കൊക്കിന്റെ കുതിരസവാരി
എപ്പിസോഡ്-3
'ഗേളി ബാര്‍സോപ്പ്'
'ഒറ്റക്കയ്യന്‍ തോമ്മാച്ചന്റെ' വെള്ളിലാംകുന്നിലെ ഏക വ്യവസായ സംരംഭം!!.
തോമ്മാച്ചന്‍ വെള്ളിലാംകുന്നില്‍ ഹീറോ ആയി വളരുന്ന കാലമായിരുന്നു അത്....
സ്വന്തമായി ഒരു കമ്പനിയുള്ള വെള്ളിലാംകുന്നിലെ ഏക മുതലാളിയും തോമ്മാച്ചനായിരുന്നു!!!
ക്രോണിക് ബാച്ചിലര്‍!!
വെളുത്ത മുണ്ടുംഷര്‍ട്ടും മാത്രം ധരിയ്ക്കുന്നവന്‍!!
തോമ്മാച്ചന്‍ ജന്മംകൊണ്ട് വെള്ളിലാംകുന്നുകാരനല്ല. അഞ്ചെട്ടുകൊല്ലം മുന്‍പ് ചെത്തുകാരന്‍ നാരായണന്‍ച്ചേട്ടന്റെ അമ്പതു സെന്റ് സ്ഥലം വാങ്ങി താമസമാക്കിയ ഒന്നാംതരം കാഞ്ഞിരപ്പിള്ളിക്കാരന്‍ കൃസ്ത്യാനി.
സ്ഥലം വാങ്ങിയ ഉടനെത്തന്നെ തോമ്മാച്ചന്‍ ചെയ്തത് റോഡരികിലായി നിന്നിരുന്ന നാരായണന്‍ചേട്ടന്റെ പഴയ ഓലപ്പുര ഇടിച്ചുപൊളിച്ച് 'ഗേളി ബാര്‍സോപ്പുകമ്പനി' പണിതീര്‍ക്കുകയായിരുന്നു..
ഒരുതരത്തില്‍ പറഞ്ഞാല്‍ തോമ്മാച്ചന്‍ വെള്ളിലാംകുന്നില്‍ കാലുകുത്തുന്നതുതന്നെ ഒരു കമ്പനി മുതലാളിയായിട്ടുതന്നെ എന്നു വേണമെങ്കില്‍ പറയാം.
എണ്ണമിനുങ്ങുന്ന സ്പ്രിംഗ് പോലെ ചുരുണ്ട മുടി അതായിരുന്നു തോമ്മാച്ചന്റെ 'ഗ്ലാമറിന്റെ'സുപ്രധാനരഹസ്യം എന്നുവേണമെങ്കില്‍പറയാം...
വെള്ളിലാംകുന്നില്‍ മറ്റാര്‍ക്കും ഇല്ലാത്തതായിരുന്നു ആ കറുത്തു തിളങ്ങുന്ന സ്പ്രിംഗ് പോലുള്ള സുന്ദരന്‍ മുടി!!
ആരും ഒന്നു നോക്കിപോകും ആ തിളങ്ങുന്ന മുടിയഴക്!!
ചുണ്ടില്‍ എരിയുന്ന പനാമ സിഗരറ്റും,ഇടതുതോളില്‍ അറ്റുപോയ കൈ മറയ്ക്കാനായി ഇട്ടിരിയ്ക്കുന്ന വെളുത്ത ചുവപ്പുകരയന്‍ തോര്‍ത്തുമുണ്ടും.ആരേയും വകവെയ്ക്കാത്ത നോട്ടവും കൂടിയായാല്‍ അതു തോമ്മാച്ചനാവും!!
തോമ്മാച്ചനെപ്പറ്റി പറയുകയാണെങ്കില്‍ ഒരു പാടുപറയാനുണ്ട്..
ഏഴാംക്ലാസ്സില്‍..പ്ലാസ്റ്റിക് സ്കെയില്‍ മുനപ്പിച്ചുണ്ടാക്കിയ കത്തികൊണ്ട് പിന്‍ബെഞ്ചിലെ 'സംശയ രാഘവനെ' കുത്തി പഠിപ്പു നിര്‍ത്തിയവന്‍ തോമ്മാച്ചന്‍!!!
പതിനേഴാംവയസ്സില്‍ അമ്മയുമായി വഴക്കിട്ട് കിണറ്റില്‍ ചാടിയവന്‍ തോമ്മാച്ചന്‍!!
ആ ചാട്ടത്തിലാണത്രെ തോമാച്ചന്റെ ഇടതുകൈ മുറിച്ചു കളയേണ്ടിവന്നത്....
കടിച്ച അട്ടയുടെ കടി വിടുവിയ്ക്കാം... എന്നാലും തോമ്മാച്ചന്റെ വാശി ഇല്ലാതാക്കന്‍ പറ്റില്ലാത്രേ!!!
അത്രയും പിടിവാശിക്കാരനായിരുന്നു തോമ്മാച്ചന്‍!!!
ഇത് വെള്ളിലാംകുന്നിലാകെ പാട്ടുമാണ്..
ഇങ്ങനെയൊക്കെയാണെങ്കിലും "തോമ്മാച്ചന്റെ ഇച്ഛാശക്തി!!!..അതിനു കൊടുക്കണം കാശ്!!!"...ഇത് ഞാന്‍ പറയുന്നതല്ല....വെള്ളിലാംകുന്നുകാര്‍ മുഴുവന്‍ പറയുന്നതാണ്..
എനിയ്ക്കും മറിച്ചൊരഭിപ്രായം ഉണ്ടായിരുന്നില്ല..
ഒറ്റക്കയ്യും വച്ച് എന്നാലും തോമ്മാച്ചന്‍ ഇത്രയ്ക്കൊക്കെ എത്തിയില്ലേ!!. അത് ശരിയ്ക്കും അംഗീകരിയ്ക്കേണ്ട ഒരു കാര്യം തന്നെയാണ്!!
രണ്ടു കയ്യും,'ഫുള്‍'കാലുകളും ഉള്ള എത്ര ആണ്‍കുട്ടികള്‍ വേറെയുണ്ട് വെള്ളിലാംകുന്നില്‍..അവര്‍ക്കാര്‍ക്കും നേടാന്‍ കഴിയാത്ത കാര്യങ്ങളല്ലേ ഒരു കയ്യില്ലാത്ത, വരുത്തനായ തോമ്മാച്ചന്‍ നേടിയെടുത്തത്!!!
ഇതാണ് പറയുന്നത്.. ഇച്ഛാശക്തിയ്ക്കാണ് പ്രാധാന്യം എന്ന്!!!
കൊക്ക് മൊയ്തീന്റെ ഭാഷയില്‍ പറഞ്ഞാല്‍....
"ഓനാണ് ഇപ്പ ഞമ്മന്റെ കരേലേ ഏക ആങ്കുട്ടി!!!
"ഒര് കൈയ്യിന്റെ കൊറവൊന്നും ഒര് കൊറവല്ലാന്ന്.ഓന്‍ ഞമ്മക്ക് കാണിച്ച് തന്നിരിക്ക്‌ണ്.."
"ല്ലാരും കണ്ട് പഠിച്ചോളീന്‍.."
കൊക്കിന് എത്ര പറഞ്ഞാലും തീരില്ല തോമ്മാച്ചന്റെ കഠിനപ്രയത്നത്തിന്റേയും,വളര്‍ച്ചയുടേയും കഥകള്‍..
പച്ചപുതച്ച വെള്ളിലാംകുന്ന് മഴക്കാലത്തോടെ മനോമോഹിനിയായിമാറും..വേനല്‍ ചൂടില്‍ വിണ്ടുപൊട്ടിയ മണ്ണിന്റെമാറില്‍ മഴയുടെ ആര്‍ദ്രസ്പര്‍ശം വിസ്മയങ്ങള്‍ നല്‍കി കടന്നുപോകുമ്പോഴേയ്ക്കും വെള്ളിലാംകുന്നിന്റെ പച്ചപുതപ്പില്‍ മുക്കുറ്റിയും.കാക്കപൂവും തുമ്പപ്പൂവും എല്ലാം വര്‍ണ്ണങ്ങള്‍ പകര്‍ന്നുകഴിഞ്ഞിരിയ്ക്കും..
വെള്ളിലാംകുന്നിലെ പടിഞ്ഞാറോട്ടിറങ്ങുന്ന റോഡിനിരുവശവും നിറഞ്ഞ നെല്‍വയലുകളാണ്..
മഴക്കാലത്തോടെ നിറഞ്ഞു പുഴയാകുന്ന പാടശേഖരങ്ങള്യ്ക്കിടയിലൂടെയുള്ള റോഡിലൂടെ കാറ്റേറ്റുനടക്കാന്‍ ഒരു പ്രത്യേക സുഖമാണ്..
ആ ഇളംകാറ്റില്‍ തളിര്‍ത്ത ആശയങ്ങളുമാണ് വെള്ളിലാംകുന്നില്‍ പല നവീന സംരംഭങ്ങളായി മുളപൊട്ടിവളര്‍ന്നത്...
തോമ്മാച്ചന്റെ മനസ്സിലും ഒരു പുതിയ വിപണനതന്ത്രം ഉരുത്തിരിഞ്ഞത് ആ ഇളംകാറ്റിന്റെ തലോടലില്‍തന്നെയായിരുന്നു...
മഴമേഘങ്ങളൊഴിഞ്ഞ്..പൊന്നുംചിങ്ങത്തിന്റെ വരവോടെ തോമ്മാച്ചന്‍ തന്റെ പുതിയ വിപണനതന്ത്രം നടപ്പാക്കുകയും ചെയ്തു.
'ഗേളി ബാര്‍സോപ്പിന്റെ"സപ്ലേ' ഇനി വെളുത്ത കുതിരയെ പൂട്ടിയ വെള്ളകുതിരവണ്ടിയില്‍!!!
തമിഴ്‌നാട്ടില്‍ നിന്ന്.. വെള്ളക്കുതിരയും,വെളുത്ത ഇനാമല്‍ പെയ്ന്റടിച്ച്,വളരേയേറെ ചിത്രപ്പണികളും ചെയ്ത് മനോഹരമാക്കിയ കുതിരവണ്ടിയും റെഡി!!
'തവക്കല്‍ ട്രാന്‍സ്പോര്‍ട്ട്‌സിന്റെ' നാഷണല്‍ പെര്‍മിറ്റുള്ള ചരക്കുലോറി തോമ്മാച്ചന്റെ സോപ്പുകമ്പനിയിലേയ്ക്ക് ആ വെളുത്ത കുതിരയേയും,കുതിരവണ്ടിയും ഇറക്കുന്നത് കണ്‍കുളിര്‍ക്കേയണ് വെള്ളിലാംകുന്നുകാര്‍ കണ്ടുനിന്നത്..
രുതമിഴന്‍ ലോറി വെള്ളിലാംകുന്നില്‍ ചരക്കിറക്കുന്നത് അന്നാദ്യമായിരുന്നു...
വെള്ളിലാംകുന്നിന്റെ തനതുകലാകാരന്‍ 'തൂലിക രാജീവ്'കുതിരവണ്ടിയുടെ കാണാവുന്ന എല്ലാ ഭാഗങ്ങളിലും 'ഗേളി ബാര്‍സോപ്പ്`' എന്ന് ചുവന്ന ഇനാമല്‍ പെയിന്റുകൊണ്ട് എഴുതിനിറച്ചു..
വാര്‍ത്ത വെള്ളിലാംകുന്നില്‍ കാട്ടുതീപോലെ പടര്‍ന്നു..
വെള്ളിലാംകുന്നിലെ ആബാലവൃദ്ധം ജനങ്ങളും വെളുത്ത കുതിരയേയും,കുതിരവണ്ടിയേയും കാണാന്‍ എത്തി..
അതിനിടയില്‍ ഈ വെള്ളക്കുതിര രജനികാന്ത് സിനിമകില്‍ അഭിനയിച്ച കുതിരയാണെന്നും ശൃതിപരന്നു..അതല്ല 'ഷോലെ'യിലെ ഗബ്ബര്‍സിങ്ങിന്റെ കുതിരയാണ് ഇതെന്നും പലരും സംശയം പ്രകടിപ്പിച്ചു..
എല്ലാം കണ്ടുംകേട്ടും ആത്മസംതൃപ്തിയടഞ്ഞ തോമ്മാച്ചന്റെ കണ്ണുകള്‍ സന്തോഷാശൃക്കാളാല്‍ നിറഞ്ഞതും കണ്ടവരുണ്ട്.....
പക്ഷേ യഥാര്‍ത്ഥപ്രശ്നം തുടങ്ങിയത് ആര് കുതിരവണ്ടി ഓടിയ്ക്കും എന്നാലോചിച്ചു തുടങ്ങിയപ്പോഴാണ്..
കുതിര സവാരി വലിയ കാര്യമൊന്നുമല്ല എന്നു പറയാറുള്ള 'ബോംബെ ഷാജിയെ'യാണ് എല്ലാവരും ഉന്നമിട്ടിരുന്നത്.
പക്ഷെ..കാര്യത്തോടടുത്തപ്പോള്‍ ഷാജി സത്യം പറഞ്ഞു മാപ്പുസാക്ഷിയായി...
"കുതിര പോയിട്ട്..കുട്ടിസൈക്കിള്‍ പോലും ശരിയ്ക്കോടിച്ചീട്ടില്ല ചേട്ടാ!!"
ഷാജിയുടെ വികാരനിര്‍ഭയമായ ഏറ്റുപറച്ചിലില്‍ തോമ്മച്ചന്റേയും,മൊത്തം വെള്ളിലാംകുന്നുകാരുടേയും മനസ്സലിയുകയും കുതിരക്കാരനായി 'കൊക്ക്‌മൊയ്തീനെ' തോമ്മാച്ചന്‍ നേരിട്ട് തിരഞ്ഞെടുക്കുകയും ചെയ്തു.
തോമ്മാച്ചന്റെ സ്വന്തം താല്‍പര്യത്തില്‍ തന്നെ കൊക്കിന് കുതിരസവാരി പഠിപ്പിയ്ക്കുവാനും തീരുമാനമായി..
ഇതിനിടയില്‍ ഒറ്റക്കയ്യന്‍ തോമ്മാച്ചന്റെ ജീവിതത്തിലെ പരമപ്രധാനമായ വിവാഹമെന്ന മംഗളകര്‍മ്മത്തിനായുള്ള ഒരുക്കങ്ങള്‍ തകൃതിയായിനടക്കുകയുമായിരുന്നു....
പരിശുദ്ധന്‍ കുരിയക്കോസേട്ടന്റെ പെങ്ങളുടെ മകള്‍ ഡെല്‍ഫിയെ പണ്ടേ തോമ്മാച്ചന് നോട്ടമുണ്ടായിരുന്നു..
കുരിയാക്കോസേട്ടന്റെ തഴെയുള്ള മകള്‍ റീനയുടെ കല്യാണത്തോടെ ആ ആഗ്രഹം ഒരു ആവശ്യമായി തീരുകയുമായിരുന്നു തോമ്മാച്ചനില്‍..
പക്ഷെ ബുദ്ധിമാനായ തോമ്മാച്ചന്‍ അതു മനസ്സില്‍ തന്നെ അടക്കിവെച്ചിരിയ്ക്കായിരുന്നു..
പഠിപ്പും ഉദ്യോഗവുമൊന്നുമില്ലാത്ത..ഒറ്റകയ്യനായ തന്നെ കുരിയാക്കോസേട്ടന്‍ അംഗീകരിയ്ക്കുമൊ എന്നൊരു പേടിയും തോമ്മാച്ചനില്‍ ഉണ്ടായിരുന്നു..
എന്തായാലും കുതിരവണ്ടിയും പത്രാസുമൊക്കെയായ ധൈര്യത്തില്‍ തന്റെ മനസ്സിലെ ആഗ്രഹം കുരിയാക്കോസേട്ടനോടു പറയുകയും,കുരിയാക്കോസേട്ടന്റെ വശത്തുനിന്നും ഒരു അനുകൂലനിലപാടു നേടിയെടുക്കയും ചെയ്തു!!
പക്ഷെ അവിടേയും കുരിയാക്കോസേട്ടന്‍ ഒരു 'ക്ലോസ്' വച്ചിരുന്നു
"എല്ലാം ഡെല്‍ഫിയുടെ തീരുമാനമറിഞ്ഞതിനുശേഷം മാത്രം!!"
അതുമുതല്‍ തോമ്മാച്ചന്‍ പുറത്തേയ്ക്കിറങ്ങുന്നതുത്തന്നെ ഒരു മണിക്കൂര്‍ 'മെയ്‌ക്കപ്പിനു'ശേഷമായിരുന്നു.
വഴിയിലെവിടേയെങ്കിലും വച്ചു ഡെല്‍ഫിയെ കണ്ടുമുട്ടിയാലോ?
അവള്‍ക്കിഷ്ടമില്ല എന്നു പറഞ്ഞാല്‍ എല്ലാം തീര്‍ന്നില്ലേ!!.
എല്ലാം അതീവരഹസ്യമായി സൂക്ഷിക്കുകയും ചെയ്തു.
മാനം തെളിഞ്ഞു..മഴക്കാറു നീങ്ങി...പൊന്നും ചിങ്ങം വരവായി..
ആ മനോഹരമായ ഞായറാഴ്ച്ച രാവിലെത്തന്നെ,തോമ്മാച്ചന്‍ മൊയ്തീനെ കുതിര സവാരി പഠിപ്പിയ്ക്കാനുള്ള എല്ലാം തയ്യാറാക്കി...
കുതിരവണ്ടിയോടിക്കുന്ന ആള്‍ കുതിരസവാരി നിര്‍ബ്ബന്ധമായും പഠിച്ചിരിയ്ക്കണം എന്നത് തോമ്മാച്ചന്റെ തിരുത്താനാവാത്ത പോളിസിയായിരുന്നു...
കുതിരവണ്ടിയോടിപ്പിയ്ക്കാം എന്നാലും കുതിരപ്പുറത്തുകയറല്‍ വേണ്ട എന്നുതന്നെയായിരുന്നു കൊക്കിന്റേയും ആദ്യതീരുമാനം..പിന്നെ തോമ്മാച്ചന്റെ നിര്‍ബന്ധത്തിനു വഴങ്ങുകയായിരുന്നു കൊക്ക്‌മൊയ്തീന്‍..
കൊക്ക് തന്റെ ഏറ്റവും 'ഫേവറൈറ്റ്' ഓറഞ്ച് കളര്‍ ഷര്‍ട്ടും പച്ചക്കരയന്‍ മുണ്ടും ധരിച്ച് തലയില്‍ ഒരു തോര്‍ത്തുമുണ്ടുംകെട്ടി അങ്കത്തിനുപുറപ്പെടുന്ന ആരോമല്‍ചേകവരെപോലെയാണ് കന്നികുതിരസവാരിയ്ക്കായി എത്തിയിരിക്കുന്നത്..
ഞായറാഴ്ച്ചയായതിനാല്‍ വെള്ളിലാംക്കുന്നിലെ സത്യകൃസ്ത്യാനികളായ എല്ലാ പെണ്‍കുട്ടികളും ഇതുവഴിയാണ് രാവിലെ ഏഴുമണിയ്ക്കുള്ള കുര്‍ബ്ബാനയ്ക്കുപോകുന്നത്..
തോമ്മാച്ചനും ആ ലാക്കുനോക്കിയാണ് ഞായറാഴ്ച്ച രാവിലെത്തന്നെ ഈ കുതിരസവാരി 'അറേഞ്ച്' ചെയ്തത്!!
ഇനി താഴേക്കാട് കുരിശുമുത്തപ്പന്റെ കരുണ്യത്താല്‍ കുരിയാക്കോസേട്ടന്റെ പെങ്ങളുടെ മകള്‍ ഡെല്‍ഫിയെങ്ങാനും അന്നു കുരിയാക്കോസേട്ടന്റെ വീട്ടില്‍ വരികയും;രാവിലെ പള്ളിയില്‍പോകാന്‍ ഇതു വഴിയത്തുകയും;ചെയ്താല്‍ തന്റെ ജീവിതസഖിയാകാന്‍ പോകുന്ന അവളെ കണ്‍കുളിര്‍ക്കെ ഒന്നുകാണുകയും,രണ്ടുവാക്ക് സംസാരിയ്ക്കുകയും;അതോടൊപ്പം അവളുടെ മുന്നില്‍ ഒരു കുതിരമുതലാളിയുടെ ഗമകാണിയ്ക്കുകയും ചെയ്യാമെന്ന 'ഹിഡണ്‍ അജണ്ടയും' തോമ്മാച്ചന്റെ മനസ്സില്‍ ഉണ്ടായിരുന്നു...
അതില്‍ തെറ്റുപറയാനും കാര്യമില്ല..
കാരണം ഡെല്‍ഫിയേപോലൊരു സ്വപ്നസുന്ദരിയെ കെട്ടാന്‍ ഒരു വഴിതെളിയുകയെന്നുവച്ചാല്‍ അതൊരു നിസ്സാരകാര്യമാണൊ?.. വെള്ളിലാംകുന്നിലെ വിവാഹപ്രായമായ എല്ലാ ചെറുപ്പക്കാരുടേയും ഒരു സ്വപ്നമായിരുന്നല്ലൊ അത്!!!
കുതിരപ്പുറത്തുകേറുന്നതിനു മുന്‍പായി പച്ചക്കരയന്‍മുണ്ട് താറുടുത്തു.. തലയില്‍ക്കെട്ടിയിരുന്ന തോര്‍ത്തുമുണ്ടുക്കൊണ്ട് അരയില്‍ ഒരു കെട്ടും കെട്ടി...
കൊക്ക് പടച്ചത്തമ്പുരാനോട് പ്രാര്‍ത്ഥിച്ച് തോമ്മാച്ചന്റെ സഹായത്തോടെ വെള്ളക്കുതിരപ്പുറത്തു കയറി..
വെള്ളിലാംക്കുന്നിന്റെ തെരുവീഥിയില്‍ ഉദസൂര്യന്റെ പൊന്‍കിരണങ്ങളാല്‍ പ്രകാശിതനായി...കിഴക്കോട്ട് ഒരു വീരനായകനെപോലെ കൊക്ക് അതാ കുതിരപ്പുറത്ത് മന്ദം മന്ദം നീങ്ങിതുടങ്ങി..
കുഴപ്പമൊന്നും കൂടാതെ നീങ്ങിത്തുടങ്ങിയപ്പോള്‍..കൊക്കിനും രസം പിടിച്ചു..
"കൊള്ളാല്ലോ കുതിരേന്റെ പൊറത്തുള്ള ഈ പുകില്!!!..."
കുതിരയ്ക്കൊപ്പം പതുക്കെ ഓടിക്കൊണ്ടിരുന്ന തോമ്മാച്ചനും അല്‍പ്പം ഗമ കൂടിയിട്ടുണ്ട്
അപ്രതീക്ഷിതമായാണ് കൊക്ക് ആ കാഴ്ച്ച കണ്ടത്!!!
മന്ദം മന്ദം നടന്നുനീങ്ങുന്ന കുതിരയ്ക്കെതിരെ റോഡിന്റെ വലതുവശം ചേര്‍ന്ന് ഒരു മാലഖയേപ്പോലെ..അതാ ഡെല്‍ഫിയുടെ അന്നനട!!!
"ന്റെ പടശ്ശോനേ!!!.."
കൊക്കിന്റെ കണ്ഠനാളങ്ങളിലൂടെ അറിയാതെ ആശ്ചര്യം ഒരു വികൃതശബ്ദമായി.പുറത്തു വന്നതും പേടിച്ചരണ്ട കുതിര പെട്ടെന്നു തിരിഞ്ഞു പടിഞ്ഞാറോട്ടോടി..
കുതറിയോടുന്ന കുതിരയുടെ പുറത്ത്."എന്റള്ളോ...."എന്നു കാറിക്കൊണ്ട്..കൊക്കും...
കുതിരപ്പുറത്തും തെറിച്ചുപോകാതിരിയ്ക്കാനുള്ള പരാക്രമത്തില്‍ മുറുകിയ കടിഞ്ഞാണ്‍ കുതിരയുടെ ദിശ വീണ്ടും കിഴക്കോട്ടാക്കി..
കടിഞ്ഞാണില്ലാത്തകുതിര മൈക്കിള്‍ ജാക്സന്റെ ഡാന്‍സ് പോലെ പാഞ്ഞ് തോമ്മാച്ചനടുത്തെത്തിയപ്പോഴേയ്ക്കും ഡെല്‍ഫിയും തോമ്മാച്ചന്റെ തൊട്ടടുത്തെത്തികഴിഞ്ഞിരുന്നു....
കൊക്ക്‌കുതിരപ്പുറത്തുനിന്നും വീഴുകയോ,ചാടുകയൊ,ചാവുകയൊ,എന്തുവേണമെങ്കിലുമാകട്ടെ....താന്‍ മനസ്സില്‍ പ്രതീക്ഷിച്ച സുവര്‍ണ്ണാവസരം'മാക്സിമം യൂസ്'ചെയ്യാന്‍ തന്നെ തീരുമാനിച്ച് തോമ്മാച്ചന്‍ പ്രേംനസീറിനെപോലെ പ്രണയചേഷ്ടകളെല്ലാം കാണിച്ച് ഡെല്‍ഫിയോട് പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ ഉരിയാടാന്‍തുടങ്ങുമ്പോഴാണ് കൊക്ക് മരണഭീതിയാലെന്നപോലെ അലറികൂവിക്കൊണ്ട് അവസാനത്തെ കച്ചിത്തുരുമ്പെന്നപോലെ തോമ്മാച്ചന്റെ സ്പ്രിങ്ങ്‌പോലെയുള്ള സുന്ദരന്‍ മുടിയില്‍ എത്തിപ്പിടിച്ചത്....
പിന്നെ സംഭവിച്ചതെല്ലാം ഒരു മാജിക് പോലെയായിരുന്നു!!!
സുസ്മേരവദനയായി.. ലാസ്യഭാവങ്ങളോടെ തോമ്മാച്ചനെ കണ്ണെറിഞ്ഞ ഡെല്‍ഫി പ്രേതത്തെകണ്ടു ഭയപ്പെട്ടപോലെ അലറികരഞ്ഞുകൊണ്ട് തിരിച്ചു കുരിയാക്കോസേട്ടന്റെ വീട്ടിലേയ്ക്കോടുന്നു..ഒരുകയ്യില്‍ മുറുക്കിപിടിച്ച കടിഞ്ഞാണും.മറുകയ്യില്‍ തോമ്മാച്ചന്റെ മുടിയും തൂക്കി പ്രാണരക്ഷാര്‍ത്ഥം"എന്റള്ളോ" എന്നു കൂവിക്കൊണ്ട് കൊക്ക് വെകിളിപിടിച്ച കുതിരപ്പുറത്ത്‌കിഴക്കോട്ടു പാഞ്ഞുപോകുന്നു..
ഉദയസൂര്യന്റെ പൊന്‍പ്രഭയാല്‍ത്തിളങ്ങുന്ന മൊട്ടത്തലയുമായി നടുറോട്ടില്‍ വിവസ്ത്രനായപോലെ തോമ്മാച്ചന്‍ തിരിച്ചു 'ഗേളിബാര്‍സോപ്പി'ലേയ്ക്കോടുന്നു...
രാവിലെ പള്ളിയില്‍പോകുന്ന വെള്ളിലാംകുന്നിലെ സകലമാനം ജനങ്ങളും ആശ്ചര്യത്തോടെ മൂക്കത്തു വിരല്‍വെച്ചു അടക്കം പറയുന്നു....
"അയ്യേ!!!..തോമ്മാച്ചന്റെ സ്പ്രിങ്ങുപോലെയുള്ള സുന്ദരന്‍ മുടി വെറും 'ടോപ്പാ'യിരുന്നു!!!!"
ലേബലുകള്‍: നര്‍മ്മം