പാപത്തിന്റെ കല്ലുകള്‍
ഒലിവു മലയില്‍ നിന്നും വീശിയടിയ്ക്കുന്ന ശക്തമായ കാറ്റില്‍ ജെറുസലേം ദേവാലയത്തിന്റെ തിരശ്ശീലകള്‍ പാറിപ്പറന്നുകൊണ്ടിരുന്നു..
അത്തിമരങ്ങള്‍ പൂത്ത താഴ്‌വാരങ്ങളിലേയ്ക്ക് ആവാഹിയ്ക്കപ്പെടുന്ന കാറ്റിന് ഒരു പുത്തനുണര്‍വ്വ് ലഭിച്ചതുപോലെ....
നാണയമാറ്റക്കാരും,പ്രാവുകളെ വില്‍ക്കുന്നവരും,മറ്റു കച്ചവടക്കാരും ശബ്ദമുഖരിതമാക്കിയ ദേവാലയാങ്കണത്തില്‍ യുഗപുരുഷനായ യേശു മൗനമന്വേഷിക്കുകയായിരുന്നു...
തന്റെ നിത്യപിതാവുമായി സംവദിയ്ക്കുന്ന വചാലമായ മൗനം!!
സ്വര്‍ഗ്ഗം ഭൂമിയിലിറങ്ങുന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ മൗനം!!
കുന്തുരുക്കത്തിന്റേയും,ദീപാരാധനയുടേയും സുഗന്ധപൂര്‍ണ്ണമായ മൗനം!!
ലാഭകൊതിയന്മാരായ മനുഷ്യര്‍ തന്റെ പിതാവിന്റെ ഭവനം പോലും കച്ചവടസ്ഥലമായി അധഃപതിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു!!
പുരോഹിതരും,നിയമജ്ഞരും,ഫരിസേയരും അതിനു കൂട്ടുനില്‍ക്കുന്നു!!!
പിതാവേ..നിന്റെ ആലയംപോലും ഇവര്‍ കച്ചവടസ്ഥലമാക്കികഴിഞ്ഞിരിയ്ക്കുന്നു...ഇവരോടു പൊറുക്കണമേ...
തിരയടിയ്ക്കുന്ന ചിന്തകളുടെ ആന്ദോളനങ്ങളാല്‍ യേശുവിന്റെ മനസ്സ് ഒരു ചെറുനൗകപോലെ ആടിയുലഞ്ഞുകൊണ്ടിരുന്നു..
ദേവാലയങ്കണത്തിലെ നിറഞ്ഞ തരിമണലില്‍ അനന്തവിഹായസ്സിലെ പറവകളെ നോക്കി യേശുവിരുന്നു...
എത്ര സന്തുഷ്ടരാണ് അവര്‍!!!
വിതയ്ക്കുന്നില്ല.. കൊയ്യുന്നില്ല.. കളപ്പുരകളില്‍ സംഭരിയ്ക്കുന്നുമില്ല..
എന്നീട്ടും അവയിലൊന്നിനേപോലും ദൈവം സംരക്ഷിക്കാതിരിയ്ക്കുന്നില്ലല്ലോ?!!
പെട്ടെന്നായിരുന്നു പാപത്തിന്റെ നാറുന്ന ഒരു വിഴുപ്പുഭാണ്ഡം പോലെ അവള്‍ യേശുവിന്റെ മുന്നിലേയ്ക്ക് വലിച്ചെറിയപ്പെട്ടത്....
അതെ.. ഇവള്‍ വ്യഭിചാരിണി!!
തെളിവുസഹിതം പിടിയ്ക്കപ്പെട്ടവള്‍!!
അധികാരത്തിന്റേയും,അഹംഭാവത്തിന്റേയും,പട്ടുകുപ്പായങ്ങളണിഞ്ഞ നിയമജ്ഞരും,ഫരിസേയരുംകൂടി യേശുവിനോട്:
"ഗുരോ, ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിയ്ക്കപ്പെട്ടവളാണ്.ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‌പിച്ചിരിയ്ക്കുന്നത് നീ എന്തു പറയുന്നു?"
സത്യത്തിനെ വഴികളില്‍ തെളിഞ്ഞുകത്തുന്ന തിരിനാളങ്ങളില്‍ കറുപ്പു പുരട്ടാനെന്നോണമുയര്‍ന്ന ചിലമ്പിച്ച അസംതൃപ്ത സ്വരങ്ങള്‍!!!...
അധര്‍മ്മത്തോടും,ക്രൂരതയോടുമുള്ള മനുഷ്യമനസ്സിന്റെ അടങ്ങാത്ത ആവേശത്തില്‍ ക്രിസ്തുവിന്റെ മനസ്സ് ആലോചനാനിര്‍ഭരമായി....
പരന്നുകിടക്കുന്ന തരിമണലില്‍ കുനിഞ്ഞിരുന്ന് വിരലുകൊണ്ട് അവന്‍ എന്തോ എഴുതിക്കൊണ്ടിരുന്നു..
അര്‍ത്ഥമുറയുന്ന മൗനം പരാജയത്തിന്റെ ആദ്യപടിയാണെന്ന് തെറ്റിദ്ധരിച്ച നിയമജ്ഞരും ഫരിസേയരും വിജയഭരിതമായ മുഖഭാവങ്ങളോടെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, അറിവിന്റെ നിറവിലും തുളുമ്പാത്ത നിറകുടത്തിന്റെ പൂര്‍ണ്ണതയോടെ യേശുവിന്റെ ശബ്ദഗാംഭീര്യം അവര്‍ തിരിച്ചറിയുകയായിരുന്നു...
"നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ!!!"
പാപഗ്രസ്തമായ മനസ്സുകളില്‍ തിരിച്ചറിവിന്റെ പേടിപ്പെടുന്ന കുറ്റവിചാരണ അവിടെ തുടങ്ങുകയായിരുന്നു..
വിധിവാചകം പറഞ്ഞ ന്യായാധിപന്റെ പ്രശാന്തതയോടെ വീണ്ടും യേശു കുനിഞ്ഞ് മണലില്‍ എഴുതികൊണ്ടിരുന്നു...
അവന്‍ എഴുതികൊണ്ടിരുന്നത് എന്തായിരുന്നു?...എന്റെ മനസ്സിന്റെ ആകാംക്ഷ തിരച്ചിലിന്റെ തിരയായി മണല്‍തരികളില്‍ പടര്‍ന്നു..
ഇനി ഇത് പാപികളുടെ ഒരു മുഴുനീള കുറ്റപത്രമായിരുന്നൊ?..
ഇല്ല.. എനിയ്ക്കൊന്നും മനസ്സിലായില്ല..
ഇനി നിയമജ്ഞരും..ഫരിസേയരും അതു തിരിച്ചറിഞ്ഞുകാണുമോ?..അറിയില്ല..
കൂര്‍ത്തകല്ലുകളുമായി പാഞ്ഞടുത്ത ആവേശങ്ങളെല്ലാം പിരിഞ്ഞുപോയി...
കാറ്റിന്റെ ശക്തി കുറയാന്‍ തുടങ്ങി..
ഒടുവില്‍ അവളും യേശുവും മാത്രമവശേഷിച്ചു..
എഴുത്തുനിര്‍ത്തി തലയുയത്തി സ്നേഹനിര്‍ഭമായ കണ്ണുകളോടെ യേശു അവളോടു ചോദിച്ചു:
'സ്ത്രീയേ.. അവര്‍ എവിടെ?...ആരും നിന്നെ വിധിച്ചില്ലേ?...
ഭയത്താലും,കുറ്റബോധത്താലും വിതുമ്പിയ അവളുടെ പശ്ചാത്താപസ്വരം വാക്കുകളായി...
"ഇല്ല കര്‍ത്താവേ! "
സമാശ്വാസം യേശുവിന്റെ വാക്കുകളായി അവളുടെ കാതുകളില്‍ പതിഞ്ഞു..
"ഞാനും നിന്നെ വിധിയ്ക്കുന്നില്ല;പൊയ്ക്കൊള്ളുക!! മേലില്‍ പാപം ചെയ്യരുത്!!"
അതൊരു മോചനമായിരുന്നു!!!..തഴമ്പിച്ച പാപത്തില്‍ നിന്നുള്ള അതിശക്തമായ മോചനം!! ..
തരിമണലില്‍ ചിതറികിടക്കുന്ന പാപത്തിന്റെ കൂര്‍ത്തുമൂര്‍ത്ത കല്ലുകളും കടന്ന് അവള്‍ പുതിയ പ്രഭാതത്തിലേയ്ക്കു നടന്നുകയറുന്നതുവരെ ഞാന്‍ അവിടെ നിന്നു..
പിന്നെ യേശുവും പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ കൂര്‍ത്ത കല്‍ക്കൂട്ടങ്ങളില്‍ സൂക്ഷിച്ചുനോക്കി..
പെട്ടന്ന്...പാപത്തിന്റെ ഓരോ കല്ലുകളും...ടെലിവിഷനുകളായും,കമ്പ്യൂട്ടറുകളായും..മൊബൈലുകളായും,പരിണമിയ്ക്കുന്നതും..അവയിലൂടെ അവളുടെ പാപത്തിന്റെ മുഴുനീള വീഡിയോ വാര്‍ത്തപ്രേക്ഷേപണം തുടങ്ങുന്നതും, വിശകലന പരമ്പരകള്‍ അരങ്ങേറുന്നതും ഞാന്‍ കണ്ടു...
"ദൈവമേ.. ഇവിടേയും പാപോന്മുഖമായ വാര്‍ത്താവിചാരണ തുടഞ്ഞിക്കഴിഞ്ഞോ?.
പാപവഴിയില്‍നിന്നുള്ള ഒരു രക്ഷപ്പെടലെന്നോണം ഞാന്‍ ചാടിയേഴുന്നേറ്റപ്പോള്‍ നേരം പുലര്‍ന്നീട്ടുണ്ടായിരുന്നില്ല!!
ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ശാപഗ്രസ്തമായ വാര്‍ത്തകളില്‍നിന്നും, വിചാരണകളില്‍നിന്നും മോചനം തരണമേ എന്നു പ്രാര്‍ത്ഥിച്ചുറങ്ങുമ്പോഴും ഭയം മനസ്സിനെ പൊതിഞ്ഞുതന്നെ നിന്നിരുന്നു..
അനിവാര്യമായ ഒരു ശാപം പോലെ!!!
ലേബലുകള്‍: കഥ