കൊക്കിന്റെ ബിരിയാണി
കൊക്ക് നടക്കുന്നത് കാണാനാണ് ചന്തം....
നീണ്ടകഴുത്ത് മുന്നോട്ടാഞ്ഞ്... കനം കുറഞ്ഞ ശരീരത്തെ ഒരു താളത്തില്‍ മുന്നോട്ട് വലിച്ച്...പിന്നെ,വലതുകാല്‍പിന്നോട്ടെടുത്തുള്ള..ആ നടത്തം!!!
പക്ഷെ, കൊക്ക് സാവധാനം നടക്കുന്നത് വളരേ വിരളമാണ്..കാരണം കൊക്കിനു എപ്പോഴും തിരക്കായിരുന്നല്ലോ....
ക്ഷമിയ്ക്കണം, വായനക്കാര്‍ക്ക് കൊക്കിനെ ശരിയ്ക്കും മനസ്സിലായില്ല അല്ലേ?.....
പാടശേഖരങ്ങളിലും...കുളങ്ങളിലും...ചെറുമീനുകളേ പിടിച്ചു നടക്കുന്ന വെളുവെളുപ്പന്‍ സുന്ദരന്‍ കൊക്കല്ല..ഈ കൊക്ക്...
ഇത് സക്ഷാല്‍ കൊക്ക്!!!....
'കൊക്ക്‌മൊയ്തീന്‍'
'മൊയ്തീന്‍ക്കാ'യെ നാട്ടുക്കാര്‍ ഈ ഓമനപേരില്‍ വിളിയ്ക്കാനുള്ള കാരണം പ്രധാനമായും 'മൊയ്തീന്‍ക്കാ'യുടെ ആകാരസൗഷ്ഠവവും, കൊക്കിനോടൊക്കുന്ന നടനചാരുതയും തന്നെയായിരുന്നു...
പിന്നെ അവശ്യഘട്ടങ്ങളില്‍ രക്ഷപ്പെടാനായി 'മൊയ്തീന്‍ക്കാ' ഉപയോഗിക്കാറുള്ള 'മീന്‍പിടുത്തക്കാരന്‍ കൊക്കിന്റെ കൗശലവും....
ഈ 'വെള്ളിലാംകുന്ന്' ഗ്രാമത്തില്‍ 'കൊക്കിനെ' അറിയാത്തവരായി ആരുമുണ്ടാവില്ല... കാരണം ഏതെങ്കിലും കാര്യത്തിനായി എപ്പോഴെങ്കിലും, 'കൊക്കി'നെ സമീപിയ്ക്കാത്തവരായി ജീവിയ്ക്കാന്‍ കഴിയില്ല എന്നുള്ളതാണ് സത്യം!!!
'കൊക്കിനെ'പ്പറ്റി ഒന്നുകൂടി വിശദീകരിച്ചു പറയുകയാണെങ്കില്‍.. നമ്മുടെ പഴയ 'മാമുക്കോയയുടെ'ഒരു രൂപസാദൃശ്യമില്ലേ എന്നൊരു സംശയം തോന്നാം..'ഇരുപതാം നൂറ്റാണ്ടിലേയും,'റാംജീ റാവ് സ്പീക്കിങ്ങിലേയും' ആ പഴയ 'മാമുക്കോയ!!"...
ഈ രൂപസാദൃശ്യം 'കൊക്ക് മൊയ്തീന്‍' പരമാവധി ഉപയോഗിക്കാനും ശ്രമിയ്കാറുണ്ട്..
'കൊക്ക് മൊയ്തീന്‍' 'മാമുക്കോയയുടെ' ഒരു മുടിഞ്ഞ 'ഫാനു'മാണ്..അതുക്കൊണ്ടുതന്നെ ഒളിഞ്ഞും, തെളിഞ്ഞും 'മാമുക്കോയയുടെ' സംസാരശൈലികളും, ചേഷ്ടകളും. 'മൊയ്തീനില്‍' പ്രത്യക്ഷപ്പെടുന്നതില്‍ കുറ്റംപറയാനും ഇല്ല...
എന്നാലും 'മാമുക്കോയ' എത്രയോ സുന്ദരനാണ് 'കൊക്ക്‌മൊയ്തീനു'മായി 'കമ്പയര്‍'ചെയ്യുമ്പോള്‍!!!
നാലാം തരം പാസ്സായ 'മൊയ്തീന്‍' പഠനം നിര്‍ത്താന്‍ കാരണങ്ങള്‍ പലതായിരുന്നു..
ബാപ്പയുടെ ആകസ്മിക വേര്‍പാട്..
സ്ഥലം'ചട്ടയായ' മൂത്ത ജേഷ്ഠന്‍...'ബീരാന്‍ കുട്ടിയുടെ' ചുമതലയിലായ്മ...
ഉമ്മയുടെ തലയിലായ കുടുംബ പ്രരാബ്ധങ്ങള്‍....
തനിക്കു താഴേയുള്ള രണ്ടു കുഞ്ഞനുജത്തിമാരോടുള്ള അതിരുകവിഞ്ഞ വാത്സല്യം!!!!!...
ജീവിയ്ക്കാന്‍ വേണ്ടി 'കൊക്ക്‌മൊയ്തീന്‍' കെട്ടാത്ത വേഷങ്ങളില്ല...
നാലാം ക്ലാസ്സില്‍ പഠിപ്പു നിര്‍ത്തിയപ്പോള്‍ ഉമ്മയുണ്ടാക്കികൊടുക്കുന്ന 'വെള്ളേപ്പം'വില്‍പ്പനയില്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ആ കര്‍മ്മനിരത "ബ്രോക്കര്‍' പണിയിലും പാചകലയിലുമായി എത്തിനില്‍ക്കുന്നു...
രണ്ടു പെങ്ങന്മാരെ കെട്ടിച്ചയയ്ക്കലും,ഉമ്മയുടെ അസുഖങ്ങളും..കുടുംബപ്രാരാബ്ധങ്ങളും...ഒക്കെയായി ഒരു കുടുംബജീവിതം തുടങ്ങാന്‍ മാത്രം 'കൊക്ക്‌മൊയ്തീന്‍ക്കാ'യ്ക്ക് സമയം കിട്ടിയതുമില്ല..
എന്നുവച്ച് ഒരു നിത്യബ്രഹ്മചാരിയായി തുടരാനാണോ ഭാവം എന്നു ചോദിച്ചാല്‍..
"ന്‌ക്ക് അങ്ങന്യോന്നും ഇല്ല്യാ.."
"പിന്നെ എല്ലാത്തിനും ഒരു സംയോം..കാലോം..ക്കെ ഇണ്ടല്ലോ?..."
എന്നായിരിക്കും 'കൊക്കിന്റെ' ഭവ്യതയോടെ ഉള്ള മറുപടി...
വളരെ സഹൃദയനായ 'മൊയ്തീന്‍ക്കാ'യ്ക്ക് അതുകൊണ്ടുതന്നെ ലോകത്തുള്ള എല്ലാ വിവാഹിതരോടും ഒരു പക മനസ്സില്‍ ഇല്ലേ എന്ന് എനിക്ക് പലപ്പോഴും തോന്നാറുമുണ്ട്..
'മൊയ്തീന്‍ക്കാ' യുടെ വാക്കുകളില്‍ അറിയാതെ അതു പതഞ്ഞു പൊന്താറുമുണ്ടായിരുന്നു..
ബീഡിവലി...'മൊഞ്ചുള്ള' പെണ്ണുങ്ങളെ കണ്ടാല്‍ നിര്‍ദോഷമായ വായില്‍നോട്ടം..സങ്കടവും..സന്തോഷവും കൂടുതലായാല്‍.. ചാലക്കുടി'ഷാപ്പില്‍' പോകുക......പിന്നെ....'മാമുക്കോയയുടെ' പടം വന്നാല്‍ പറ്റാവുന്ന സ്പീഡില്‍ പോയി കാണുക..ഇത്രയൊക്കയേ ഉള്ളു 'മൊയ്തീന്‍ക്കായുടെ' ദൗര്‍ബ്ബല്യങ്ങള്‍ എന്നു പറയാനായിട്ട്!!!..
'കൊക്കിന്റെ' ബിരിയാണി!!!
അതിന്റെ 'ടെയിസ്റ്റ്' ഒന്നു വേറെതന്നെയാണ്!!!
പാചകം ഒരു കലയാണ് എന്ന് എനിയ്ക്ക് ശരിയ്ക്കും ബോധ്യമായത് 'കൊക്കിന്റെ' ബിരിയാണി ഉണ്ടാക്കല്‍ കാണുമ്പോഴാണ്!!!
മസാലക്കൂട്ടുകളും, ഇറച്ചികഷണങ്ങളും, 'ബസുമതി' അരിയും എല്ലാം വെവ്വേറെ തയ്യാറാക്കി പാചകത്തിനായി ഒരുക്കിയ ബിരിയാണിച്ചെമ്പിലേയ്ക്ക് ഒന്നൊന്നായി എടുത്തെറിയുകായാണ് കൊക്കിന്റെ രീതി..
അതിനോടൊപ്പം ഒരോ 'കമെന്റും......"
"തിന്നട്ടെ നായിന്റെ മൊക്കള്....."
"എന്റമ്മച്ചിയേ..."
ആദ്യമായി കേട്ടപ്പോള്‍ എനിക്ക് ഒരു വല്ലായ്മ തോന്നതിരുന്നില്ല.. കാരണം ഈ ബിരിയാണി ഞാനും കഴിയ്ക്കാന്‍ പോകുന്നതാണല്ലോ....
അപ്പോ "ഈ നായിന്റെ മൊക്കളില്‍..." ഞാനും പെടുമല്ലോ....എന്നൊരു വൈക്ലബ്യം എന്റെ മനസ്സിലും തേട്ടിവന്നു...
പിന്നെ പിന്നെ...അതു 'കൊക്കിന്റെ' ഒരു 'ശൈലി'മാത്രമാണെന്നും..മറ്റൊന്നും അതില്‍ ചിന്തിക്കേണ്ടതില്ലെന്നും ഞാന്‍ മനസ്സിനെ സമ്മതിപ്പിക്കുകയായിരുന്നു....
കാരണം, 'കൊക്കിന്റെ' അടിപൊളി ബിരിയാണി ഈയൊരു നിസ്സാര വിവാദപരാമര്‍ശത്താല്‍ ഉപേക്ഷിക്കേണ്ടതില്ലെന്നും.. .. ഞാന്‍ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി....
'കൊക്കിന്റെ' ചരിത്രത്തില്‍ ഏറ്റവും വേറിട്ടുനില്‍ക്കുന്ന 'ബിരിയാണി പ്രിപ്പറേഷന്‍" നടന്നത് 'പരിശുദ്ധന്‍ കുരിയാക്കോസേട്ടന്റെ' താഴെയുള്ള മകള്‍ 'റീന'യുടെ കല്യാണത്തിനായിരുന്നു....
അന്നൊക്കെ,...ഏതു കല്യാണത്തിന്റേയും തലേ ദിവസം രാത്രിയാണ് ഏറ്റവും രസകരം...
നാട്ടുകാരും..വീട്ടുകാരും ഒക്കെയായി ഒരു ഒത്തുചേരലായിരുന്നു..
ജീവിതത്തില്‍ വിരളമായി ലഭിയ്ക്കുന്ന ചില നല്ലമുഹൂര്‍ത്തങ്ങള്‍!!!
ഇന്നത്തെ 'റെഡി മെയിഡ്'കല്യാണങ്ങളുടേയും..ഭിക്ഷക്കാര്‍ക്കു ഭക്ഷണം കൊടുക്കുന്നതുപോലെയുള്ള..'ബുഫേ' കല്യാണങ്ങളുടേയും രീതിയില്‍നിന്നും..തികച്ചും വ്യത്യസ്തമായ... ഹൃദയങ്ങള്‍ തമ്മില്‍തമ്മില്‍ കുശലം പറയുന്ന ആ നല്ല ഒത്തുചേരലുകള്‍!!!
ഞാനും...ബഷീറും..ഉണ്ണിയും...ജോണിയും...വിന്‍സെന്റും....എല്ലാംകൂടി 'കൊക്കിനെ സഹായിക്കാനായി കൂടി..
സവാള അരിയലായിരുന്നു ഞങ്ങളുടെ ദൗത്യം...
അങ്ങോട്ടുമിങ്ങോട്ടും 'തോട്ടിയിടലും..'കാലുവാരലും..ഒക്കെയായി.. രസകരമായി സവാള അരിയല്‍ പുരോഗമിയ്ക്കുമ്പോഴായിരുന്നു 'പരിശുദ്ധന്‍ കുരിയാക്കോസേട്ടന്റെ'പെങ്ങളുടെ കുടുംബം കാറില്‍ വന്നിറങ്ങിയത്..
സ്വാഭാവികമായും എല്ലാവരുടേയും ശ്രദ്ധ അവരിലേയ്ക്കായി..
പക്ഷേ അസ്വാഭാവികമായ കാഴ്ച്ച 'കുര്യാക്കോസേട്ടന്റെ പെങ്ങളുടെ മൂത്ത മകള്‍ 'ഡെല്‍ഫി'യായിരുന്നു!!!!.
കാറില്‍നിന്നും ഇറങ്ങിയ ഉടനെതന്നെ..മുറ്റത്തെ പന്തലിലിരിയ്ക്കുന്ന ഒരാളുപോലും തന്നെ കാണാതെയിരിക്കരുത് എന്നു കരുതിക്കൂട്ടിതന്നെയാണ്'ഡെല്‍ഫി'യുടെ പുറപ്പാട്!!!
നിറഞ്ഞ ശരീരത്തിന്റെ 'എബിസിഡി' പറ്റാവുന്നത്ര വെളിവാക്കി സാരിയുടുത്തുള്ള അവളുടെ പ്രകടനം!!!
ഞാന്‍ നോക്കുമ്പോള്‍ എലി പുന്നെല്ലുകണ്ടപോലെ 'കൊക്കിന്റെ' കണ്ണുകള്‍ അവളില്‍ തന്നെ!!!!.....
ഏതാണ്ട് അരമണിക്കൂറുനേരത്തെ 'അത്യുജ്ജല പ്രകടന'ത്തിനുശേഷം വിജയശ്രീലാളിതയായി 'ഡെല്‍ഫി'വീടിന്റെ' മെയിന്‍ വാതിലിലൂടെ അകത്തേയ്ക്കു കയറിപോയി....
ഏറെനേരം ഓടിപ്പിച്ചു പിടിയ്ക്കാറായ പൂച്ച, തെങ്ങില്‍ ഓടിക്കേറിപോയപ്പോള്‍..താഴെ നിന്നു കിതച്ചുമുരളുന്ന നായയുടെ അവസ്ഥയായിരുന്നു അപ്പോള്‍ 'കൊക്കിന്റേത്'...
"തിന്നട്ടെ നായിന്റെ മൊക്കള്"
ഒരു ഇറച്ചിക്കഷണം കൂടി ബിരിയാണിച്ചെമ്പിലേയ്ക്കെറിഞ്ഞ്`'കൊക്ക്' തന്റെ ദേഷ്യം മുഴുവന്‍ തീര്‍ത്തു..
ജോണി പുറകില്‍ ഇരുന്നു എന്തോ 'കമന്റും' പാസ്സാക്കി...
'കൊക്ക്' എന്തോ അതൊന്നും കേട്ടതായി നടിച്ചില്ല...
ഞങ്ങള്‍ 'സവാള അരിയല്‍ ദൗത്യം' പൂര്‍ത്തിയാക്കി, പുതുമണവാളനും, മണവാട്ടിയ്ക്കും ഇരിയ്ക്കാനുള്ള 'മണ്ഡപത്തിന്റെ' അലങ്കാരപ്പണിയില്‍ മുഴുകിയിരിയ്ക്കുന്നതിനിടയിലാണ്..മൂത്രശങ്കതീര്‍ക്കാന്‍ പുറത്തേയ്ക്കിറങ്ങിയ 'ഉണ്ണി'യുടെ നിലവിളി കേട്ടത്..
"അയ്യോ....'കൊക്ക്' കിണറ്റില്‍ വീണേ!!!!..
"ഓടിവായോ.........."
"കൊക്ക് കിണറ്റില്‍ വീണേ!!!!!!!!!"
കേട്ടവര്‍ കേട്ടവര്‍ ഇറങ്ങിയോടി..
അഞ്ചു നിമിഷത്തിനുള്ളില്‍ 'കുരിയാക്കോസേട്ടന്റെ'വീടിന്റെ പടിഞ്ഞാറുവശത്തുള്ള പൊട്ടക്കിണറിനു ചുറ്റും ജനസമുദ്രമായി!!!..
പന്തലിനുള്ളിലെ നാലു 'പെട്രോള്‍ മാക്സ് വിളക്കുകളും,പൊട്ടക്കിണറിനു ചുറ്റും നിരന്നു...
ഒരുകണക്കിനു തിക്കിത്തിരക്കി 'പൊട്രോള്‍ മാക്സിന്റെ' വെളിച്ചം അരിച്ചിറങ്ങുന്ന കിണറ്റിലേയ്ക്കുനോക്കി..
"എന്റമ്മച്ചിയേ..."
കഴുത്തൊപ്പം വെള്ളത്തില്‍ നനഞ്ഞുകുളിച്ച് 'കൊക്ക്‌മൊയ്തീന്‍ക്കാ'!!!!!
"ങ്‌ളിബ്‌ടെ നിക്കാണ്ട്...പോയീന്‍...ബിരിയാണീന്റെ കാര്യം നോക്കീന്‍!!!.....
'ന്റെ..കാര്യം ഞമ്മള്..നോക്കീക്കോളാന്ന്!!!!...
'പോയീന്‍..പോയീ ബിരിയാണീന്റെ കാര്യം നോക്കീന്‍!!...
കിണറ്റിനുള്ളില്‍ 'കൊക്കിന്റെ ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നു!!!!...."
ഒരുകണക്കിനു മുളയേണിയും... കയറും..ഒക്കെയായി 'നനഞ്ഞ 'കൊക്കിനെ' വലിച്ചു കിണറ്റില്‍കരയിട്ടു!!!...
അപ്പോഴും 'കൊക്ക് ഒരേ പല്ലവിതന്നെ....
"ങ്‌ളിബ്‌ടെ നിക്കാണ്ട്...പോയീന്‍...ബിരിയാണീന്റെ കാര്യം നോക്കീന്‍!!!.....
'ന്റെ..കാര്യം ഞമ്മള്..നോക്കീക്കോളാന്ന്!!!!...
'പോയീന്‍..പോയീ ബിരിയാണീന്റെ കാര്യം നോക്കീന്‍!!...
എനിക്കെന്തോ 'കൊക്കിന്റെ' ഈ പറച്ചലില്‍ ഒരു പന്തികേടു തോന്നാതിരുന്നില്ല...
തിരക്കിനിടയില്‍ വേവുന്ന ബിരിയാണിച്ചെമ്പിനടുത്തെത്തിയപ്പോള്‍...
പാവം...'പരിശുദ്ധനായ കുരിയാക്കോസേട്ടന്‍ വെള്ളംകൂടി...പായസമായിമാറിയ..ബിരിയണിചെമ്പിനുമുന്നില്‍ ഇരുകൈകളും വിരിച്ചുപിടിച്ച് പ്രാര്‍ത്ഥിയ്ക്കുകയാണ്..
"കാനായിലെ..കല്യാണവിരുന്നില്‍...
വെള്ളംവീഞ്ഞാക്കി മാറ്റിയ കര്‍ത്താവേ...
ഞങ്ങളുടെ..ഈ കല്യാണവിരുന്നിലും.... "
".............................."
എനിക്കെല്ലാം മനസ്സിലായി...
"കൊക്ക് കൗശലക്കാരന്‍തന്നെ!!!!
ലേബലുകള്‍: കൊക്ക് പറക്കുംവഴിയേ....എപ്പിസോഡ്-1