വയലിലെ പുഷ്പംപോലെ..
മഴ തിമിര്‍ത്തുപെയ്യുകയാണ്...
തുള്ളിയ്ക്കൊരുകുടം പേമാരി എന്ന ചൊല്ലിനെ ശരിയ്ക്കും അന്വര്‍ത്ഥമാക്കുന്ന മഴ!!
മുംബൈയില്‍നിന്നുള്ള ആദ്യത്തെ വെക്കേഷന്‍ ആയിരുന്നു അത്...
ഒരു വര്‍ഷം നാടും,നാട്ടുകാരും,ഗ്രാമസൗഭാഗ്യങ്ങളും നഷ്ടമായപ്പോള്‍..എല്ലാതിനോടും പ്രിയമേറുകയായിരുന്നു...
മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന കേരളത്തിലെ മഴക്കാലവും, ഈറനണിഞ്ഞുനില്‍ക്കുന്ന നനുനനുത്ത പുല്‍ത്തലപ്പുകളും,പിച്ചകംപൂക്കുന്ന പൊന്തക്കാടുകളും,വേലിപ്പടര്‍പ്പില്‍ ചിരിയ്ക്കുന്ന സുന്ദരിപ്പൂക്കളും,കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയില്‍പാറുന്ന കൊള്ളിയാനുകളും, എല്ലാം..എല്ലാം തിരിച്ചുകിട്ടിയ ആഹ്ലാദത്തിമിര്‍പ്പിനിടയിലായിരുന്നു ആ അത്യാഹിതം..
മറിയാമ്മച്ചേടത്തി പശുവിനു പുല്ലുപറിയ്ക്കാന്‍ പോയതായിരുന്നു പറമ്പില്‍..
മരുമകള്‍ വീട്ടില്‍പോയിമടങ്ങിയെത്തിയപ്പോള്‍, ആറര മണിയായിരുന്നു..
മറിയാമ്മച്ചേടത്തിയെ വീട്ടില്‍ കാണാതായപ്പോള്‍ പറമ്പിലിറങ്ങിനോക്കിയതാണ്..
കിണറിനടുത്തുള്ള പുല്‍പ്പടര്‍പ്പില്‍ തണുത്തുമരവിച്ചുകിടക്കുന്നു മറിയാമ്മച്ചേടത്തി!!..
അലമുറയിട്ടുകരയുന്ന മരുമകളുടെ ശബ്ദം കേട്ടാണ് ഞങ്ങളെല്ലാം ഓടിക്കൂടിയത്..
നോക്കുമ്പോള്‍ മുട്ടുവരെ വളര്‍ന്നുനില്‍ക്കുന്ന,പടരന്‍പുല്ലില്‍ വായില്‍നിന്നും നുരയുംപതയുമായി മറിയച്ചേടത്തി നിവര്‍ന്നുകിടക്കുന്നു...
ശ്വാസം മുട്ടിന്റെ അസുഖമുണ്ടായിരുന്നു മറിയമ്മാച്ചേടത്തിയ്ക്ക്..അസുഖം കലശലായാല്‍ സുബോധംവരെപോകും!!! ആരും അടുത്തില്ലാതായതാവും മരണകാരണം..
വായില്‍നിന്നും നുരയും പതയും എന്തോ ഒരു ദുരൂഹത പടര്‍ത്തിയ മരണം..
എന്തായാലും തൊട്ടയല്‍പക്കത്തെ സ്നേഹമയിയായ മറിയാമ്മച്ചേടത്തിയുടെ ആകസ്മികമരണം മനസ്സിനെ നോവിച്ചു..
വെക്കേഷന്‍മൂഡെല്ലാം പോയി..
മറിയാമ്മച്ചേടത്തിയുടെ അടുത്തുള്ള മക്കളെയെല്ലാം വിവരമറിയിയ്ക്കലായിരുന്നു അടുത്ത പരിപാടി..
മൂക്കന്നൂരിലേയ്ക്കു കെട്ടിച്ചുകൊടുത്ത രണ്ടാമത്തെ മകളുടെ വീട്ടില്‍പോയി അവരേയും,കുട്ടികളേയുംകൂട്ടി തിരിച്ചെത്തിയപ്പോള്‍ സമയം പത്തേമുക്കാല്‍...
അപ്പോഴാണ് മറിയാമ്മച്ചേടത്തിയുടെ ഒരു സഹോദരിയെ രാപ്പാളേയ്ക്ക് കെട്ടിച്ചുവിട്ടീട്ടുണ്ട്,അവരെ അറിയിച്ചീട്ടില്ല എന്നുപറയുന്നത്.... അത്താഴം കഴിച്ചെന്നുവരുത്തി വീട്ടില്‍നിന്നും പുറത്തുകടന്നപ്പോഴേയ്ക്കും പ്രകാശിന്റെ മാരുതി സ്റ്റാര്‍ട്ടാക്കിനിര്‍ത്തിയിരിക്കുകയായിരുന്നു....
കാറിലേയ്ക്കുകയറിയതും മഴയുടെ ശക്തികൂടി..
വീട്ടില്‍നിന്നും റോഡിലേയ്ക്കുകയറിയതും പെരുമഴയായി..
വിന്റ്‌സ്ക്രീന്‍ ഗ്ലാസ്സിലൂടെ മഴവെള്ളം പുഴപോലെ ഒഴുകുന്നു..
"എന്തൊരു മഴയാ!!!"
എതിരേ വരുന്ന ചരക്കുലോറിയുടെ ഹെഡ്‌ലൈറ്റ് കണ്ണിലടിച്ചപ്പോള്‍ ബ്രേയ്ക്ക്‌ചെയ്ത് തീര്‍ത്തും സൈഡ് ഒതുക്കികൊണ്ട് പ്രകാശ് ആത്മഗതം നടത്തി..
പെരുമഴയും, റോഡിലെ ഗട്ടറുകളും എല്ലാംകൂടി പ്രകാശിന്റെ ഡ്രൈവിംഗ് ശരിയ്ക്കും ശ്രമകരമായ ഒരു ജോലിയാക്കിക്കഴിഞ്ഞിരുന്നു..
മെയിന്‍ റോഡില്‍നിന്നും വലത്തോട്ടെടുത്ത്, കാര്‍ പാലച്ചിറയ്ക്കുള്ള റോഡിലേയ്ക്ക് തിരിഞ്ഞു..
മഴ കൂടുന്നതല്ലാതെ,കുറയാനുള്ള യതൊരു ലക്ഷണവും കാണുനില്ല...
ഇനിയങ്ങോട്ട് പാലച്ചിറ കവലവരെ റോഡിനിരുപുറവും നിറഞ്ഞ പാടങ്ങളാണ്..സ്ട്രീറ്റ്‌ലൈറ്റുപോലും ഇല്ലാത്ത വഴി...
മഴക്കാലത്ത് പാടങ്ങളെല്ലാം മലവെള്ളംവന്നുനിറഞ്ഞ് പെരുംകടലാവും..
പത്തിരുപതടിയോളം ആഴത്തില്‍ നിറഞ്ഞുകിടക്കുന്ന ജലപ്പരപ്പിനിടയിലൂടെയുള്ള റോഡിലൂടെയുള്ള യാത്ര അല്‌പം ഭയമുളവാക്കാതിരുന്നില്ല...
ഒന്നുത്തെറ്റിയാല്‍ നിലയില്ലാത്ത വെള്ളത്തില്‍ മുങ്ങും!!!
മറിയാമ്മച്ചേടത്തിയുടെ ആകസ്മികമായ മരണവും,പിന്നെ മൗനമുറയുന്ന യാത്രയും, ഈറനായ ഇരുട്ടിന്റെ ആവരണവും,എന്തോ മനസ്സ് മരണത്തെക്കുറിച്ചുള്ള ചിന്തകളില്‍ വെറുതേ പാറിക്കൊണ്ടിരുന്നു..
ഓര്‍ത്താല്‍ എല്ലാം മരീചിക പോലെ...
മനുഷ്യ ജീവിതവും,സ്നേഹനിരാസങ്ങളും,സുഖദുഃഖങ്ങളും,എല്ലാം എല്ലാം വെറുതേ കെട്ടുപ്പിണഞ്ഞുക്കുരുങ്ങി..
പെട്ടെന്നായിരുന്നു പ്രകാശിന്റെ കാല്‍ ബ്രേയ്ക്കിലമര്‍ന്നത്!!!
തല വിന്റ്‌സ്ക്രീനില്‍ തട്ടാഞ്ഞതു ഭാഗ്യം!! കാരണം താന്‍ ചിന്തകളിലൂടെ മയക്കത്തിലേയ്ക്ക് വഴുതുകയായിരുന്നു..
ആരാ ഈ പാതിരാത്രി പെരുമഴയത്ത് റോഡിനുകുറുകേ?!!!!
കയ്യിലൊരു ഹരിക്കെയിന്‍ ലാമ്പുമായി കുടയുംചൂടി..മഴയില്‍ നനഞ്ഞുകുതിര്‍ന്നൊരു സ്ത്രീരൂപം റോഡുമുറിച്ചുക്കടക്കുന്നു..
മഴവെള്ളം കുതിച്ചൊഴുകുന്ന വിന്റ്‌സ്ക്രീനിലൂടെയുള്ള കാഴ്ച്ച വ്യക്തമല്ല..
വേഗത തീരെക്കുറച്ച് ആ സ്ത്രീരൂപത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍,വെളുത്ത സെറ്റുമുണ്ടും,ചുവന്ന ബ്ലൗസും ധരിച്ച സ്ത്രീരൂപത്തിന്റെ മുഖം എകദേശം തിരിച്ചറിഞ്ഞു....
ബാലടീച്ചര്‍!!!
കുറേനാളത്തെ ഇടവേളയ്ക്കുശേഷം കാണുകയായിരുന്നു ടീച്ചറെ.... കുറച്ചു തടിച്ചീട്ടുണ്ട്...
ആരേയുമാകര്‍ഷിയ്ക്കുന്ന ആ പ്രസന്നമായ മുഖത്തിനു യാതൊരുമാറ്റവുമില്ല!!!
പിന്തിരിഞ്ഞു നോക്കി തീര്‍ച്ചപ്പെടുത്താന്‍ വീണ്ടും ശ്രമിച്ചു..
ടീച്ചര്‍ കുറേക്കൂടി സുന്ദരിയായിരിയ്ക്കുന്നു!!!
ടീച്ചറുടെ വീടിവിടെയാണ്, പാലച്ചിറയ്ക്കു തെക്കേക്കരയില്‍...
സ്കൂളില്‍നിന്നും വരുമ്പോള്‍ ടീച്ചര്‍ ഈ പാടവരമ്പത്തുകൂടി കയറിയാണ് വീട്ടിലേയ്ക്ക് പോകാറുള്ളത്..
ആരും പെട്ടെന്നിഷ്ടപ്പെടുന്ന സ്വഭാവമായിരുന്നു ടീച്ചറുടേത്. കാണാന്‍ അതിസുന്ദരിയല്ലെങ്കിലും, ആരേയും പെട്ടെന്നാകര്‍ഷിയ്ക്കുന്ന എന്തോ ഒരു പ്രത്യേകത ടീച്ചറിലുണ്ടായിരുന്നു..
പിന്നെ,തനിക്കേറെ ഇഷ്ടപ്പെട്ട മലയാളമായിരുന്നു ടീച്ചറുടെ വിഷയവും; എങ്ങനെ നോക്കിയാലും തനിയ്ക്ക് മറക്കാനാവില്ലായിരുന്നു..സ്നേഹത്തിന്റെയും,പരിശുദ്ധിയുടേയും, പ്രതീകമായിരുന്ന ആ ബ്രാഹ്മിണ്‍ ടീച്ചറെ!!
ചിന്തകള്‍ പെട്ടെന്ന് വര്‍ഷങ്ങള്‍ക്ക് പുറകിലേയ്ക്കുപാഞ്ഞു..
സ്ഥലകാലബോധമുണ്ടാകാന്‍ അല്‍പ്പസമയമെടുത്തു..
ടീച്ചറെങ്ങനെ ഈ പാതിരാത്രി മലവെള്ളം നിറഞ്ഞുക്കിടക്കുന്ന പാടവരമ്പത്തുകൂടെ വീട്ടിലേയ്ക്കുപോകും?..
സുബോധത്തിലെവിടേയോ ഒരു കൊള്ളിയാന്‍ മിന്നി..
"പ്രകാശ് വണ്ടി തിരിയ്ക്കൂ.."
ശബ്ദത്തിന്റെ ആഴം കൂടിയതറിഞ്ഞില്ല...
അല്‍പ്പം പരിഭ്രമത്തോടെ തന്നെ നോക്കുന്ന പ്രകാശിനോട് ഒരുവിധത്തില്‍ കാര്യം ധരിപ്പിച്ചപ്പോഴേയ്ക്കും വണ്ടി കുറച്ചുദൂരം പിന്നിട്ടിരുന്നു..
പെട്ടെന്നു റിവേര്‍സെടുത്തിയപ്പോഴേയ്ക്കും ടീച്ചറവിടെയില്ല!!
മഴയ്ക്കു വീണ്ടും ശക്തികൂടിയപോലെ.. കാറ്റും ശക്തമായിക്കൊണ്ടിരിയ്ക്കുകയാണ്...
"വണ്ടിനിര്‍ത്തു പ്രകാശ്!!!"
"നമുക്കിറങ്ങിനോക്കാം ..പാവം ടീച്ചര്‍...ഈപെരുമഴയത്ത് രാത്രി...തനിയേ.."
പ്രകാശ് പെട്ടെന്ന് എന്റെ കയ്യില്‍ കടന്നുപിടിച്ചുക്കൊണ്ട് പറഞ്ഞു..
"ഡോര്‍ തുറക്കല്ലേ... മഴവെള്ളം മുഴുവന്‍ അകത്താവും!!"
കാറിന്റെ ഹെഡ്‌ലൈറ്റുകൂടി ഓഫായപ്പോള്‍ ആ പ്രദേശമാകെ കൂരിരുട്ടില്‍ മുങ്ങി!!
കണ്ണില്‍കുത്തിയാല്‍ കാണാത്ത ഇരുട്ട്!!
മഴവെള്ളം കുതിച്ചൊഴുകുന്ന ഗ്ലാസ്സിലൂടെ കണ്ണുകള്‍ ചുറ്റുംപരതി...
എവിടെ തന്റെ പ്രിയപ്പെട്ട ബാലടീച്ചര്‍?..
നിറഞ്ഞ ജലപരപ്പും,ചീറിയടിയ്ക്കുന്ന തണുത്ത കാറ്റും,ഇരമ്പുന്ന മഴയും എല്ലാംകൂടി ഏതോ ഒരു ഭീകരമായ അന്തരീക്ഷം ചുറ്റും നിറയുന്നതായി എനിക്കനുഭവപ്പെട്ടു...
അതാ പാലച്ചിറയുടെ തെക്കേക്കരയെ ലക്ഷ്യമാക്കി ഒരു നേര്‍ത്തവെളിച്ചം ജലപരപ്പിനു മുകളിലൂടെ നീങ്ങുന്നു!!!!
ടീച്ചറെങ്ങനെ ഈ ജലപരപ്പിലൂടെ ഒറ്റക്ക്?!!!...
എനിയ്ക്കൊന്നും മനസ്സിലായില്ല..
ഇനി ടീച്ചറെയുംകൊണ്ട് വല്ല വള്ളക്കാരും?..
എല്ലാം തികച്ചും ദുരൂഹമാവുന്നപോലെ..
കുറച്ചുനേരം പതുക്കെ പതുക്കെ ടീച്ചറുടെ വീടിനെ ലക്ഷ്യമാക്കി നീങ്ങുന്ന ആ പ്രകാശത്തെ നോക്കിയിരുന്നു..
അതില്‍തന്നെ മനസ്സും,ശരീരവും,കേന്ദ്രീകരിച്ചതുകൊണ്ടാകാവാം,ആ പ്രകാശകണിക ടീച്ചറുടെ സുന്ദരമായ മുഖമായി പരിണമിക്കുന്നതായും, തന്നെ നോക്കി മൃദുമന്ദസ്മിതം പൊഴിയ്ക്കുന്നതായും എനിയ്ക്കുതോന്നി..
മനസ്സിലെ വിങ്ങല്‍ ഒന്നു ശമിച്ചതുപോലെ....
"നേരം വൈകി.. ഇനി തിരിച്ചുപോരേണ്ടതുമല്ലേ?..പോരാത്തതിനു ഈ നശിച്ച മഴയും!!.. നമുക്കു പോകാം.."
പ്രകാശാണു മൗനം ഭന്‌ജിച്ചത്..
"ശരിയാ നമുക്കു പോകാം"
ഇരമ്പിപ്പെയ്യുന്ന മഴയിലൂടെ രാപ്പാളെത്തി മറിയച്ചേടത്തിയുടെ സഹോദരിയേയുംകൊണ്ട് വീട്ടിലെത്തിയപ്പോള്‍ സമയം ഒരുമണികഴിഞ്ഞിരുന്നു...
മനസ്സുമുഴുവനും ബാലടീച്ചറായിരുന്നു....
ഭൂപരിഷ്ക്കരണനിയമം വരുന്നതിനുമുന്‍പ് ഞങ്ങള്‍ താമസിയ്ക്കുന്ന ഗ്രാമത്തിന്റെ നല്ലൊരുഭാഗവും ടീച്ചറുടെ വീട്ടുകാരുടെ ആയിരുന്നത്രേ!!!
നായന്മാരും,നസ്രാണികളും പാട്ടത്തിനെടുത്ത അവരുടെ ഭൂമിയില്‍ കൃഷിചെയ്തും,വിപണനം നടത്തിയും സുഖമായി ജീവിച്ചിരുന്നു..
ഞങ്ങളിവിടെ വീടുവാങ്ങി താമസം തുടങ്ങുമ്പോള്‍ സ്ഥലത്തെ പാട്ടക്കാരായ നായന്മാരും,നസ്രാണികളും, പുത്തന്‍ മുതലാളിമാരുടെ കുപ്പായത്തിലായിരുന്നു!!
ഭൂപരിഷ്ക്കരണംകൊണ്ട് നേട്ടംകൊയ്തത് ഇത്തരക്കാരാണ്!!
എല്ലാം അമ്മ പറഞ്ഞ അറിവാണ്
സുഖലോലുപന്മാരായ കാരണവന്മാരുടെ ധാരാളിത്തവും,ചിന്തയില്ലാത്ത ജീവിതവും,ശരിയ്ക്കും തകര്‍ത്തത് തലമുറയിലെ അവസാനക്കണ്ണികളായ ബാലടീച്ചറേയും,ജ്യേഷ്ഠനേയുമായിരുന്നു..
എന്റെ ഓര്‍മ്മയില്‍ നാട്ടിലെല്ലാം പുഞ്ചിരിച്ചുകൊണ്ട്,ആര്‍ക്കും ഒരു ശല്യവുംചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന ഭ്രാന്തനായിരുന്നു ബാലടീച്ചറുടെ ജ്യേഷ്ഠന്‍!!!
പലപ്പോഴും ഉച്ചയൂണിന്റെ സമയത്ത് വടക്കേപ്പുറത്തിരുത്തി അമ്മ ചോറുകൊടുക്കാറുള്ള ഭ്രാന്തന്‍ ശങ്കുണ്ണിയെ കുഞ്ഞുന്നാളിലേ എനിക്കിഷ്ടമായിരുന്നു...
മലയാളം വിദ്വാന്‍ പഠിച്ച ബാലടീച്ചര്‍ക്ക് പലരുടേയും സഹായംകൊണ്ടാണത്രേ..സ്കൂളില്‍ ഒരു ജോലിയാക്കിക്കൊടുത്തതുതന്നെ..
അത്രയ്ക്കു പരിതാപകരമായിരുന്നു ഒരുകാലത്തു നാടടക്കിവാണിരുന്ന ആ കുടുംബത്തിന്റെ അവസ്ഥ!!!
മനുഷ്യാവസ്ഥയുടെ അസ്ഥിരതയും, അര്‍ഹതയുടേയും,ഭാഗ്യനിര്‍ഭാഗ്യങ്ങളുടേയും പൊരുത്തക്കേടുകളും,എന്നും തന്റെ മനസ്സിനെ കീറിമുറിയ്ക്കുന്ന ചിന്തകളായിരുന്നു..
എങ്ങുമെത്താതെ.. ഒരിയ്ക്കലുമൊരിയ്ക്കലുമവസാനിക്കാതെപോയതുമായ നീറുന്ന ചോദ്യങ്ങള്‍!!
വളരേ വൈകി,തൊഴില്‍രഹിതനായ ഒരു വയസ്സന്‍ നമ്പൂതിരിയെ വിവാഹംചെയ്യേണ്ടിവന്നതും...കുട്ടികളോട് അതിരുകവിഞ്ഞ വാത്സല്യമുണ്ടായിരുന്ന ടീച്ചര്‍ക്ക് ഒരു കുഞ്ഞു ജനിയ്ക്കാതെ പോയതും,എല്ലാം വിധിയുടെ വിളയാട്ടമായി മറക്കാന്‍ ശ്രമിച്ചു...
നാളെ രാവിലെ അമ്മയോടു ചോദിച്ചാലറിയാം ഇപ്പോഴത്തെ ടീച്ചറുടെ അവസ്ഥ...ഇനി താന്‍ കണ്ടതു ടീച്ചറെതന്നെയല്ലെ?!!!!..
പുറത്ത് മഴ അപ്പോഴും തോരാതെ പെയ്യുകയാണ്..
ദുഃഖത്തിന്റേയും, വേര്‍പാടിന്റേയും ആ നിറഞ്ഞ ഹിന്തോളരാഗങ്ങളിലലിഞ്ഞ് എപ്പോഴോ ഉറക്കത്തിന്റെ കയങ്ങളില്‍ മുങ്ങിത്താണു..
പിറ്റേന്നു ഏഴരയായി എഴുന്നേറ്റപ്പോള്‍...
പല്ലുതേയ്ക്കാനായി വടക്കേപ്പുറത്തെത്തിയപ്പോള്‍ അമ്മ അവിടെ കോഴികള്‍ക്ക് ഇന്നലത്തെ ബാക്കിവന്ന ആഹാരസാധനങ്ങള്‍ വിതറികൊടുക്കുകയാണ്..
"അമ്മേ ഇന്നലെ രാത്രി ഞങ്ങള്‍ രാപ്പാളേയ്ക്കുപോകുമ്പോള്‍ പാലച്ചിറയില്‍വച്ചു നമ്മുടെ ബാലടീച്ചറെകണ്ടു .."
"പാവം മഴയില്‍ നനഞ്ഞുകുതിര്‍ന്ന് ഒറ്റയ്ക്ക് ആ പാതിരാത്രി... എനിയ്ക്കാകെ ഒരു വല്ലായ്മതോന്നി..."
"നീ വല്ല സ്വപനവും കണ്ടതാവും.. അല്ലാതെപിന്നെ..ടീച്ചര്‍ മലവെള്ളത്തില്‍ മുങ്ങിമരിച്ചത് ഒരാഴ്ച്ച മുന്‍പല്ലേ!!!"
"നീ വന്ന അന്നുതന്നെ ഞാന്‍ പറഞ്ഞതാണല്ലോ..നീ അതൊന്നും ശ്രദ്ധിച്ചീട്ടുണ്ടാവില്ല..."
"ആ നമ്പൂരി മരിച്ചതില്‍പിന്നെ തലയ്ക്ക് ചെറിയ ഓളമായിരുന്നു ടീച്ചര്‍ക്ക്.... എങ്ങനേയാണ് പറ്റിയതെന്നറിയില്ല; ഒരു ശനിയാഴ്ച്ചയാണ് പാലച്ചിറയില്‍ ടീച്ചറുടെ ശവം പൊന്തിയത്..."
ശരിയ്ക്കും ഇടിവെട്ടിയത് തലച്ചോറിലെവിടെയോ ആയിരുന്നു!!!
അപ്പൊ,പിന്നെ ഇന്നലെ താന്‍ കണ്ട ബാലടീച്ചര്‍!!!!....
എനിയ്ക്കാകെ ഒരസ്വസ്ഥത...
പെട്ടന്നു പ്രഭാതകര്‍മ്മങ്ങളൊക്കെ കഴിച്ചെന്നുവരുത്തി.ഒരു കട്ടന്‍കാപ്പിയെടുത്തുകുടിച്ച് പെട്ടെന്നു മറിയാമ്മച്ചേടത്തിയുടെ വീട്ടിലെത്തി..
ദൈവത്തിന്റെ മുഖച്ഛായയുള്ള നരച്ച താടിവെച്ച വികാരിയച്ചന്‍ മരണാനന്തരശുശ്രൂഷകള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു...
"മനുഷ്യജീവിതം പുല്‍ക്കൊടിയ്ക്കുതുല്യമാവുന്നു!!!
വയലിലെ പുഷ്പംപോലെ അതുവിടരുന്നു...
ചുടുക്കാറ്റടിയ്ക്കുമ്പോള്‍ അതു വാടിപ്പോവുകയും ചെയ്യുന്നു!!
അതു നിന്നിരുന്ന സ്ഥലവും അജ്ഞാതമായിത്തീരും!!!".
നശ്വരമായ മനുഷ്യജീവനുമുന്നില്‍ ആദരവോടെ നമ്രശിരസ്കനായി നിന്നു... മറ്റൊന്നും ചിന്തിയ്ക്കാനാവാതെ!!!
ലേബലുകള്‍: കഥ