വ്യാഴാഴ്‌ച, ജൂലൈ 08, 2010

ജീവന്റെ കണിക


'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍!!!'

മനുഷ്യജീവന്റെ ഉത്‌പത്തിതേടിയുള്ള മഹാപരീക്ഷണശാല!!

ആ മഹാപരീക്ഷണവാര്‍ത്തകളില്‍ മുഴുകി ആല്‍ബിയുടെ മനസ്സ്‌ ഒഴുകിക്കൊണ്ടിരുന്നു..

അല്ലെങ്കിലും ആല്‍ബി എന്നും അങ്ങനെയായിരുന്നു..ബുദ്ധിയുടേയും,യുക്തിയുടേയും തലങ്ങള്‍ക്ക്‌ മുന്‍തൂക്കം കൊടുക്കുന്ന ഒരു രീതി എന്നും ആല്‍ബിയിലുണ്ടായിരുന്നു...

സയന്‍സിന്റേയും ,യുക്തിചിന്തകളുടേയും,വാക്താവായി ആല്‍ബി കൂട്ടുകാര്‍ക്കിടയില്‍ പലപ്പോഴും തിളങ്ങാന്‍ ശ്രമിയ്ക്കാറുണ്ട്‌!!.

'ഡാര്‍വിന്റെ', 'തിയറി ഓഫ്‌ ഇവലൂഷനില്‍' ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും അവശേഷിയ്ക്കുന്നല്ലോ എന്ന്‌ ആല്‍ബിയും തിരിച്ചറിഞ്ഞിരുന്നു.

ഇരുപത്തിയേഴു കിലോമീറ്റര്‍ വ്യാസമുള്ള കൂറ്റന്‍'ഭൂഗര്‍ഭ ടണലിലൂടെ'.. പ്രകാശവേഗത്തില്‍ എതിര്‍ദിശകളില്‍ ചീറിപ്പായുന്ന പരമാണുക്കള്‍ കൂട്ടിയിടിച്ച്‌..ഉരുകിയൊലിച്ച്‌ സൂര്യനെ വെല്ലുന്ന ഊഷ്മാവിലും,മര്‍ദ്ദത്തിലും..ജീവന്റെ കണികയായി രൂപാന്തരം പ്രാപിക്കുന്ന വിസ്മയകരമായ ആ അവസ്ഥ ആല്‍ബി വെറുതേ സ്വപ്നം കാണാന്‍ ശ്രമിയ്ക്കുമായിരുന്നു.

വളരേ.. വളരേ..വിസ്മയകരങ്ങളായ 'ഇല്ല്യൂഷനുകളിലും' ആല്‍ബിയുടെ മനസ്സ്‌ പറന്നുനടന്നു..

വേദപുസ്തകത്തിന്റെ മനസ്സു നിറയ്ക്കുന്ന ഉത്‌പത്തിരഹസ്യം ആല്‍ബിയ്ക്കെന്നും പ്രിയപ്പെട്ടതായിരുന്നു..

അതില്‍ ആല്‍ബിയെ മോഹിപ്പിച്ചത്‌ യുക്തിയേക്കളുപരി പ്രകൃതിരഹസ്യങ്ങളുടെ മനംമയക്കുന്ന സൗന്ദര്യവും,മനുഷ്യ ജീവിതത്തിനെ പ്രശാന്തതയും,പാപമെന്ന അവസ്ഥാവിശേഷം മനുഷ്യജീവിതവുമായി എങ്ങനെയൊക്കെ പ്രതിപ്രവര്‍ത്തിയ്ക്കുന്നു എന്ന അറിവുമായിരുന്നു...

എല്ലാ സൗഭാഗ്യങ്ങളും നിറഞ്ഞ ഏദന്‍തോട്ടം!!!

സുഖവും,സന്തോഷവും പൂര്‍ണ്ണമായി കൊടുത്ത ആ സ്വപ്നസ്വര്‍ഗ്ഗത്തില്‍.. ഒരേയൊരു വിലക്കപ്പെട്ട കനിമാത്രം!!

എല്ലാം തികഞ്ഞ പ്രഥമമനുഷ്യമനസ്സിലും അതിയായ മോഹങ്ങള്‍ വച്ചുതന്നെയാണല്ലൊ ദൈവം മെനഞ്ഞെടുത്തത്‌ എന്ന ബോധം ആല്‍ബിയെ അസ്വസ്ഥനാക്കാതിരുന്നില്ല...

ദൈവത്തേപോലെയാകാനുള്ള മനുഷ്യന്റെ മോഹത്തിന്റെ വിലക്കപ്പെട്ട കനികള്‍ എന്നും അവനു മുന്നില്‍ നിറച്ചുവെയ്ക്കാന്‍ ദൈവം മറന്നില്ലല്ലൊ എന്നും ആല്‍ബി പിന്നേയും പിന്നേയും ചിന്തിയ്ക്കാതിരുന്നില്ല...

ദൈവകല്‍പ്പന ലംഘിയ്ക്കുന്നതുവരെ'ആദവും','ഹവ്വയും'ശിശുക്കളെപോലെ നിഷ്ക്കളങ്കരായിരുന്നു..

പരിപൂര്‍ണ്ണ നഗ്നതപോലും ദൈവീകവും , പരിശുദ്ധവുമായിതന്നെയായിരുന്നു അവര്‍ക്ക്‌ അനുഭവപ്പെട്ടിരുന്നത്‌!!! അപ്പോള്‍ അവര്‍ക്ക്‌ ലജ്ജയെന്നവികാരം അനുഭവപ്പെട്ടുരുന്നില്ല!!!

പക്ഷെ...ദൈവകല്‍പ്പന ലംഘിച്ച നിമിഷം മുതല്‍ അവരുടെ മനസ്സില്‍ പാപബോധത്തിന്റെ കറുപ്പുകലര്‍ന്നു...

അവര്‍ വെളിച്ചത്തെ ഭയക്കാന്‍തുടങ്ങി!!!

സ്വന്തം നഗ്നതപോലും അവരില്‍ കുറ്റബോധമുളവാക്കി..അരികേ നിന്നിരുന്ന വൃക്ഷത്തിന്റെ വലിയ ഇലകള്‍ പറിച്ചെടുത്ത്‌ നഗ്നത മറയ്ക്കാന്‍ അവര്‍ പാടുപ്പെട്ടു..

അതുവരെ മധുരസംഗീതമായിരുന്ന ദൈവത്തിന്റെ സ്വരംകേട്ട്‌ അവര്‍ ഞെട്ടിവിറയ്ക്കാന്‍ തുടങ്ങി....

വളരേ'റൊമാന്റിക്‌' ആയി വര്‍ണ്ണിയ്ക്കപ്പെട്ട ആദത്തിന്റേയും..ഹവ്വയുടേയും പാപരഹിതവും,പ്രണയനിര്‍ഭരവുമായ സ്വര്‍ഗ്ഗജീവിതവും കടന്ന്‌....ഏത്‌ സ്വപ്നസ്വര്‍ഗ്ഗത്തിലും ഇഴഞ്ഞ്‌കയറി പാപത്തിന്റെ കനി നല്‍കി മനുഷ്യനെ ദുഃഖത്തിന്റെ കയങ്ങളിലേയ്ക്ക്‌ വലിച്ചിഴയ്ക്കുന്ന ദുഷ്ടസര്‍പ്പങ്ങളുടെ,വ്യാപാരങ്ങളും കടന്ന്‌..അത്‌ മോഹഭംഗങ്ങളുടെ, ചൂടും വിയര്‍പ്പും...ദുഃഖങ്ങളുടെ കയ്പ്പും നിറഞ്ഞ ഊഷരഭൂമികളിലൂടെ ഏറെ അലഞ്ഞു...

മോഹങ്ങളുടേയും.. വിരഹവിഷാദങ്ങളുടേയും,നഷ്ടസ്വര്‍ഗ്ഗങ്ങളുടേയും കണക്കെഴുതുന്ന ഭൂമിയുടെ.ഹരിതാഭമായ പച്ചപ്പില്‍ തന്നെയാണ്‌ തന്റെ മനസ്സ്‌ എന്നും ശാന്തി കണ്ടെത്തുന്നതെന്ന യാഥാര്‍ത്ഥ്യവും ആല്‍ബി ശരിയ്ക്കും തിരിച്ചറിഞ്ഞു....

ഒരിയ്ക്കലും ഉത്തരം കിട്ടാത്ത മനോവ്യാപരങ്ങളുടെ രഥവേഗങ്ങള്‍ക്ക്‌ വിരാമമെന്നോണം 'നികേഷിന്റെ' 'ഹീറോഹോണ്ട' മുറ്റത്തെ ചരലില്‍ ഒന്നു നിരങ്ങിനിന്നു..

നികേഷ്‌ ആകെ പരിഭ്രാന്തിയിലാണ്‌....

ചുട്ടുപൊള്ളുന്ന വേനലിന്റെ വിഹ്വലതകള്‍ എല്ലാം മനസ്സിലൊളിപ്പിച്ചീട്ടെന്നോണം നികേഷിന്റെ നെറ്റിയില്‍ ചുളിവുകള്‍ വീണിരിയ്ക്കുന്നു..

നികേഷിന്റെ മുഖം ഓര്‍മ്മകളില്‍ എന്നും ഇതു തന്നെയായിരുന്നല്ലോ....

അമ്മയുടെ പരിലാളനമേറ്റു വളരേണ്ട പ്രായത്തില്‍ അമ്മയുടേ ചലനമറ്റ ശരീരത്തെ ശുശ്രൂഷിയ്ക്കാന്‍ വിധിയ്ക്കപ്പെട്ട ഹതഭാഗ്യന്‍!!

അമ്മൂമ്മയാണ്‌ അവനെ വളര്‍ത്തി വലുതാക്കിയത്‌.

ജീവന്റെ തരി എവിടെയൊ അവശേഷിയ്ക്കുന്ന എന്നു വിശ്വസിയ്ക്കാന്‍ മാത്രം ഒരു ശ്വാസഗതി അമ്മയില്‍ ബാക്കിനിന്നിരുന്നു.

എത്ര തവണ അവന്‍ മനംനൊന്തുപ്രാര്‍ത്ഥിച്ചിരിയ്ക്കുന്നു..

തന്റെ അമ്മയ്ക്ക്‌ സുഖമരണം പ്രധാനം ചെയ്യണമേ ദൈവങ്ങളേ എന്ന്‌!!

കഠിനവേദന അനുഭവിയ്ക്കുന്നപോലെയായിരുന്നു നികേഷിന്റെ അമ്മയുടെ മുഖഭാവം.

അവന്റെ ഓര്‍മ്മകളിലെ അമ്മയുടെ രൂപം അത്രമാത്രം!!

നികേഷിനെ വേദനിപ്പിച്ചതും അതുതന്നെയായിരുന്നു.

"ആല്‍ബി, അമ്മയ്ക്ക്‌ തീരെ വയ്യ.."

"ഡോക്ടറെ വിളിയ്ക്കാന്‍ പോയതാണ്‌..ആരമണിക്കൂറിനുള്ളില്‍ എത്താമെന്നുപറഞ്ഞീട്ടുണ്ട്‌"

വേദനയുടെ ഒരു പെരുംകടല്‍ ഉള്ളിലൊതുക്കിയാണ്‌ നികേഷ്‌ അത്രയും പറഞ്ഞൊപ്പിച്ചതുതന്നെയെന്ന്‌ ആല്‍ബിയ്ക്കു മനസ്സിലായി.

"ഒറ്റയ്ക്കാവുമ്പോള്‍ എനിയ്ക്ക്‌ ആകെ ഒരു വല്ലാത്തപോലെ...."

തന്നോടൊപ്പം പോര്‍ച്ചില്‍നിന്നും ബൈക്കും തള്ളി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ മനസ്സ്‌ കുട്ടിക്കാലത്തേയ്ക്ക്‌ പാഞ്ഞു...

കുട്ടിക്കാലം മുതലേ താനും നികേഷും ഒരുമിച്ചായിരുന്നു..

പറങ്കിമാവുകള്‍ നിറഞ്ഞുനിന്നിരുന്ന ഒരു തോട്ടം തന്നെയായിരുന്നു നികേഷിന്റെ താഴത്തെ പറമ്പ്‌.

പലനിറത്തിലും,വലുപ്പത്തിലും ഉള്ള പറങ്കിമാങ്ങകള്‍ പഴുത്തുനില്‍ക്കുന്ന മനോഹരമായ ഒരു ഏദന്‍തോട്ടം!!!

മാതളനാരകം,ശീമപ്പേരയ്ക്ക,ചാമ്പയ്ക്ക,ജാതിയ്ക്ക..എന്നുവേണ്ട എല്ലാതരം ഫലവൃക്ഷങ്ങളും ആ പറമ്പില്‍ പൂത്തുകായ്ച്ചുനിന്നിരുന്നു..

കുട്ടിക്കാലത്തെ സ്വര്‍ഗ്ഗസമാനമായ കേളീരംഗമായിരുന്നു ആ പറമ്പ്‌!!!

അമ്മയെപ്പോലെ തന്നെ സ്നേഹിച്ചിരുന്നു നികേഷിന്റെ അമ്മയും...

കുട്ടിക്കാലസ്മരണകളില്‍...സെറ്റുമുണ്ടും.കടുംനിറങ്ങളിലുള്ള ബ്ലൗസും ധരിച്ച്‌ നിറഞ്ഞ പുഞ്ചിരിയുമായി ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു നികേഷിന്റെ അമ്മ!!

കളികള്‍ക്കിടയിലെ ചെറിയ വഴക്കുക്കളില്‍ സ്നേഹത്തോടെ ശാസനയുടെ രീതിയില്‍ ഏപ്പോഴും നികേഷിനെ ഉപദേശിയ്ക്കുമായിരുന്നു....

പ്രായത്തില്‍ രണ്ടുമാസത്തിനു മൂത്തത്‌ നികേഷാണെന്നും, അതുകൊണ്ടുതന്നെ തന്നെ ഒരു കൊച്ചനുജനെപോലെ നോക്കേണ്ട ചുമതല നികേഷിനുണ്ടെന്നും എല്ലാം..എല്ലാം..

ഒരു മദ്ധ്യവേനലവധിയുടെ കളികളുടെ ലഹരികളിലായിരുന്നു അത്യാഹിതം..

നികേഷിന്റെ കുഞ്ഞനുജത്തി നിഷയുടെ ജനനത്തോടെ സ്നേഹമയിയായ ആ അമ്മ ബോധരഹിതയായി കിടപ്പിലായി...

എന്താണ്‌ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന്‌ അന്ന്‌ തനിക്കൊരു രൂപവുമുണ്ടായിരുന്നു..

കൊല്ലങ്ങള്‍കഴിഞ്ഞ്‌ ഹൈസ്കൂളിലായതോടെ എല്ലാം മനസ്സിലായിത്തുടങ്ങി..

അനസ്തേഷ്യയില്‍ ഡോക്ടര്‍ക്കു പറ്റിയ ചെറിയൊരു കൈപ്പിഴ!!

'സിസേറിയനു'വേണ്ടി ബോധം കെടുത്തിയതാണ്‌..

പിന്നെ.. സ്നേഹത്തിന്റേയും,സന്തോഷത്തിന്റേയും ലോകത്തേയ്ക്ക്‌ നികേഷിന്റെ അമ്മ തിരിച്ചു വന്നില്ല.

മനുഷ്യന്റെ ചെറിയ കൈപ്പിഴകളീല്‍ തകിടം മറയുന്ന ജീവന്റെ കണിക!!

ഓര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും കെട്ടുപിണയുന്ന ജീവന്റെ അസ്ഥിരത!!

സങ്കീര്‍ണ്ണമാവുന്ന ജീവിതമെന്ന പ്രഹേളിക!!

തനിയ്ക്കുണ്ടായ കുഞ്ഞിനെ ഒരു നോക്കു കാണാന്‍പോലും നികേഷിന്റെ അമ്മ കണ്ണുതുറന്നില്ല.

ജീവന്റേയും..മരണത്തിന്റേയും ഇടയ്ക്കുള്ള ഏതോ നേര്‍ത്ത കണികകളില്‍കുരുങ്ങി..ചിലന്തിവലയില്‍ വിഷദംശനമേറ്റ്‌,അബോധാവസ്ഥയില്‍ പിടയുന്ന ഇരയേപോലെ..നിശ്ശബ്ദമായ വേദനയുടെ പതിഞ്ഞ രാഗം പോലെ..വെളുത്ത ബെഡ്ഷീറ്റിനേക്കാളും വെളുത്ത്‌ നികേഷിന്റെ അമ്മ!!

നീണ്ട ഇരുപത്തിനാലു വര്‍ഷം ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂല്‍പ്പാലത്തില്‍....

ആല്‍ബിയുടെ ചിന്തകളില്‍ വീണ്ടും കടന്നല്‍ക്കൂടുകളിളകാന്‍ തുടങ്ങി..

ഇങ്ങനെ ഒരു ജീവസ്പന്ദനം എന്തിനുവേണ്ടി?....

സ്നേഹിക്കുന്നവരെ വേദനിപ്പിയ്ക്കാന്‍വേണ്ടിമാത്രം ഒരു ജീവന്റെ ചലനം?!!

തന്റെ ഉറ്റസ്നേഹിതന്റെ സഹനത്തിന്റേയും നിര്‍വികാരതയുടേയും നീണ്ട ഇരുപത്തിനാലുവര്‍ഷങ്ങള്‍ ആല്‍ബിയ്ക്കുമുന്നില്‍ ഉത്തരംകിട്ടാത്ത ഒരു സമസ്യയായി വളര്‍ന്നുനിന്നു...

അതികലശലായ വേദനയിലെന്നപോലെ നികേഷിന്റെ അമ്മയുടെ മുഖം തികച്ചും ദയനീയമായിരുന്നു എപ്പോഴും.....

പ്രാണന്റെ കണിക ക്ഷീണിച്ചുവിവശമായ ശരീരത്തില്‍നിന്നും വിട്ടകലാന്‍ തയ്യാറാകാത്തപോലെ..

ഈ ദേഹവും ദേഹിയും തമ്മിലുള്ള പ്രണയം എന്നൊക്കെപ്പറയുന്നത്‌ ഇതായിരിക്കുമൊ?..

ആല്‍ബിയുടെ മനസ്സില്‍ തന്നെ സ്വന്തം മകനേപ്പോലെ സ്നേഹിച്ച ആ അമ്മയുടെ തീവ്രവേദനയുടെ ഇരുപത്തിനാലു വര്‍ഷങ്ങള്‍ കടന്നല്‍ക്കൂട്ടങ്ങളെപ്പോലെ പറന്നെത്തി ആക്രമിച്ചുകൊണ്ടിരുന്നു...

മാരകമായേക്കാവുന്ന ആ വിഷദംശനങ്ങളില്‍ ഒരുപക്ഷെ താന്‍ തന്നെത്തന്നെ മറന്നുപോയേക്കുമെന്നുവരെ പലപ്പോഴും ആല്‍ബിയ്ക്ക്‌ തോന്നാറുണ്ടായിരുന്നു!!

അന്ന്‌ നികേഷിന്റെ വീടിന്റെ ഗേറ്റ്‌ തുറക്കുമ്പോള്‍ തന്നെ യുക്തിയുടെ ശക്തമായ കാറ്റ്‌ ആല്‍ബിയിടെ ജൈവശരീരത്തെ തഴുക്കുന്നതായി ആല്‍ബി തിരിച്ചറിഞ്ഞിരുന്നു....

ശക്തമായ ആ കാറ്റിന്റെ ചിറകില്‍ തനിയ്ക്കു ഭാരം ഇല്ലാതാവുന്നതായും,യുഗങ്ങള്‍ക്കുപിറകിലേയ്ക്ക്‌ താന്‍ ആവാഹിയ്ക്കപെടുന്നതായും ആല്‍ബി തിരിച്ചറിഞ്ഞു!!

തനിയ്ക്കുചുറ്റും മനം കവരുന്ന ഏദന്‍ത്തോട്ടം തന്നെയാണ്‌ നിറഞ്ഞുനില്‍ക്കുന്നതെന്നും,ഇളംമഞ്ഞിന്റെ ആവരണത്തിലൂടെ പഞ്ഞിക്കെട്ടുകള്‍പോലെ ഒഴുകിനടക്കുന്നത്‌ വിശുദ്ധിയുടെ മാലാഖക്കൂട്ടങ്ങള്‍തന്നെയാണെന്നും ആല്‍ബിയ്ക്കു മനസ്സിലായി..

സര്‍വ്വസൗഭാഗ്യങ്ങളും നിറഞ്ഞുനില്‍ക്കുന്ന പറുദീസയില്‍ തനിക്കുവേണ്ടി ഫലമണിഞ്ഞുനില്‍ക്കുന്ന ജീവവൃക്ഷത്തിന്റെ മനമയക്കുന്ന സുഗന്ധം ആല്‍ബിയെ വിവശനാക്കി..

ദൈവത്തേപോലെയാകാനുള്ള അവന്റെ വ്യഗ്രതകളില്‍ മനസ്സിന്റെ ഓര്‍മ്മാതലങ്ങളെല്ലാം പതുക്കെ മയങ്ങിയമരുന്നതായി ആല്‍ബി അറിഞ്ഞു..

വിവേകത്തിന്റെ മുഗ്ദമായ താളലയങ്ങള്‍ക്കുമേലെ വികാരത്തിന്റെ മാസ്മരസംഗീതം പറന്നിറഞ്ഞിയപ്പോള്‍ ആല്‍ബി നാഗകന്യയുടെ മാസ്മരദംശനത്തിനായി ഒരുങ്ങിനിന്നു...

നികേഷ്‌ പുറത്തു കടന്ന ആ ഇടവേളയുടെ തിടുക്കത്തില്‍ ആല്‍ബി നികേഷിന്റെ അമ്മയുടെ നാസികയിലേയ്ക്കൊഴുകുന്ന പ്രാണവായൂപ്രവാഹം വലിച്ചെറിഞ്ഞു!!!

അഭൗമികമായ ലഹരിയിലെന്നപോലെ ആല്‍ബി മന്ദഹസിയ്ക്കാനരംഭിച്ചു..

ജീവന്റെ കണികയെന്ന വില്ലനാല്‍ ജീവിതമെന്ന കാരാഗൃഹത്തിലടയ്ക്കപ്പെട്ട്‌, നരകിയ്ക്കുന്ന തന്റെ പ്രിയപ്പെട്ട അമ്മയെ ബന്ധനവിമുക്തയാക്കിയ മാന്ത്രികകഥയിലെ രാജകുമാരന്റെ പ്രതീതിയായിരുന്നു ആല്‍ബിയ്ക്കപ്പോള്‍!!

പക്ഷെ, മോഹവലയങ്ങളുടെ പറുദീസയില്‍ നാഗകന്യയുടെ ദംശനമേറ്റുവീണുക്കിടക്കുന്ന ആല്‍ബിയുടെ മുഖത്തേയ്ക്ക്‌ നികേഷിന്റെ മുഖം പ്രകാശമാനമായ ഒരു സൂര്യനേപോലെ അടുക്കുന്നത്‌ ആല്‍ബിയെ വിവശനാക്കി..

ആല്‍ബി കണ്ണുകള്‍ ഇറുക്കിയടച്ചു...

പെട്ടെന്ന്‌ ആല്‍ബി പ്രകാശത്തെ ഭയക്കാനാരംഭിച്ചു!!!

അതുവരെ മധുരസംഗീതമായിതോന്നിയ നികേഷിന്റെ ശബ്ദംകേട്ട്‌ ആല്‍ബി ഞെട്ടിത്തെറിച്ചു!!

വിവസ്ത്രനായി പറുദീസയുടെ തണുപ്പില്‍കിടക്കുന്ന താന്‍ ആദിമനുഷ്യന്‍ തന്നെയാണെന്ന ബോധ്യം ആല്‍ബിയെ തികച്ചും വിഷണ്ണനാക്കാന്‍ തുടങ്ങിയിരുന്നു..

ഇപ്പോള്‍ താന്‍ ഭയക്കുന്നത്‌ നികേഷിന്റെ മുഖമാണെന്നും,അതിനു ദൈവത്തിന്റെ ഛായ മാത്രമാണെന്നുമുള്ള അറിവ്‌ ആല്‍ബിയില്‍ ഒരു വേദനയായി വളരുകയായിരുന്നു..

ഒരു പുതിയ അറിവിന്റെ വേദന!!

ലേബലുകള്‍: