്‍ത്തിയാക്കി 'ഗുജറാത്തില്‍ത്തന്നെ ഒരു സ്കൂളില്‍ പഠിപ്പിയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞങ്ങളുടെ സൗഹൃദം ഇടയ്ക്കുള്ള കത്തുകളില്‍ മാത്രമായി ഒതുങ്ങി..

പക്ഷെ,ലാളിത്യവും,സ്നേഹവും നിറഞ്ഞ ഞങ്ങളുടെ 'തൂലികാസൗഹൃദം' കൂടുതല്‍ കൂടുതല്‍ ഊഷ്മളമായിക്കൊണ്ടിരിക്കുകയായിരുന്നു....

ജീവിതത്തിന്റെ പൊള്ളുന്നവേനലുകളില്‍...പുകയുന്ന പകലുകളില്‍..... പാലമരത്തണല്‍ പലപ്പോഴും ഒരു മരുപ്പച്ചപോലെ സുഖമുള്ള ഒരു അനുഭവമായി മാറി..

കുട്ടിക്കാലസ്വപ്നങ്ങളില്‍ 'യക്ഷിപ്പേടി'യുണര്‍ത്തിയ പാലമരച്ചുവട്ടില്‍,നറുമണമുള്ള സ്നേഹപുഷ്പ്പങ്ങള്‍ പൂത്തിരിക്കിന്നു!!....പലനിറത്തിലുള്ള മോഹപുഷ്പ്പങ്ങള്‍ വിടരാന്‍വെമ്പി നില്‍ക്കുന്നു..

ജനുവരിയുടെ തണുപ്പുറയുന്ന ഒരു സന്ധ്യയായിരുന്നു അത്‌.....

വിടപറയുന്ന സന്ധ്യയുടെ മുഖം പതുക്കെ ഇരുളാന്‍തുടങ്ങിരിക്കുന്നു...

പെട്ടെന്ന്‌ പാലമരച്ചുവട്ടില്‍ ഒരു കാല്‍പ്പെരുമാറ്റം..

കാല്‍കൊലുസ്സുകളുടെ പതിഞ്ഞ കിലുക്കം!!!

ഞാന്‍ ഇരുളുവീണ പാലമരച്ചുവട്ടിലേയ്ക്കു നടന്നു..

മുട്ടോളം മുടിയുള്ള ഒരു സ്ത്രീരൂപം ഇരുളുവീഴുന്ന പടിഞ്ഞാറെ ചക്രവാളത്തിലേയ്ക്കു നോക്കിനില്‍ക്കുന്നു!!

അതിമനോഹരമായ ഇടതൂര്‍ന്ന മുടി അഴിച്ചിട്ടിരിക്കുന്നു...

മഞ്ഞുപോലെ വെളുവെളുത്ത സാരിയും!!!

പാലപ്പൂവിന്റെ മാസ്മരഗന്ധം അവിടെയെല്ലാം പരക്കുന്നതും.. ഒരു കൂട്ടം കടവാവലുകള്‍ പാലമരത്തിലേയ്ക്ക്‌ ഒരുമിച്ചു ചേക്കേറുന്നതും എന്നെ വല്ലാതെ ഭയപ്പെടുത്തി!!

അവസാനിക്കുന്ന പകലിന്റെ അരണ്ടവെളിച്ചത്തില്‍ വിദൂരതയിലേക്ക്‌ മിഴികളൂന്നി ആ നിഴല്‍രൂപത്തിന്‌ 'ശ്രീകല' യുടെ മുഖമാണോ എന്നറിയാനുള്ള എന്റെ വെമ്പല്‍ കനംവെയ്ക്കുന്ന ഇരുട്ടില്‍ അലിഞ്ഞുച്ചേര്‍ന്നു.

മുഴുവന്‍ ധൈര്യവും സംഭരിച്ച്‌ പാലമരച്ചോട്ടിലെത്തിയപ്പോള്‍ അവിടെ ആരുമില്ല !!!!.

ചില്ലകളില്‍ ചേക്കേറിയ രണ്ട്‌ കാട്ടുകുയിലുകള്‍ ചിറകടിച്ചു പറന്നു..

പാലമരത്തില്‍ ഒരു പൂവുപോലുമില്ലല്ലോ എന്ന യാഥാത്ഥ്യം എന്നെ വല്ലാതെ വിഷണ്ണനാക്കി!!!

ദുര്‍ബ്ബലമായ മനസ്സ്‌ വിഹ്വലതകള്‍ സ്വയം സൃഷ്ടിക്കുന്നു എന്ന തിരിച്ചറിവുമായി,ഇരുളിലൂടെ ഒരുവിധം വിട്ടിലെത്തി..സെറ്റിയില്‍ ചാരികിടന്നു....

അസ്വസ്ഥമായ മനസ്സിന്റെ വിഹ്വലതകളില്‍നിന്നും രക്ഷപ്പെടാനെന്നോണം'ടി.വി.ന്വൂസി'ലേക്കു വഴുതിവീണു..

"ഗുജറാത്തില്‍ ഇന്ത്യ കണ്ട വന്‍പ്രകൃതിദുരന്തം!!!...മരണസംഖ്യ......."

മനസ്സിലെവിടേയോ ഒരു ആത്മാവ്‌ പിടിമുറുക്കിയതുപോലെ!!!...

പ്രേതഭൂമിയിലെ നിശ്വാസങ്ങള്‍ കാതില്‍ മുഴങ്ങുന്നപോലെ...

ഇല്ല,..'ശ്രീകല'യ്ക്ക്‌ ഒന്നും സംഭവിക്കില്ല!!...

പ്രകൃതിയെ അത്രമാത്രം സ്നേഹിച്ചിരുന്നില്ലേ അവള്‍?

മനസ്സില്‍ സമാശ്വസിക്കുവാന്‍ വെറുതെ ശ്രമിച്ചുകൊണ്ടിരുന്നു....

ഈ 'ഫെബ്രുവരി പതിനാലില്‍' തീര്‍ച്ചയായും അവളുടെ 'വലെന്റയിന്‍സ്‌ ഡെ ഗ്രീറ്റിങ്ങ്‌സ്‌' കിട്ടാതിരിക്കില്ല!!'

വിഹ്വലമായ മനസ്സ്‌ വെറുതെ പിറുപിറുത്തുകൊണ്ടിരുന്നു.....
വെറുതെ..വെറുതേ...


ലേബലുകള്‍: